കാർ യാത്രയിൽ ഒരു വശത്തേക്കു നിരക്ക് 110 രൂപ; തുരങ്കം വിഴുങ്ങുന്നത് ടോളിന്റെ 60% തുക
Mail This Article
കുതിരാൻ ∙ ദേശീയപാതയിലെ ടോൾ പിരിവിന്റെ 60% തുകയിലധികവും തുരങ്കത്തിലെ യാത്രയ്ക്കുവേണ്ടിയെന്ന് വിവരാവകാശ രേഖ. 28.5 കിലോമീറ്റർ ദൂരമുള്ള ദേശീയപാതയുടെ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ഭാഗത്തു യാത്രചെയ്യുന്നതിനുള്ള തുക സംബന്ധിച്ച വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കാർ യാത്രയിൽ ഒരു വശത്തേക്കു മാത്രം 110 രൂപയാണ് നിരക്ക്. ഇതിൽ ദേശീയപാതയിലെ 27.5 കിലോമീറ്റർ യാത്രയ്ക്ക് 38.26 രൂപയും തുരങ്കത്തിനുള്ളിലെ ഒരു കിലോമീറ്റർ മാത്രം യാത്ര ചെയ്യുന്നതിനു 69.85 രൂപയുമാണു ടോൾ ഈടാക്കുന്നതെന്നു വിവരാവകാശ രേഖയിൽ പറയുന്നു. വാണിയമ്പാറ പൂതുള്ളി വീട്ടിൽ പി.പി.ജോർജിനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ബസ്, മിനി ലോറി, ചരക്കു ലോറി എന്നിവയ്ക്കും ആനുപാതികമായി കൂടുതൽ നിരക്ക് തുരങ്കത്തിലെ യാത്രയ്ക്കുതന്നെയാണ്. അതേസമയം 6 മാസമായി കുതിരാനിൽ ഒരു തുരങ്കത്തിലൂടെ മാത്രമാണ് ഗതാഗതം. തുരങ്കത്തിലൂടെയുള്ള യാത്രക്ക് ഇനിയും 4 മാസം കൂടി നിയന്ത്രണമുണ്ടാവും. തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്ത സാഹചര്യത്തിൽ ടോൾപിരിവിൽ ആനുപാതികമായി കുറവു നൽകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവികൊണ്ടില്ല. ടോളിൽ ഇളവ് നൽകിയാൽ സ്വകാര്യ ബസ്സുകൾക്കു ദിവസേന 1000 രൂപ മുതൽ 1500 രൂപ വരെ ടോളിൽ കുറവ് ലഭിക്കും.