ADVERTISEMENT

തരിയോട്∙ പ്രദേശത്തെ ഭീതിയിലാഴ്ത്തി ഒറ്റയാൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. സുഗന്ധഗിരി സെക്‌ഷനിലെ തരിയോട് വനത്തിനു സമീപം എട്ടാംമൈൽ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലാണ് കാട്ടാന ഇറങ്ങിയത്. 2 മാസം മുൻപ് ഇവിടെ ഇറങ്ങി ഒട്ടേറെ നാശം വിതച്ച ആനയാണ് വീണ്ടും എത്തിയത്. ഇന്നലെ പുലർച്ചെ ഇവിടെ എത്തിയ ആന വൈത്തിരി-തരുവണ റോഡരികിലെ മുളങ്കൂട്ടവും സമീപത്തെ ബെന്നി കൊച്ചുമല എന്നയാളുടെ കൃഷിയിടത്തിലെ കമുകുകളും നശിപ്പിച്ചു.

കഴിഞ്ഞ തവണ പ്രദേശത്ത് എത്തിയ ആന വനം വകുപ്പ് ഓഫിസിനു സമീപത്തെ ഷെഡും സമീപ പ്രദേശത്തെ ഒട്ടേറെ കൃഷികളും നശിപ്പിച്ചിരുന്നു. ദിവസങ്ങളോളം മുടങ്ങാതെ എത്തിയ ആനയുടെ ശല്യം കാരണം പ്രദേശവാസികൾ പൊറുതിമുട്ടി. നാട്ടുകാരും വനപാലകരും ഉറക്കമിളച്ചിരുന്നു കാവൽ നിൽക്കുകയും നാട്ടിലിറങ്ങുന്ന ആനയെ കാട്ടിലേക്ക് ഓടിച്ചു വിടുകയുമായിരുന്നു പതിവ്.

Read also: ചക്രത്തിൽ മുടി കുരുങ്ങി ബസിനടിയിൽ യുവതി; ‘കാത്തു പരിപാലിച്ച മുടി കാത്തു, ഓർക്കുമ്പോൾ വിറച്ചു പോകുന്നു’

കാട്ടിലേക്ക് തുരത്തുന്നത് പതിവാണെങ്കിലും അതൊന്നും വക വയ്ക്കാതെ ഒറ്റയാൻ നാട്ടിലേക്ക് തിരിച്ചെത്തുന്നത് പ്രദേശവാസികൾക്ക് ഏറെ ആശങ്കയും ആയിരുന്നു. പിന്നീട് കാട് കയറിയതിനെ തുടർന്ന് ആശ്വാസത്തിലായ നാട്ടുകാരെ ഏറെ ഭീതിയിലാഴ്ത്തിയാണു ഈ ആന വീണ്ടും എത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആന റോഡ് മുറിച്ചു കടന്ന് കൃഷിയിടത്തിൽ പ്രവേശിച്ചത്. ഏതു നേരവും വാഹനത്തിരക്കുള്ള റോഡ് ആയതിനാൽ അപകട സാധ്യത ഏറെയാണ്.

സെന്റ് മേരീസ് ഫൊറോന പള്ളി, നിർമല ഹൈസ്കൂൾ, ആയുർവേദ ആശുപത്രി അടക്കം ഒട്ടേറെ സ്ഥാപനങ്ങൾക്കും ആന ശല്യം വൻ ഭീഷണിയാണ്.‍ ഇവിടെയുള്ള തരിയോട് വനം വകുപ്പ് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് വന്യ മൃഗ ശല്യം തടയുന്നതിന് തിരിച്ചടിയാണ്. ഒരു വനിത ജീവനക്കാരിയടക്കം ആകെ 6 പേർ ആണ് ഇവിടെ ജോലിക്ക് ഉള്ളത്.‍ തരിയോട് വന മേഖലയിലെ ആന ശല്യം പതിവായ പാറത്തോട് മുതൽ പതിനൊന്നാം മൈൽ വരെയുള്ള ഭാഗങ്ങളിൽ ഓടിയെത്താൻ കഴിയാതെ ജീവനക്കാർ കുഴങ്ങുന്നത് പതിവാണ്.

ആന ശല്യം രൂക്ഷമായ പ്രദേശത്ത് ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് സ്ഥാപിക്കാൻ അനുവദിച്ച ഫണ്ട് അധികൃതരുടെ പിടിപ്പുകേട് കാരണം പാഴായത് നാട്ടുകാർക്കിടയിൽ ‍പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വന്യ മൃഗ ശല്യം ഏറെ രൂക്ഷമായ പ്രദേശമായിട്ടും പ്രതിരോധ പ്രവൃത്തികൾക്ക് അനുവദിച്ച തുക പോലും വേണ്ട വിധത്തിൽ ചെലവഴിക്കാൻ നടപടി എടുക്കാത്തതാണു നാട്ടുകാരിൽ പ്രതിഷേധം ശക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com