കുടുംബാരോഗ്യ കേന്ദ്രം കെട്ടിടങ്ങൾ ‘അൺഫിറ്റ്’
Mail This Article
ആലപ്പാട്∙ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ പഴയ 4 കെട്ടിടങ്ങൾ ഉപയോഗശൂന്യമായി. പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.പഴയ ഒപി കെട്ടിടം, ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടയുള്ള കെട്ടിടങ്ങളിൽ ആരോഗ്യ വകുപ്പ് ‘അൺഫിറ്റ്’ എന്ന ലേബൽ പതിച്ചു. പൊതുജനാരോഗ്യ വകുപ്പിന്റെ ഓഫിസ് മഴ പെയ്താൽ ചോർന്നൊലിക്കുന്നതിനാൽ മുകളിൽ ടാർപാളിൻ ഷിറ്റുകൾ വലിച്ചുകെട്ടിയിരിക്കുകയാണ്.
ഡോക്ടേഴ്സ് ക്വാർട്ടേഴ്സിന്റെ ചുറ്റിലും പുല്ലു നിറഞ്ഞു. സമീപത്തെ മോട്ടർ ഷെഡും ശോച്യാവസ്ഥയിലാണ്. ജിർണിച്ച കെട്ടിടത്തിലാണ് ആശുപത്രി അഡ്മിനിസ്ട്രേഷൻ പ്രവർത്തിക്കുന്നത്. വാഹനപാർക്കിങ് സൗകര്യവുമില്ല.അൺഫിറ്റ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റി 10 കോടി രൂപ ബജറ്റിൽ പുതിയ ആശുപത്രി കെട്ടിടം പണിയുന്നതിനു ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ നിന്നോ നമ്പാർഡിൽ നിന്നോ ഫണ്ടുകൾ ലഭിക്കുന്നതനുസരിച്ചായിരിക്കും നിർമാണം. സി.സി.മുകുന്ദൻ എംഎൽഎ ഇടപെട്ടതിനെ തുടർന്നു തിരുവനന്തപുരത്തു നിന്നു മരാമത്ത് വകുപ്പ് ഡിസൈനിങ് വിങ് ഉദ്യോഗസ്ഥരെത്തി ഡിസൈൻ തയാറാക്കിയിട്ടുണ്ട്.