ADVERTISEMENT

പനമരം ∙ ജില്ലയിലെ വനാതിർത്തി പ്രദേശത്തെ കൃഷിയിടങ്ങളിലും പുഴയോരങ്ങളിലും ദിനംപ്രതി അട്ടകൾ പെരുകിയതോടെ കർഷകരും തൊഴിലാളികളും അടക്കമുള്ളവർ പൊറുതിമുട്ടുന്നു. മുൻപില്ലാത്ത വിധമാണു കൃഷിയിടങ്ങളിലും വയലുകളിലും അട്ടകൾ പെരുകുന്നത്. കാട്ടുപന്നികളുടെയും മാനുകളുടെയുമെല്ലാം ശല്യം വർധിച്ചതാണു കൃഷിയിടങ്ങളിൽ അട്ടകൾ വര്‍ധിക്കാന്‍ കാരണമെന്നു പറയുന്നു. വളർത്തുമൃഗങ്ങൾക്കു പുല്ല് ശേഖരിക്കാൻ കൃഷിയിടങ്ങളിലിറങ്ങുന്ന ക്ഷീരകർഷകർക്ക് അട്ടയുടെ കടിയേൽക്കുന്നതു നിത്യസംഭവമാണ്. 

കഴിഞ്ഞദിവസം നടവയൽ പ്രദേശത്ത് പുല്ല് ശേഖരിക്കാൻ പോയ കർഷകനായ താഴ്‌വനാൽ ജോസിന്റെ കൺപോളയുടെ ഉള്ളിൽ കയറി അട്ട കടിച്ച സംഭവമുണ്ടായി. പിന്നീട് കറിയുപ്പ് ഉപയോഗിച്ചാണു രക്തം കുടിച്ച് വീർത്ത അട്ടയെ വേർപെടുത്തിയത്. ശരീരത്തിൽ പറ്റിപ്പിടിച്ചു കയറുന്ന അട്ട രക്തം വലിച്ചെടുത്തു കുടിക്കുകയാണ് പതിവ്. ഈ സമയത്തു വേദന അനുഭവപ്പെടില്ല. എന്നാൽ രക്തം കുടിച്ചു കഴിഞ്ഞ് ഇവ ശരീരത്തിൽ നിന്നു വേർപെടുമ്പോഴാണു കടിയേറ്റവർക്കു വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നത്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കടിച്ച അട്ടയെ ശരീരത്തിൽ നിന്നു വേർപെടുത്താൻ ഉപ്പും കയ്യിൽ കരുതിയാണു പലരും കൃഷിയിടത്തിലേക്ക് പോകുന്നത്. കൃഷിയിടത്തിലും പാതയോരത്തും മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെയും അട്ടകൾ ആക്രമിക്കുന്നുണ്ട്. കുമ്മായം ഉപയോഗിച്ചാൽ അട്ടയെ നിയന്ത്രിക്കാം എന്നു പറയുന്നുണ്ടെങ്കിലും പ്രയോജനമില്ലെന്നു കർഷകർ പറയുന്നു. അട്ടകൾക്ക് സ്വന്തം ശരീരത്തെക്കാൾ അഞ്ചിരട്ടി വരെ രക്തം വലിച്ചെടുക്കാന്‍ കഴിയും. മഴക്കാലത്താണ് അട്ടശല്യം കൂടുന്നത്.

English Summary: Leeches problems in Panamaram Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com