ഇരിങ്ങാലക്കുട കോടതി സമുച്ചയം രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം
Mail This Article
ഇരിങ്ങാലക്കുട∙ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമാണം ഇന്നു 10ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കെടുക്കും. 29.25 കോടി രൂപയുടെ നിർമാണം ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചു. 64 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. 1,68,555 ചതുരശ്ര അടിയിൽ ഏഴുനിലകളിൽ 10 കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഉൾപ്പെടുന്ന വിധത്തിലാണ് കോടതി സമുച്ചയം പൂർത്തിയാകുന്നത്.
ആറു നിലകളുടെ സ്ട്രക്ചർ ജോലികളാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയത്. ഏഴാം നിലയുടെ നിർമാണവും എല്ലാ നിലകളിലെയും വൈദ്യുതീകരണ ജോലികൾ ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിൽ പൂർത്തിയാകും. എല്ലാ നിലകളിലും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഉണ്ടായിരിക്കും.