ആറ്റപ്പാടം എലിസബത്ത് ഗാർഡൻ 40 വീട്ടുകാർക്ക് ഇന്ന് ആധാരം കൈമാറും
Mail This Article
കൊരട്ടി ∙ ആറ്റപ്പാടം എലിസബത്ത് ഗാർഡനിലെ 40 വീടുകളിൽ താമസിക്കുന്നവർക്ക് ഇന്ന് ആധാരം കൈമാറും. കാൽ നൂറ്റാണ്ട് മുൻപ് ചെറുപുഷ്പ സഭ സുപ്പീരിയർ ജനറാൾ ആയിരുന്ന ഫാ. റോബർട്ട് കളാരന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ താമസിച്ചു വന്നിരുന്ന ഭൂരഹിതരിൽ നിന്ന് അർഹരായവരെ കണ്ടെത്തി ഇവിടെ വീടു നിർമിച്ചു നൽകുകയായിരുന്നു.
3 സെന്റ് സ്ഥലവും വീടുമാണ് എലിസബത്ത് ഗാർഡനിൽ ഈ കുടുംബങ്ങൾക്കായി നൽകിയത്. വഴിയും ശുദ്ധജല ലഭ്യതയ്ക്കായി പൊതുകിണറും ഒരുക്കി. 1999ൽ നിർമിച്ച വീടുകൾ 2001ൽ കൈമാറിയെങ്കിലും ഉടമസ്ഥാവകാശം നൽകിയിരുന്നില്ല. 3 വർഷങ്ങൾക്കു മുൻപ് ഫാ. റോബർട്ട് കളാരൻ അന്തരിച്ചു.
മരണശേഷം അദ്ദേഹത്തിന്റെ സഭ 40 കുടുംബങ്ങൾക്കും ആധാരം നൽകുവാൻ തീരുമാനിച്ചു. ഫാ. ആന്റണി കണ്ണമ്പിള്ളിയുടെ നേതൃത്വത്തിൽ റജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി. പൊതുവഴിയാക്കിയിട്ടുണ്ട്. വീടുകൾക്ക് നേരത്തെ ശുദ്ധജല കണക്‌ഷനും ലഭിച്ചിട്ടുണ്ട്.