കരിച്ചാൽക്കടവ് പാലം പണി വീണ്ടും തുടങ്ങുന്നു; പുതിയ കരാറുകാരൻ നിർമാണം ഏറ്റെടുത്തു
Mail This Article
പെങ്ങാമുക്ക് ∙ പാതിവഴിയിൽ നിർമാണം നിലച്ച കരിച്ചാൽക്കടവ് പാലം പണി പുനരാരംഭിക്കുന്നു. എ.സി.മൊയ്തീൻ എംഎൽഎ മുൻകയ്യെടുത്ത് നടത്തിയ ചർച്ചകൾക്കൊടുവിൽ പുതിയ കരാറുകാരൻ നിർമാണ ചുമതല ഏറ്റെടുത്തത്. ഇന്ന് നിർമാണം പുനരാരംഭിക്കും.ഇന്ന് 4 ന് കാട്ടകാമ്പാൽ പഞ്ചായത്തിൽ കോൾപടവ് പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. പലതവണ നിർമാണം തുടങ്ങുകയും പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത കരിച്ചാൽക്കടവ് പാലം പണി ഇത്തവണയെങ്കിലും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കർഷകരും നാട്ടുകാരും.
കാട്ടകാമ്പാൽ
വടക്കേക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കാനായി നൂറാടിതോടിന് മുകളിലൂടെ പാലം പണിയാനായിരുന്നു പദ്ധതി. നടപ്പാലം മാത്രമായിരുന്ന കരിച്ചാൽക്കടവിൽ 2005 ലാണ് ആദ്യം പാലം പണിയാൻ പദ്ധതിയിട്ടത്. എന്നാൽ അന്ന് പാലം പണി പാതിവഴിയിൽ നിലച്ചു. പിന്നീട് 2018 ൽ പാലവും ചെക്ക് ഡാമും നിർമിക്കാൻ സർക്കാർ പദ്ധതിയിട്ടു. ഇതിനായി ഒൻപതര കോടി അനുവദിച്ചു. ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടതെങ്കിലും 3 വർഷം കഴിഞ്ഞും നിർമാണം പൂർത്തിയായില്ല. ഇതോടെ കരാറുകാരനെ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഇപ്പോൾ നിർദിഷ്ട പാലത്തിന് സമീപത്തെ നടപ്പാലം മാത്രമാണ് നാട്ടുകാർക്ക് ആശ്രയം. വെള്ളം നിറഞ്ഞു നിൽക്കുന്ന ഈ നടപ്പാലത്തിലൂടെ അപകടകരമായ രീതിയിലാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. പുതിയ കരാറുകാരൻ പാലംപണി ഏറ്റെടുക്കുന്നതോടെ ഇത്തവണയെങ്കിലും നിർമാണം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.