ADVERTISEMENT

തൃശൂർ ∙ ബെനാമി വായ്പകൾക്കു കമ്മിഷൻ പറ്റാൻ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരിലുണ്ടെന്നാരോപിക്കപ്പെടുന്ന രണ്ട് അക്കൗണ്ടുകളിലെ മുഴുവൻ തുകയും പിൻവലിക്കപ്പെട്ടതായി സൂചന.  ബാങ്ക് തട്ടിപ്പു പുറത്തുവന്ന് ഏതാനും ദിവസത്തിനകം ഈ അക്കൗണ്ടുകളിലെ 90% തുകയും പിൻവലിക്കപ്പെട്ടു. ശേഷിച്ചിരുന്ന ചെറിയ തുക വിവിധ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്തെന്നാണു സൂചന.  ചോദ്യംചെയ്യലിനു ഹാജരായ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനോട് ഈ അക്കൗണ്ട് നമ്പറുകളടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇ.ഡി സംഘം പ്രതികരണം തേടിയെങ്കിലും  അറിയില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു സൂചനയുണ്ട്. 

ബാങ്കിൽ നിന്നു നൂറ‍ിലേറെ ബെനാമി അക്കൗണ്ടുകളിലേക്ക് 50 ലക്ഷം രൂപ വരെയുള്ള തുകകൾ വായ്പയായി പാസാക്കി നൽകിയിട്ടുണ്ടെന്ന് ഇ.ഡി അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. ഇവ പാസാക്കിയതു പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഓരോ വായ്പയ്ക്കും ജില്ലാ കമ്മിറ്റിയുടെ രഹസ്യ അക്കൗണ്ടുകളിലേക്കു നിശ്ചിത തുക വീതം കമ്മിഷനായി നൽകിയെന്നും ബാങ്ക് സെക്രട്ടറി അടക്കമുള്ളവർ വാക്കാൽ മൊഴി നൽകിയിരുന്നു. കമ്മിഷൻ കൈമാറിയ അക്കൗണ്ട് നമ്പറുകളും പറഞ്ഞുകൊടുത്തു.എന്നാൽ, ഈ അക്കൗണ്ടുകൾ പാർട്ടി ജില്ലാ നേതൃത്വം നേരിട്ടു നിയന്ത്രിച്ചിരുന്നവയാണെന്നു തെളിയിക്കാൻ കഴിയുന്ന രേഖകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ജില്ലാ കമ്മിറ്റിക്കു പുറമേ ലോക്കൽ കമ്മിറ്റികൾക്കും ബാങ്കിൽ അക്കൗണ്ടുണ്ടായിരുന്നു. ഇവയിലൂടെ നടന്ന ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. എന്നാൽ, അക്കൗണ്ടുകളുടെ വിവരങ്ങളൊന്നും തനിക്കറിയില്ലെന്ന നിലപാടിൽ എം.എം. വർഗീസ് ഉറച്ചുനിൽക്കുന്നതിനാൽ ചോദ്യംചെയ്യലിൽ കാര്യമായ പുരോഗതിയില്ല.

കരുവന്നൂർ: എം.എം.വർഗീസിനെ മൂന്നാമതും വിളിപ്പിച്ച് ഇ.ഡി
കൊച്ചി∙ തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം.എം.വർഗീസിനെ മൂന്നാമതും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് നൽകി.ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ചൊവ്വാഴ്ച ഹാജരാവാനാണു നിർദേശിച്ചിട്ടുള്ളത്.കരുവന്നൂർ ബാങ്കിൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റിക്ക് 2 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന സാക്ഷിമൊഴിയുടെ നിജസ്ഥിതി പരിശോധിക്കുകയാണ് ഇ.ഡി. ഇതിന്റെ തെളിവുകൾ ലഭിക്കുന്ന മുറയ്ക്കു പാർട്ടിയുടെ പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യും.ബാങ്കിൽ നിന്ന് അനധികൃതമായി വായ്പ ലഭിക്കുന്നവർ പാർട്ടിക്കു കമ്മിഷൻ നൽകിയിരുന്നതായാണു സാക്ഷി മൊഴി. കേസിലെ ചില പ്രതികളും ഇതേ സാക്ഷി മൊഴി ആവർത്തിച്ചിട്ടുണ്ട്.കരുവന്നൂർ ബാങ്കിൽ നിന്നു ബെനാമി വായ്പകൾ അനുവദിക്കാൻ പാർട്ടിയുടെ രണ്ട് ഉപസമിതികൾ പ്രവർത്തിച്ചിരുന്നതായും ഇ.ഡിക്കു മൊഴി ലഭിച്ചിരുന്നു. ഇക്കാര്യം ഇ.ഡി. വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com