വെള്ളം കുടിക്കാൻ പുഴയിലിറങ്ങുന്ന കൊക്കുകൾ ചത്തുവീഴുന്നു; വിദഗ്ധ പരിശോധനയ്ക്ക് കൂടുതൽ സംഘങ്ങൾ
Mail This Article
പനമരം ∙ ദേശാടനപ്പക്ഷികൾ ചത്തുവീഴുന്ന സംഭവത്തിൽ പരിശോധനകൾക്കായി കൂടുതൽ സംഘങ്ങളെത്തുന്നു. മൃഗസംരക്ഷണവകുപ്പിനും മെഡിക്കൽ സംഘത്തിനും പിന്നാലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലെ വിദഗ്ധ സംഘവും സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. ഇന്നലെ രാവിലെയാണു തിരുവല്ല പക്ഷിരോഗ നിർണയ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രവീൺ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം കൊറ്റില്ലത്തിലെത്തി ചത്തുവീണ ദേശാടനപ്പക്ഷികളുടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചത്.
ചത്തതും പാതി ജീവനുള്ളതുമായ കൊക്കുകളെ കൂടാതെ ഇവയുടെ മുട്ടയും സംഘം ശേഖരിച്ചു. തിരുവല്ലയിൽ നിന്നെത്തിയ പരിശോധക സംഘത്തിനൊപ്പം ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഡോ.സക്കരിയ സാദിഖും സംഭവസ്ഥലം സന്ദർശിച്ചു. ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. ജയരാജിന്റെ നിർദേശപ്രകാരം പനമരം വെറ്ററിനറി ഡോ. മുസ്തഫയുടെ നേതൃത്വത്തിൽ മണ്ണുത്തി വെറ്ററിനറി കോളജിലേക്കും ഇന്നലെ സാംപിളുകൾ ശേഖരിച്ച് അയച്ചു.
കഴിഞ്ഞദിവസം ഭോപാൽ വൈറോളജി ലാബിലേക്കു പരിശോധനയ്ക്കായി സാംപിളുകൾ അയച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ലാബിൽ നിന്ന് റിപ്പോർട്ട് എത്താൻ ഇനിയും വൈകുമെന്നാണ് അറിയുന്നത്. ദേശീയതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായ പനമരം കൊറ്റില്ലത്തിൽ ദേശാടനപ്പക്ഷികൾ ചത്തുവീഴുന്ന വാർത്തയറിഞ്ഞ് കഴിഞ്ഞ 2 ദിവസമായി ഒട്ടേറെ പക്ഷിനിരീക്ഷകരും കൊറ്റില്ലത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ 24നാണു വെള്ളം കുടിക്കാൻ പുഴയിലിറങ്ങുന്ന കൊക്കുകൾ ചത്തുവീഴുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
തുടർന്നു കൊട്ടത്തോണിയിൽ കൊറ്റില്ലത്തിൽ എത്തി നടത്തിയ പരിശോധനയിലാണു നൂറുകണക്കിന് കൊറ്റികൾ ചത്തു കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. ആദ്യദിവസങ്ങളെ അപേക്ഷിച്ച് കൊക്കുകളുടെ മരണനിരക്ക് കുറഞ്ഞിട്ടുണ്ടെന്ന് ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയ പനമരം വെറ്ററിനറി ഡോ. മുസ്തഫ പറഞ്ഞു. വിഷാംശമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ കാരണം കണ്ടെത്താനാകുകയുള്ളൂ.
English Summary: Mysterious Death of Migratory Birds Sparks Investigation - Expert Team Collects Samples for Testing