‘വയനാട്ടുകാരല്ലെ, അവർ ഉറങ്ങാതെയും പരീക്ഷ എഴുതിക്കൊള്ളും’; കെട്ടിടവും സ്ഥലവും ഇല്ലെന്ന് പിഎസ്‌സി

HIGHLIGHTS
  • ഡിപ്പാർട്മെന്റ്തല ഓൺലൈൻ പരീക്ഷകൾക്ക് ജില്ലയിൽ സെന്റർ അനുവദിക്കാതെ പിഎസ്‌സി
  • കോഴിക്കോടു പോയി പരീക്ഷയെഴുതണമെങ്കിൽ ഉറങ്ങാതെ ഒരുക്കം തുടങ്ങണം
psc-logo
SHARE

ബത്തേരി ∙ വിവിധ ഡിപ്പാർട്മെന്റ് തല ഓൺലൈൻ പരീക്ഷകൾക്ക് ജില്ലയിൽ സെന്റർ അനുവദിക്കാത്തത് ജീവനക്കാരായ പരീക്ഷാർഥികളെ വലയ്ക്കുന്നു.12 നു തുടങ്ങുന്ന റവന്യു, എക്സൈസ് വകുപ്പുകൾ അടക്കമുള്ള ചില ഡിപ്പാർട്മെന്റുകളിലെ ക്രിമിനൽ ജുഡീഷ്യറി ടെസ്റ്റുകളെല്ലാം കോഴിക്കോട് സെന്ററിലാണ് നടത്തുന്നത്. അപേക്ഷിച്ച് ഹാൾടിക്കറ്റ് ലഭിക്കുമ്പോഴാണു പരീക്ഷാ സെന്റർ കോഴിക്കോട് ആണെന്നറിയുന്നത്. രാവിലെ 8.30 മുതൽ 12 വരെയാണു പരീക്ഷകൾ.

രാവിലെ 8നെങ്കിലും പരീക്ഷാ സെന്ററിലെത്തണമെങ്കിൽ ജില്ലയിൽ നിന്നു മൂന്നും നാലും മണിക്കൂർ മുൻപ് യാത്ര തുടങ്ങണം. അതായത് പുലർച്ചെ നാലിനെങ്കിലും യാത്ര ആരംഭിക്കണം. കൂടുതൽ പേരും കെഎസ്ആർടിസിയെ ആണ് ആശ്രയിക്കുന്നത്. പ്രധാന ടൗണുകളിൽ നിന്നല്ലാതെ ഉൾപ്രദേശങ്ങളിൽ നിന്നു രാവിലെ കോഴിക്കോട്ടേക്ക് ബസില്ല. പലരും മറ്റു യാത്രാമാർഗങ്ങളെ ആശ്രയിച്ചു പ്രധാന ടൗണുകളിലെത്തണം. അങ്ങനെയെങ്കിൽ പുലർച്ചെ 2നു തന്നെ പലർക്കും വീടുകളിൽ നിന്ന് ഇറങ്ങേണ്ടി വരും. തലേന്നു പോയി കോഴിക്കോട് നിൽക്കാമെന്നു വച്ചാൽ ഒരു ദിവസം കൂടി ജീവനക്കാർക്കു നഷ്ടപ്പെടും. പരീക്ഷയെഴുതുന്നവർക്ക് ലീവ് അനുവദിക്കുമോ എന്നും വ്യക്തമല്ല.

മിക്ക സമയത്തും ഗതാഗത തടസ്സമുണ്ടാക്കുന്ന ചുരം ‘പിണങ്ങിയാൽ’ പരീക്ഷ തന്നെ നഷ്ടപ്പെടാം. ചുരത്തിലെ തടസ്സങ്ങളടക്കമുള്ള യാത്രാ ക്ലേശങ്ങൾ പരിഗണിച്ച് എല്ലാത്തരം പരീക്ഷകൾക്കും ജില്ലയിൽ സെന്റർ അനുവദിക്കാനുള്ള തീരുമാനം പിഎസ്‌സിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷകളാണെങ്കിൽ തടസ്സങ്ങളുണ്ടായാലും ഹാളിലെത്താൻ സമയം ലഭിക്കും. അതിരാവിലെ നടത്തുന്ന പരീക്ഷകളിൽ ജില്ലയിലുള്ളവരെ ഇത്തരത്തിൽ പരീക്ഷിക്കരുതെന്നാണ് ജീവനക്കാരുടെ ആവശ്യം.

കെട്ടിടവും സ്ഥലവും ഇല്ലെന്ന് പിഎസ്‌സി

എന്നാൽ ജില്ലയിൽ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതാണു പ്രധാന പ്രശ്നമെന്ന് പിഎസ്‌സി അധികൃതർ പറയുന്നു. പിഎസ്‌സിയുടെ ഓൺലൈൻ പരീക്ഷകൾ മാനന്തവാടി എൻജിനീയറിങ് കോളജിലാണു നടത്താറുള്ളത്. പരീക്ഷയുടെ നടത്തിപ്പിന് ആവശ്യമായ കംപ്യൂട്ടറുകളും ഡേറ്റശേഷിയും വേഗതയും തടസ്സമില്ലാതെയുള്ള നെറ്റ്‌വർക്കും ആവശ്യമാണ്. അതിനാൽ എവിടെയെങ്കിലും വച്ച് പരീക്ഷ നടത്താൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

കൂടുതൽ ആളുകൾ എഴുതുന്ന പരീക്ഷകളാണു മാനന്തവാടിയിൽ നടത്താറ്.എന്നാൽ ഇ ഓഫിസുകളുടെ പൂർത്തീകരണത്തിലും ഡിജിറ്റൽ സംവിധാനങ്ങളിലും സംസ്ഥാനത്ത് ഒന്നാമതെന്ന് അവകാശപ്പെടുന്ന വയനാട്ടിൽ പിഎസ്‌സി എഴുതുന്നവർക്ക് ഓൺലൈൻ സെന്റർ അനുവദിക്കാത്തത് അധികൃതരുടെ അലംഭാവമാണെന്നാണ് ആക്ഷേപം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS