ADVERTISEMENT

ചാലക്കുടി ∙ ദേശീയപാത പരിപാലന ചുമതലയുള്ള കരാറുകാരോടും അതിന്റെ മേൽനോട്ടം വഹിക്കേണ്ട ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടുമാണു ജനത്തിന്റെ ചോദ്യം. ഈ ടാറിലെന്താ മായമുണ്ടോ? ഇല്ലെങ്കിൽ ടാറിങ് നടത്തി വൈകാതെ റോഡ് മുഴച്ചു പൊന്തുന്നത് എന്താണ്? ടാർ പാളി പാളിയായി അടർന്നു മാറുകയോ നെടുകെ വിണ്ടു കീറി അപകടാവസ്ഥയിലാകുകയോ ചെയ്യുന്നത് എന്താണ്? ടാറിങ്ങിന്റെ അപാകത മനുഷ്യജീവൻ കവർന്നിട്ടും പരിഹാരത്തെ കുറിച്ച് ഗൗരവത്തിൽ ചിന്തിക്കാത്തത് എന്താണ്? ഇടയ്ക്കിടെ താൽക്കാലിക പരിഹാരം കാണുന്നതിൽ ഒതുക്കാമോ പ്രശ്നം?

പഞ്ചായത്തിൽ ടാറിങ് ഇളകി കുണ്ടും കുഴിയുമായതിനെ തുടർന്ന് നാട്ടുകാർ വാഹന ഗതാഗതം തടഞ്ഞ കണ്ണൻകുഴി മേഖലയിലെ ഇടറോഡ്.
പഞ്ചായത്തിൽ ടാറിങ് ഇളകി കുണ്ടും കുഴിയുമായതിനെ തുടർന്ന് നാട്ടുകാർ വാഹന ഗതാഗതം തടഞ്ഞ കണ്ണൻകുഴി മേഖലയിലെ ഇടറോഡ്.

അങ്കമാലി- മണ്ണുത്തി നാലുവരിപ്പാതയിൽ തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ റോഡ് മുഴച്ചു പൊന്തുന്നു. സർവീസ് റോഡുകളുടെ കാര്യവും സമാനമാണ്. ടാറിങ് പാളിയായി അടർന്നു മാറിയാലും പരിഹാരത്തിന് മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്.പോട്ടയിൽ ദേശീയപാത സർവീസ് റോഡിലാണ് റോഡ് വൻ തോതിൽ മുഴച്ചു പൊന്തിയിരിക്കുന്നത്. മറ്റു പലയിടങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. 

ഇരുചക്ര വാഹന യാത്രികരാണ് ഇതു കാരണം പ്രധാനമായും അപകടങ്ങളിൽ പെടുന്നത്. അപകടാവസ്ഥ കണ്ട് വാഹനം വെട്ടിക്കുന്നതോടെ നിയന്ത്രണം വിട്ടു മറിയുകയോ മറ്റു വാഹനങ്ങളിൽ ഇടിക്കുകയോ ചെയ്യുന്നു. പ്രശ്നത്തിൽ പരിഹാരം കാണാത്തതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

നടക്കാൻ പോലും വയ്യ!
അതിരപ്പിള്ളി ∙ പഞ്ചായത്തിലെ ഇടറോഡുകളിലെ ടാറിങ് ഇളകി കാൽനട പോലും ദുഷ്കരമായതായി പരാതി.നവീകരണം വൈകിയതും കുടിവെള്ള പദ്ധതി പൈപ്പുകൾ സ്ഥാപിക്കുന്നതിന് കുഴിച്ചതുമാണ് റോഡിന്റെ തകർച്ചയ്ക്ക് ഇടയാക്കിയത്.  അരൂർമുഴി ചർച്ച് റോഡ്,കാളിയൻ റോഡ്, കണ്ണൻകുഴി ഇരുമുള്ളും കടവ് റോഡ് തുടങ്ങിയവ തകർച്ചയുടെ അവസാന ഘട്ടത്തിലാണ്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ പ്രദേശവാസികൾ ഗതാഗതം നിരോധിച്ച സംഭവങ്ങളുമുണ്ടായി.

 ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ റിസോട്ടുകളിലേക്കു യാത്ര ചെയ്യുന്ന വെള്ളച്ചാട്ടം പരിസര പ്രദേശങ്ങളിലെ റോഡുകളെല്ലാം ഗതാഗത യോഗ്യമല്ലാതായിട്ട്് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. റോഡ് ടാറിങ് നടത്തുന്നതിനായി പലവട്ടം ടെൻഡർ വിളിച്ചെങ്കിലും കരാറെടുക്കാൻ ആരും തയാറായില്ലെന്നും സൂചനയുണ്ട്.

നിർമാണ മേഖലയിലെ മറ്റു ജോലികൾ ചൂണ്ടിക്കാട്ടി ടാറിങ് കരാറുകാരുടെ തലയിൽ കെട്ടിവയ്ക്കാൻ  ശ്രമം നടക്കുന്നതായും പറയുന്നു.ഇടറോഡുകൾ സഞ്ചാരയോഗ്യമാക്കി മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ബിജെപി അതിരപ്പിള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തംഗം സനീഷ ഷെമി,ബിജെപി (പ്രസി) ഉണ്ണി കെ പാർത്ഥൻ,(സെക്ര) മധു ചിത്രക്കുന്നേൽ,അശോകൻ കൈതവളപ്പിൽ എന്നിവർ പ്രസംഗിച്ചു.

English Summary:

What causes the road to bulge immediately after tarring?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com