ജില്ലാ സ്കൂൾ കലോേത്സവം പതിവുപോലെ വൈകി
Mail This Article
തൃശൂർ ∙ പതിവു തെറ്റിച്ചില്ല! ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മിക്ക സ്റ്റേജ് മത്സരങ്ങളും തുടങ്ങിയതും അവസാനിച്ചതും ഏറെ വൈകി. ഒന്നാമത്തെയും പ്രധാന വേദിയുമായ ചെമ്പൂക്കാവ് ഹോളി ഫാമിലി ഹൈസ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ രാവിലെ 9നു തുടങ്ങേണ്ടിയിരുന്ന യുപി വിഭാഗം ഭരതനാട്യം തുടങ്ങിയതു 10 മണിയോടെ. മത്സരം തീർന്നത് ഉച്ചയ്ക്ക് 2ന്. ഉച്ചഭക്ഷണത്തിനു ശേഷം ഹൈസ്കൂൾ പെൺകുട്ടികളുടെ ഭരതനാട്യം തുടങ്ങിയത് വൈകിട്ടു 3നു ശേഷവും. ചെസ്റ്റ് നമ്പറുകൾ വാങ്ങിയ ശേഷം മത്സരാർഥികൾ വേദിക്കു സമീപം ഇല്ലാതിരുന്നതോടെ സംഘാടകർക്കു അനൗൺസ്മെന്റ് വരെ നടത്തേണ്ടി വന്നു. വേദി 13–ആയ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിരക്കളി തുടങ്ങേണ്ടിയിരുന്നതു രാവിലെ 9നായിരുന്നു. എന്നാൽ മത്സരം ആരംഭിച്ചപ്പോൾ 11 കഴിഞ്ഞു. ഇതിനനുസരിച്ചു യുപി, എച്ച്എസ്എസ് വിഭാഗങ്ങളുടെയും തിരുവാതിരക്കളി വൈകി. ഗ്രൂപ്പ് ഇനങ്ങളായ ഒപ്പന, കോൽക്കളി, നാടകം എന്നിവയും പല വേദികളിലായി വൈകി. ഒപ്പന നടന്ന മിഷൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ്സ് സ്കൂളിലെ വേദി 5ൽ മൈക്ക് ഓപ്പറേറ്റർ ഇല്ലാഞ്ഞതോടെ മത്സരം 2 മണിക്കൂർ വൈകിയാണു തുടങ്ങിയത്.