കരുവന്നൂർ: ജോഷിയുടെ സമരം ഫലിച്ചു; 28 ലക്ഷത്തിന്റെ ചെക്ക് കയ്യിൽ
Mail This Article
ഇരിങ്ങാലക്കുട (തൃശൂർ) ∙ കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ മാപ്രാണം വടക്കേത്തല ജോഷിയുടെ 28 ലക്ഷം രൂപ ബാങ്ക് അധികൃതർ തിരികെ നൽകി. കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപം 3 മാസത്തിനുള്ളിൽ തിരികെ നൽകുന്ന കാര്യം ഇന്നു നടക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും.
ഇന്നലെ വൈകിട്ട് 4.45ന് കരുവന്നൂർ ബാങ്കിന്റെ മാപ്രാണം ശാഖയിൽ എത്തിയ ജോഷി, തന്റെ നിക്ഷേപം തിരികെ കിട്ടാതെയും കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപം എന്നു തരുമെന്ന് ഉറപ്പു കിട്ടാതെയും പോകില്ലെന്നു നിർബന്ധം പിടിക്കുകയായിരുന്നു. ഒടുവിൽ രാത്രി ഒൻപതിനാണ് അദ്ദേഹം ചെക്കുമായി മടങ്ങിയത്.
മന്ത്രി വി.എൻ.വാസവന്റെ അറിയിപ്പ് അനുസരിച്ചാണ് ബാങ്കിൽ എത്തിയതെന്നു ജോഷി പറഞ്ഞു. നിക്ഷേപത്തുക കിട്ടിയിട്ടേ പോകുന്നുള്ളൂ എന്നു ജോഷി ഉറച്ച നിലപാട് എടുത്തതോടെ ബാങ്ക് സമയം കഴിഞ്ഞിട്ടും ജീവനക്കാർക്കു പോകാൻ സാധിച്ചില്ല.
ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ആർ.രാകേഷ് ചർച്ച നടത്തി ജോഷിയുടെ നിക്ഷേപത്തുക തിരികെ നൽകാൻ ധാരണയായെങ്കിലും കുടുംബാംഗങ്ങളുടെ പേരിലുള്ള തുക കൂടി തിരികെ വേണമെന്ന നിലപാടിൽ ജോഷി ഉറച്ചുനിന്നു. എസ്ഐ എം.എസ് ഷാജന്റെ നേതൃത്വത്തിൽ പൊലീസ് എത്തി സംസാരിച്ചെങ്കിലും ജോഷി അയഞ്ഞില്ല. രാത്രി എട്ടോടെ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ.ചന്ദ്രശേഖരൻ എത്തി സംസാരിച്ചു ചെക്ക് കൈമാറി.
നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്നു ജീവിതം വഴിമുട്ടിയതായി കാണിച്ച് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ജോഷി കത്തയച്ചിരുന്നു. 30ന് ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകണമെന്നു ജോഷി ആവശ്യപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ബൈജു കുറ്റിക്കാടൻ ജോഷിക്കൊപ്പം ഉണ്ടായിരുന്നു.