ADVERTISEMENT

ബത്തേരി ∙ ബഫർ സോണിനെതിരെ രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി യുഡിഎഫ് വൻ പ്രക്ഷോഭത്തിനൊരുങ്ങുന്നു.  ആദ്യഘട്ടമെന്ന നിലയിൽ ആയിരക്കണക്കിനു പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള ബഹുജന റാലി നാളെ ഉച്ചയ്ക്കു 2ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ അനൂപ് ജേക്കബ്, പി.െജ. ജോസഫ്, സി.പി. ജോൺ, ഡി. ദേവരാജൻ, തുടങ്ങി സംസ്ഥാന നേതൃനിരയെ വയനാട്ടിലേക്കെത്തിക്കാനാണു നീക്കം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എന്നിവരെയും സമരത്തിൽ അണിനിരത്താനുള്ള നീക്കങ്ങൾ യുഡിഎഫ് ജില്ലാ നേതൃത്വം നടത്തുന്നുണ്ട്.

പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നു നാളെ നിയമസഭ ചേരുന്നതു പോലും ഒഴിവാക്കിയിട്ടുണ്ട്. 2019 ഒക്ടോബർ 23ലെ മന്ത്രി സഭാ തീരുമാനം ഉയർത്തിക്കാട്ടി ബഫർ സോൺ വിഷയത്തിൽ സർക്കാരിനുണ്ടായ വീഴ്ച ഉയർത്തിക്കാട്ടാനും യുഡിഎഫ് ഉദ്ദേശിക്കുന്നു. ഉച്ചയ്ക്ക് 2നു കോട്ടക്കുന്നിൽ നിന്നാണു റാലി ആരംഭിക്കുക. വൈകിട്ട് 3നു നടക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. പതിനായിരം പ്രവർത്തകരെ റാലിയിൽ അണിനിരത്താനാണ് യുഡിഎഫ് ആലോചന. രാഹുൽ ഗാന്ധിയെ രംഗത്തിറക്കിയുള്ള സമരം വിജയിപ്പിക്കുന്നതിനു ജില്ലാ യുഡിഎഫ് നേതൃയോഗം പ്രത്യേകം ചേർന്നിരുന്നു. അതിനു ശേഷം നിയോജക മണ്ഡലം, മണ്ഡലം തല യോഗങ്ങളും ചേർന്നു. തുടർ സമരങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ കലക്ടറേറ്റിനും താലൂക്ക് ഓഫിസുകൾക്കും മുൻപിൽ ഉപരോധവും രാപകൽ സമരങ്ങളും നടത്താനും യുഡിഎഫ് ആലോചിക്കുന്നു.

റാലി വൻ വിജയമാക്കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി

ബഫർ സോണിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന റാലി വൻ വിജയമാക്കുമെന്നും സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടുമെന്നും യുഡിഎഫ് ജില്ലാ കമ്മിറ്റി. ജില്ലയിലെ രണ്ടര ലക്ഷത്തോളം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണു സംരക്ഷിത വനമേഖലകൾക്കു ചുറ്റുമുള്ള ബഫർ സോൺ. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നാളെ തിരുവനന്തപുരത്ത് വിളിച്ചിട്ടുള്ള മുഖ്യമന്ത്രി തല യോഗത്തിലേക്ക് ബന്ധപ്പെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും മാത്രമാണ് വിളിച്ചിട്ടുള്ളത്. പ്രശ്ന ബാധിത മേഖലകളിലെ എംഎൽഎമാരെയും യോഗത്തിൽ പങ്കെടുപ്പിക്കണമായിരുന്നു. 

ഉദ്യോഗസ്ഥ തല യോഗത്തിൽ പൊതുജനങ്ങൾക്ക് അനുകൂലമായ നിലപാടുകൾ ഉണ്ടാകണമെന്നില്ല. കാര്യഗൗരവത്തോടെ സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.കെ. ഏബ്രഹാം, പി.എം. നിയാസ്, ടി. മുഹമ്മദ്, സി.പി. വർഗീസ്, എൻ.എം. വിജയൻ, ഡി.പി രാജശേഖരൻ, നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, വി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com