ഭവന വായ്പ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്യാൻ നടപടികൾ; അഭിഭാഷകന്‍ ജീവനൊടുക്കി
Mail This Article
പുല്‍പള്ളി ∙ ഭവന വായ്പ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്യാൻ നടപടികൾ ആരംഭിച്ചതോടെ അഭിഭാഷകന്‍ ജീവനൊടുക്കി. ജില്ലാ കോടതി മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷനല്‍ ഗവ. പ്ലീഡറും ബത്തേരി ബാറിലെ അഭിഭാഷകനുമായ ഇരുളം മുണ്ടാട്ടുചുണ്ടയില്‍ എം.വി.ടോമി (55) ആണ് ജപ്തിക്കെത്തിയ സംഘം മടങ്ങിയതിനു പിന്നാലെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
ഇരുളം ടൗണിനടുത്ത് വാങ്ങിയ അഞ്ചര സെന്റ് സ്ഥലത്ത് വീട് നിർമിക്കാനാണ് ടോമി പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ നിന്നു വായ്പയെടുത്തത്. ഒറ്റത്തവണ തീർപ്പാക്കലിനു ശേഷം നിലവിൽ 16 ലക്ഷം രൂപ കുടിശികയുണ്ട്. ഇളയ മകളെ അടുത്തിടെ കാനഡയിലേക്ക് അയച്ചിരുന്നു. വീടും സ്ഥലവും വിറ്റ് വായ്പ പൂർണമായി തീർക്കാനുള്ള ശ്രമത്തിലായിരുന്നു ടോമി. വായ്പാ കുടിശികയിലേക്ക് അടയ്ക്കാനായി 3 ലക്ഷം രൂപയുമായി ടോമിയുടെ ഭാര്യ പുഷ്പ രാവിലെ ബാങ്കിലെത്തിയിരുന്നെങ്കിലും ഈ തുക സ്വീകരിക്കാൻ തയാറാവാതെ ഉച്ചയോടെ ജപ്തിക്കുള്ള സംഘവും പൊലീസും വീട്ടിലെത്തി നടപടികളാരംഭിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇതിനിടെ ടോമിയുടെ ഭാര്യയെ ബാങ്കില്‍ നിന്നു ബന്ധു കൂട്ടിക്കൊണ്ടുവന്ന് വീട്ടിനുള്ളില്‍ കയറ്റി. അവരെ പുറത്തിറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ജപ്തി സംഘം ഒത്തുതീര്‍പ്പിനു തയാറായതെന്നും സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്‍ത്തകര്‍ പറയുന്നു. ഒടുവില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് സ്വരൂപിച്ച 4 ലക്ഷം രൂപ വാങ്ങി ബാക്കി തുകയ്ക്ക് 10 ദിവസത്തെ സാവകാശവും നല്‍കി സംഘം മടങ്ങി. സംഭവത്തിൽ ബാങ്കിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ഭാര്യയെ വൈകിട്ട് സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ട ശേഷമാണ് ടോമി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സംസ്കാരം ഇന്ന് 11ന് ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മക്കള്‍. അനുസ്മിത, അനുസോന. മരുമകന്‍. നേബില്‍.