ADVERTISEMENT

കൊടുങ്ങല്ലൂർ ∙ മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസുകളിലൊന്നായ പടാകുളത്തിൽ നിന്നു മാലിന്യം ശേഖരിച്ചു നീക്കി. മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി നഗരസഭ ജീവനക്കാരും കൗൺസിലർ ടി.എസ്.സജീവന്റെ നേതൃത്വത്തിൽ സമീപവാസികളും ചേർന്നാണ് മാലിന്യം നീക്കം ചെയ്തത്. 10 ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ്  കുളത്തിൽ നിന്നു നീക്കം ചെയ്തത്. കടുത്ത വേനലിലും വറ്റാത്ത കുളം സംരക്ഷിക്കാൻ നടപടിയൊന്നുമില്ലാതെ കിടക്കുകയാണ്. ഇതിനിടിയൽ കഴിഞ്ഞ മാസം കുളത്തിലെ മീൻ ചത്തു പൊന്തി. ഇതോടെ നാട്ടുകാർ പരാതി ഉന്നയിച്ചതോടെയാണ് മാലിന്യം നീക്കം ചെയ്യാൻ നഗരസഭ മുന്നോട്ട് വന്നത്.  മലിനജലം കുളത്തിലേക്ക് ഒഴുക്കി വിടുന്ന മൂന്നു പൈപ്പുകൾ കണ്ടെത്തി. പരിസരത്തു പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളും ഒരു വീട്ടുകാരുമാണ് മലിനജലം കുളത്തിലേക്ക് ഒഴുക്കിയത്. ഇവർക്കു നഗരസഭ നോട്ടിസ് നൽകി. കുളത്തിലേക്ക് മാലിന്യം വലിച്ചെറിയുകയോ ഒഴുക്കി വിടുകയോ ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതർ മുന്നറിയിപ്പ് നൽകി. 

 പടാകുളം സംരക്ഷിക്കണമെന്ന് ഏറെ നാളുകളായുള്ള ആവശ്യമാണ്. നഗരസഭയുടെ അധീനതയിലാണ് പടാകുളം. മൂന്നര ഏക്കറിലേറെ വിസ്തൃതിയുള്ള കുളം സംരക്ഷിക്കാൻ രണ്ടു പതിറ്റാണ്ടു മുൻപ് ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകൾ പദ്ധതി തയാറാക്കിയതാണ്. കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കാൻ നീക്കം തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. കുളത്തിന്റെ പഴയകാല പെരുമ ഇപ്പോൾ നഷ്ടപ്പെട്ടു. പ്രദേശത്തെ ഒട്ടേറെ ആളുകൾ കുളിക്കാറുള്ളത് പടാകുളത്തിലാണ്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി കുളം സംരക്ഷിക്കാൻ ഒന്നും ചെയ്യാറില്ലായിരുന്നു.  മേത്തല പഞ്ചായത്തിന്റെ പരിധിയിലായിരുന്നപ്പോൾ കുളം വറ്റിച്ചു ചെളി വാരി വൃത്തിയാക്കുന്നതു പതിവായിരുന്നു. നഗരസഭയ്ക്കു കീഴിലായതിനു ശേഷം കുളം സംരക്ഷണത്തിനുവേണ്ടി കാര്യമായ നടപടിയില്ല. കുളത്തിൽ മീൻ വളർത്തുന്നതിനുള്ള അവകാശം ലേലം ചെയ്യുന്ന വകയിൽ നഗരസഭയ്ക്കു ലക്ഷങ്ങളാണ് ലഭിക്കുന്നത്.

ഇൗ തുക പോലും ഏറ്റവും വലിയ ജലാശയത്തിന്റെ സംരക്ഷണത്തിന് ഉപയോഗിക്കുന്നില്ല. കടുത്ത വേനലിലും പ്രദേശത്തെ കിണറുകളിലെല്ലാം വെള്ളം വറ്റാത്തതു കുളത്തിൽ നിറയെ വെള്ളമുള്ളതിനാലാണ്. കൊച്ചി രാജ്യത്തിന്റെ പ്രത്യേക ഉത്തരവിന്റെ പിൻബലത്തിൽ ജാതി മതഭേദമന്യേ ഏവർക്കും കുളിക്കാൻ അവസരം കിട്ടിയ കുളമെന്ന ചരിത്ര പ്രാധാന്യവും ഇതിനുണ്ട്. സഹോദരൻ അയ്യപ്പൻ മന്ത്രിയായിരിക്കെയാണ് പടാകുളം ഏവർക്കും ഉപയോഗിക്കാൻ അനുവദിച്ചത്. ശൃംഗപുരം ശിവക്ഷേത്രത്തിലെയും ടികെഎസ് പുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെയും ആറാട്ട് പടാകുളത്തിലാണ്. ചരിത്ര പ്രാധാന്യം കൊണ്ടും വറ്റാത്ത ജല സ്രോതസ് എന്നതിനാലും അവഗണിക്കാനാകാത്ത കുളത്തെ അധികൃതർ പലപ്പോഴും മറക്കുകയാണ്. കുളത്തിന്റെ നാലു ചുറ്റും കരിങ്കൽ ഭിത്തി കെട്ടുകയും എല്ലാ വർഷവും കുളം വൃത്തിയാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നതും മരങ്ങൾ വെട്ടിയിടുന്നതും മൂലം ഓരോ ദിവസം കഴിയുന്തോറും കുളത്തിലെ വെള്ളം മലിനമാകുകയാണ്. ദിവസം തോറും നൂറുകണക്കിനു ആളുകൾ ഉപയോഗിച്ചിരുന്ന കുളം ഇന്ന് ആരും ഉപയോഗിക്കാതെ ആയി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com