ADVERTISEMENT

വൈത്തിരി ∙ പൂക്കോട് എൻ ഊര് സന്ദർശിക്കാനെത്തുന്നവർക്ക് പാർക്കിങ് സൗകര്യമില്ലാത്തത് ദേശീയപാതയിൽ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. വാഹനങ്ങൾ റോഡിനിരുവശവും ആണ് നിർത്തിയിടുന്നത്. പല വാഹനങ്ങളും സ്ഥലമില്ലാത്തതിനാൽ റോഡിലേക്കു കയറ്റിയിടുകയാണ്. ഞായറാഴ്ചയും ഇന്നലെയും രാവിലെ മുതൽ ഗതാഗത തടസ്സം നേരിട്ടു. അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം നല്ല തിരക്കാണിവിടെ.  

ഗോത്ര പൈതൃക ഗ്രാമം കാണാനെത്തുന്നവർക്ക് വാഹനം അകത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല. അവിടെ നിന്നുള്ള വാഹനത്തിൽ മാത്രമാണ് പ്രവേശനം. സന്ദർശനത്തിന് എത്തുന്നവരുടെയും തിരികെ പോകുന്നവരുടെയും വാഹനങ്ങൾ നിർത്തിയിടത്ത് നിന്ന് എടുക്കുമ്പോഴാണ് കൂടുതലായും തടസ്സങ്ങൾ ഉണ്ടാകുന്നത്. തുടക്കത്തിൽ കുറച്ച് ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. 

ഇപ്പോൾ ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഗതാഗത തടസ്സമുണ്ടാകുന്നുണ്ട്. ചുരം വ്യൂ പോയന്റിലും സമാനമായ രീതിയിൽ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഇവിടെ ഉണ്ടാകുന്ന തടസ്സം കൂടി ആകുന്നതോടെ ഫലത്തിൽ ലക്കിടി മുതൽ വൈത്തിരി വരെ വലിയ കുരുക്കാണ്. പൈതൃക ഗ്രാമത്തിൽ വാഹനം പാർക്ക് ചെയ്യാൻ സംവിധാനമൊരുക്കുകയോ മറ്റ് സ്ഥലം കണ്ടെത്തുകയോ ചെയ്തില്ലെങ്കിൽ അത്യാവശ്യ യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടേണ്ടി വരുമെന്നതാണ് അവസ്ഥ.

ഹൈവേയിലെ പാർക്കിങ് മാറ്റണം

വൈത്തിരി ∙ എൻ ഊര്  പൈത്യക ഗ്രാമം കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനം ദേശിയ പാതയ്ക്കിരുവശവും പാർക്ക് ചെയ്യുന്നത് ഉടൻ ഒഴിവാക്കണമെന്ന് ജനനന്മ വയനാട് അവശ്യപ്പെട്ടു.  പാതയ്ക്ക് ഇരു വശവും വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം കോഴിക്കോട് മെഡിക്കൽ കോളജ് അടക്കമുള്ള വിവിധ ആശുപത്രികളിലേക്ക് പോകുന്ന  ആംബുലൻസുകൾ, റെയിൽവേ സ്‌റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയുന്ന യാത്രക്കാർ മറ്റ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരക്കെ ഗതാഗത തടസ്സത്തിൽ പെടുകയാണ്. സുനിൽ കച്ചേരിപ്പാറ, എസ്. അനിൽകുമാർ, കെ.ആർ. രതീഷ്, എ.ജെ. ലിജു, സി.ജി. രജീഷ്, ജിനു ജോസ്, വി. അബ്ദുൽ നസീർ, കെ. അനൂപ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com