ADVERTISEMENT

പുൽപള്ളി ∙ കത്തുന്ന പകൽചൂടിൽ വെന്തുരുകുന്ന അതിർത്തി പ്രദേശങ്ങളിൽ കുടിവെള്ളവുമില്ലതെ ജനം വലയുന്നു. കബനി കുടിവെള്ള വിതരണ പദ്ധതിയിലെ ജലവിതരണം അവതാളത്തിലായതോടെ അതിർത്തി പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി. 104 കുടുംബങ്ങൾ‌ കഴിയുന്ന കൊളവള്ളി കോളനിയിൽ വെള്ളത്തിനായി ആളുകൾ പരക്കം പായുകയാണ്. പാടത്തേക്ക് പമ്പു ചെയ്യുന്ന വെള്ളം കനാലിൽ നിന്നെടുത്തും കബനിപ്പുഴയിലും കന്നാരംപുഴയിലുമെത്തിയുമാണിപ്പോൾ ജലസംഭരണം. തുണിയലക്കാനും കുളിക്കാനും ആളുകൾ കൂട്ടത്തോടെ പുഴയിലെ വെള്ളക്കെട്ടുകളിലെത്തുന്നു. മനുഷ്യരും കന്നുകാലികളും പുഴവെള്ളമാണ് കുടിക്കുന്നത്. പരിസരത്തെ വീടുകളിലെ കിണറുകളിൽ നിന്നു കിട്ടുന്ന വെള്ളമാണ് കുടിക്കാനെടുക്കുന്നത്. പുഴയിലെയും കനാലിലെയും വെള്ളം കലങ്ങിമറിഞ്ഞതും മലിനവുമാണ്. 

ഗ്രീൻ ആൽഗ എന്ന പായൽ പുഴവെള്ളത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പുഴവെള്ളം ശുദ്ധീകരിക്കാതെ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാകുമെന്ന മുന്നറിയിപ്പുമുണ്ട്. കബനിയിൽ ജലശുദ്ധീകരണത്തിനു തടസമായതും ഈ പായലാണ്. കോളനിയിൽ ജലവിതരണം നടത്താൻ തയാറാക്കിയ പദ്ധതികളെല്ലാം തകർന്നടിഞ്ഞതിനാൽ കൊളവള്ളിയിൽ 5,000 ലീറ്റർ സംഭരണ ശേഷിയുള്ള സംഭരണി സ്ഥാപിച്ച് അതിലേക്ക് കബനി കുടിവെള്ള കണക്‌‍ഷൻ നൽകിയിരുന്നു. 10 ദിവസമായി ഇതിലേക്ക് തുള്ളിവെള്ളമെത്തിയിട്ടില്ല. ഇവിടുത്തെ കുഴൽകിണർ നിറയെ ജലമുണ്ടെങ്കിലും അതും ഉപയോഗപ്രദമാക്കിയില്ല. മോട്ടർ സ്ഥാപിച്ച് കൃത്യമായി പമ്പുചെയ്തെടുക്കാൻ കഴിയുന്നില്ല. കന്നാരംപുഴക്കരയിൽ നിർമിച്ച കിണറും അനുബന്ധ സംവിധാനങ്ങളും പാഴായി കിടക്കുന്നു. കോളനിയിലെ കിടപ്പുരോഗികളടക്കം വെള്ളമില്ലാതെ വലയുന്നു. പുഴവെള്ളം കൊണ്ടുവന്ന് അരിച്ചെടുത്താണ് പാചകാവശ്യങ്ങൾക്കുപയോഗിക്കുന്നത്. 

കൊളവള്ളി പാടത്തേക്കു പമ്പുചെയ്യുന്ന വെള്ളമാണ് കനാലിൽ നിന്നെടുക്കുന്നത്.ചിലപ്പോൾ ലഭിക്കുന്ന വെള്ളം കട്ടക്കലക്കലെന്ന് കോളനിയിലെ സ്ത്രീകൾ പറയുന്നു. പ്രദേശത്തെ മിക്കവീടുകളിലും വെള്ളമില്ല. ശുദ്ധജല കണക്ഷനെടുത്തവരും നിരാശരായി. കന്നുകാലികൾക്ക് കുടിക്കാനുള്ള വെള്ളവുമില്ലെന്ന് ക്ഷീരകർഷകർ പറയുന്നു. ശുദ്ധജലത്തിനു നട്ടം തിരിയുന്ന കോളനിക്കാർക്കും പ്രദേശവാസികൾക്കും ഉടനടി ശുദ്ധജലമെത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com