കൊരട്ടിയിൽ ജലജീവൻ മിഷൻ പൈപ്പിടാൻ പൊളിച്ചിട്ടു; വർഷം കഴിഞ്ഞിട്ടും നന്നാക്കാതെ നാലുകെട്ട് – ഇരട്ടച്ചിറ റോഡ്
Mail This Article
കൊരട്ടി ∙ പഞ്ചായത്തിലെ നാലുകെട്ട്- ഇരട്ടച്ചിറ റോഡ് ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ പൊളിച്ച റോഡിന്റെ നിർമാണം ഒരു വർഷമായിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ഇരമ്പി. ചാലക്കുടിയിലെ ജല അതോറിറ്റി ഓഫിസിൽ വീട്ടമ്മമാർ ഉൾപ്പെടെ പ്രദേശവാസികൾ ഇരച്ചെത്തി എക്സി. എൻജിനീയറുടെ മുൻപിൽ കുത്തിയിരിപ്പും ഉപരോധ സമരവും നടത്തി.ഇനിയും പൈപ്പ് കണക്‌ഷൻ ലഭിച്ചില്ലെന്നും പൊളിഞ്ഞു കിടക്കുന്ന റോഡ് അപകടങ്ങൾക്കും ദുരിതയാത്രയ്ക്കും വഴിയൊരുക്കുന്നതായും സമരക്കാർ അറിയിച്ചു.മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനു ശേഷം ശുദ്ധജല കണക്‌ഷനുകൾ ഇന്നു മുതൽ നൽകാൻ തുടങ്ങുമെന്നും അടുത്തയാഴ്ച റോഡ് അറ്റകുറ്റപ്പണികൾ ആരംഭിക്കാമെന്നും അധികൃതർ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ജല അതോറിറ്റി എക്സി. എൻജിനീയർ വിന്നി പോൾ, അസി. എക്സി. എൻജിനീയർ കെ.കെ.വാസുദേവൻ എന്നിവരെയാണ് ഓഫിസിൽ ഉപരോധിച്ചത്. റോഡിന്റെ ശോച്യാവസ്ഥ മൂലം കാൽനടയാത്ര പോലും അസാധ്യമാണെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, പഞ്ചായത്ത് അംഗങ്ങളായ ജിസി പോൾ, ഷിമ സുധിൻ, റെയ്മോൾ ജോസ്, സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.പി.തോമസ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡെന്നീസ് കെ. ആന്റണി, സിപിഐ മണ്ഡലം സെക്രട്ടറി ഇൻ ചാർജ് എം.വി.ഗംഗാധരൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി.വി.രാമകൃഷ്ണൻ, കോൺഗ്രസ് പ്രതിനിധി ജോഷി വല്ലൂരാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ ഉപരോധിച്ചത്. ഉദ്യോഗസ്ഥർ കരാറുകാരനെ ഫോണിൽ ബന്ധപ്പെട്ടു പരിഹാര നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശിച്ചു.