‘ഉമ്മൻചാണ്ടി ചെയ്തതു പോലെയാകുമെന്നു കരുതിയാണ് നവ കേരള സദസ്സിലേക്കു വന്നത്, പക്ഷേ’...
Mail This Article
തൃശൂർ ∙ ഉമ്മൻ ചാണ്ടി ചെയ്തതു പോലെ ഓരോരുത്തരെയും അടുത്തുവിളിച്ചു പരാതി കേൾക്കുമെന്നു കരുതിയാണ് താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള സദസ്സിലേക്കു വന്നതെന്നും പരാതി കൗണ്ടറിൽ കൊടുത്തിട്ട് കാര്യമില്ലെന്നു മുൻ അനുഭവങ്ങളിൽ നിന്നു മനസ്സിലായതിനാലാണ് മുഖ്യമന്ത്രിയെ നേരിൽക്കാണാൻ ശ്രമിച്ചതെന്നും ആര്യംപാടം പാലത്തുംവീട്ടിൽ പി.എം.റഫീഖ്.കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചയുടൻ ‘മുഖ്യമന്ത്രീ, എനിക്കൊരു പരാതിയുണ്ട്..’ എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടു റഫീഖ് വേദിക്കു സമീപത്തെ ബാരിക്കേഡിനു മുൻപിലേക്ക് ഓടിയെത്തുകയും പൊലീസുകാർ ഇദ്ദേഹത്തെ പിടിച്ചുമാറ്റുകയുമായിരുന്നു.
പിടിച്ചുമാറ്റിയ പൊലീസുകാർ പരാതി വാങ്ങിച്ച് നടപടി ഉറപ്പു നൽകിയിട്ടുണ്ടെന്ന് റഫീഖ് പറഞ്ഞു. എന്നാൽ, ഈ പരാതി ഇന്നലെ വൈകിട്ട് വരെ ലഭിച്ചിട്ടില്ലെന്നു വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി അറിയിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വ്യാപാരം നടത്തുന്ന റഫീഖ് ഇപ്പോഴത്തെ കെട്ടിടത്തിനു മുകളിൽ പഞ്ചായത്ത് അനുമതിയോടെ നിർമിച്ച മുറികൾക്ക് നമ്പറിട്ടു കിട്ടണമെന്ന ആവശ്യവുമായി 8 വർഷത്തോളമായി ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഇതിനിടെ മുണ്ടത്തിക്കോട് പഞ്ചായത്ത് വടക്കാഞ്ചേരി നഗരസഭയുടെ ഭാഗമായി. അതിന്റെ പേരിൽ അപേക്ഷ വീണ്ടും കൊടുക്കേണ്ടി വന്നു.
ഒരുദ്യോഗസ്ഥ 2000 രൂപ കൈക്കൂലി ചോദിച്ചതു ചൂണ്ടിക്കാട്ടി 2018ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും ആ പരാതി അന്വേഷണത്തിന് തിരികെ അതേ ഓഫിസിൽ തന്നെ എത്തിയതായും റഫീഖ് പറയുന്നു. എന്തിനു മുഖ്യമന്ത്രിക്ക് പരാതി അയച്ചു എന്നു ചോദിച്ചായിരുന്നു പിന്നീട് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിച്ചതെന്നും റഫീഖ് ആരോപിച്ചു. താഴത്തെ നില 1998ൽ നിർമിച്ചതാണെന്നാണു രേഖയിലുള്ളത് എന്നു വിവരാവകാശ നിയമ പ്രകാരം റഫീഖിനു മറുപടി കൊടുത്ത വടക്കാഞ്ചേരി നഗരസഭ, മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ചോദ്യത്തിന്, ഇത് 2013ൽ പണി കഴിപ്പിച്ചതാണെന്ന മറുപടി നൽകി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 5 തവണ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ ധരിപ്പിക്കാനാണു താൻ ശ്രമിച്ചതെന്നും റഫീഖ് പറയുന്നു.