അടിപ്പാത മേല്‍പാലം നിര്‍മാണത്തിന് തുടക്കം
Mail This Article
കൊരട്ടി ∙ ദേശീയപാതയിൽ വാളയാർ മുതൽ അങ്കമാലി വരെയുളള 10 അടിപ്പാതകളുടെ നിർമാണത്തിന് തുടക്കമായി. അനുവദിച്ച 11 അടിപ്പാതകളിൽ കൊരട്ടിയിലേതു 3 സ്പാനോടു കൂടിയ മേൽപാലമായി നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ നിർമാണവും ആരംഭിച്ചു.നിർമാണം നടത്തുന്ന സ്ഥലത്തെ മണ്ണിന്റെ ഗുണമേന്മയും മണ്ണിലെ ജലാംശത്തിന്റെ സാധ്യതയും പരിശോധിക്കുന്നതിന്റെ പൈലിങ് ജോലികളാണ് കൊരട്ടിയിൽ ആരംഭിച്ചത്.
ഇതിനു മുന്നോടിയായി സർവേ നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. 6 വരി ഗതാഗതം സാധ്യമാകാവുന്ന വിധമാണു മേൽപാലം നിർമിക്കുകയെന്നു ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അന്‍സില്‍ അറിയിച്ചു.കൊരട്ടിയിൽ 3 സ്പാനുകൾ സ്ഥാപിക്കാനുള്ള തൂണുകൾ നിർമിക്കുന്ന ഭാഗത്തെ ഭൂമിയുടെ ഘടന പരിശോധിച്ചു ഗുണമേന്മ ഉറപ്പാക്കിയ ശേഷം അടിത്തറ ബലപ്പെടുത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കും. ആദ്യഘട്ട നിർമാണത്തിനായി നിലവിലുള്ള ഗതാഗതം തടസപ്പെടാതിരിക്കാൻ സർവീസ് റോഡുകൾ ഒരുക്കുന്ന ജോലികളാണ് ആരംഭിച്ചത്.
ഇതിനായി ചില നിർമിതികൾ ഉൾപ്പെടെ പല ഭാഗത്തും പൊളിച്ചു നീക്കി.ബദൽ സംവിധാനം ഒരുക്കിയില്ലെങ്കിൽ മേൽപാലം നിർമാണം പൂർത്തിയാകും വരെ വൻ ഗതാഗതക്കുരുക്ക് ദേശീയപാതയിലുണ്ടാകും. ചാലക്കുടിയിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ഏറെക്കാലം ഗതാഗതക്കുരുക്ക് ദുരിതം പകർന്നിരുന്നു. അടിപ്പാതകൾ നിർമിക്കുന്ന സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന ജോലികള്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നു.കടകൾ ഉൾപ്പെടെ പൊളിച്ചു മാറ്റുകയും ചെയ്തു. നാമക്കൽ ആസ്ഥാനമായുള്ള പിഎസ്ടി കമ്പനിയാണു മേൽപാലത്തിന്റെയും അടിപ്പാതകളുടെയും കരാർ എറ്റെടുത്തത്.
കൊരട്ടിയിലും ആദ്യഘട്ടത്തിൽ അടിപ്പാതയാണു ശുപാർശ ചെയ്തിരുന്നത്.‘സേവ് കൊരട്ടി’യുടെ നേതൃത്വത്തിൽ മേൽപാലത്തിന്റെ ആവശ്യകത അധികൃതരെ ബോധ്യപ്പെടുത്തിയതോടെയാണ് മേൽപാലം അനുവദിക്കുകയും നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. ഇതോടെ ജനങ്ങൾ വലിയ പ്രതീക്ഷയിലാണ്. നിർമാണം പൂര്‍ത്തിയാകുന്നതോടെ സിഗ്നല്‍ ജംക്‌ഷനില്‍ കാത്തു നിന്നുള്ള വാഹന ഗതാഗതത്തിന്റെ സമയനഷ്ടം പരിഹരിക്കപ്പെടുമെന്നതാണ് ജനത്തിന്റെ ആശങ്ക.