ഒറ്റമുറിവീട്ടിലെ താമസം; ഒറ്റവാക്കിൽ പറഞ്ഞാൽ ദയനീയം
Mail This Article
മുല്ലശേരി ∙ തകർന്നു വീഴാായ ഒറ്റമുറി വീട്ടിൽ സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയും കാത്ത് കഴിയുകയാണ് പഞ്ചായത്തിലെ എട്ടാം വാർഡ് മതുക്കര സ്വദേശി പാണന്തറ ഹരിദാസനും (64) ഭാര്യ ദേവയാനിയും.(62) ഞായറാഴ്ച ശക്തമായി വീശിയ കാറ്റിൽ മരം വീണ് ഉള്ള വീടിന്റെ മേൽക്കൂര തകർന്നതോടെ ജീവിതം കൂടുതൽ ദുരിതത്തിലായി .
സമീപത്തെ പറമ്പിലെ പ്ലാവ് കടപുഴകി വീണാണ് മേൽക്കൂര തകർന്നത്. അപകട സമയത്ത് ഇവർ രണ്ടുപേരും വീട്ടിലുണ്ടായിരുന്നെങ്കിലും വീടിന്റെ പിൻഭാഗത്തായിരുന്നതിനാൽ ലൈഫിനായി കാത്തിരിക്കുന്നവരുടെ ജീവൻ തൽക്കാലം രക്ഷപ്പെട്ടു. ദുരിത പൂർണമാണ് ഇവരുടെ ജീവിതം. ദേവയാനി 4 വർഷമായി കാൻരോഗത്തിന് ചികിത്സയിലാണ്.
തൃശൂർ മെഡിക്കൽ കോളജിലാണ് ചികിത്സ. മൺ ഇഷ്ടിക കൊണ്ട് നിർമിച്ച കൂരയിൽ വേണ്ടത്ര സുരക്ഷിതത്വമില്ലാതെയാണ് ഇവർ ദിവസങ്ങൾ തള്ളി നീക്കുന്നത്. മരുന്നിന് തന്നെ നല്ലൊരു തുക വേണം. സാമൂഹിക സുരക്ഷ പെൻഷനും കാൻസർ രോഗികൾക്ക് മാസം തോറും ലഭിക്കുന്ന 1000 രൂപയും മാത്രമാണ് ഇവരുടെ ആശ്രയം.
ഇപ്പോൾ ഏതാനും മാസങ്ങളായി ഇതും കൂടി മുടങ്ങിയതോടെ കൂടുതൽ ദുരിതത്തിലായി. ദേവയാനിയെ ശുശ്രൂഷിക്കാനുള്ളതിനാൽ ഹരിദാസന് ജോലിക്കും പോകാൻ കഴിയാത്ത സ്ഥിതിയാണ്. രോഗത്തോട് മല്ലിട്ടു കഴിയുന്നതിനാൽ വൃത്തിയുള്ളതും സുരക്ഷതവുമായ വീട്ടിലേക്ക് മാറണമെന്നാണ് ഇവരുടെ ആഗ്രഹം.
ഇതിനായി പല തവണ ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷ നൽകിയെങ്കിലും സർക്കാരോ പഞ്ചായത്തോ കനിഞ്ഞില്ല. സാങ്കേതിക കാരണങ്ങൾ പലതും പറഞ്ഞു അപേക്ഷ നിരസിക്കുകയാണ്.