വയനാട്ടിലെ കോൺഗ്രസ് ഗ്രൂപ്പ് പോരിനെതിരെ അഭ്യർഥനയുമായി സുധാകരൻ; ഭീഷണിയുമായി സതീശൻ
Mail This Article
കൽപറ്റ ∙ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിലെ ഗ്രൂപ്പുപോരും തമ്മിൽത്തല്ലും ഉടനടി അവസാനിപ്പിക്കണമെന്നു ജില്ലാ സ്പെഷൽ കൺവൻഷനിൽ സംസ്ഥാന നേതൃത്വത്തിന്റെ അന്ത്യശാസനം. നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസവും ഐക്യമില്ലായ്മയുമാണു കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയെന്നും അതു നാശത്തിനിടയാക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
ചാത്തനു കോരനെ കണ്ടുകൂടാത്ത സ്ഥിതിയാണു കോൺഗ്രസിൽ. വ്യക്തിതാൽപര്യങ്ങൾ മാറ്റിവച്ച് ഇനിയെങ്കിലും ഒന്നിക്കാതിരുന്നാൽ നാശമാകും ഫലം. അഭിപ്രായവ്യത്യാസം തൂത്തെറിയണമെന്നു കൈകൂപ്പി പറയുകയാണെന്നും എന്റെ വാക്കുകൾക്ക് ഇത്തിരി പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ, അൽപമെങ്കിലും ബഹുമാനം ഉള്ളിലുണ്ടെങ്കിൽ പ്രശ്നങ്ങൾ തീർക്കണമെന്നും സുധാകരൻ പറഞ്ഞു.
പറയുന്നതെന്തെങ്കിലും തലയിൽ കയറുന്നുണ്ടോയെന്നും സദസ്സിനോടായി സുധാകരൻ ചോദിച്ചു. എന്നാൽ, ഒരുപടി കൂടി കടന്ന് അൽപം ‘ഭീഷണിസ്വര’ത്തിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രസംഗം. പാർട്ടിക്കുള്ളിൽ കുഴപ്പമുണ്ടാക്കുന്നതു നിങ്ങൾ തന്നെയാണെന്നു വേദിയിലുള്ള നേതാക്കളെ ചൂണ്ടി സതീശൻ തുറന്നടിച്ചു. ഇന്നുതന്നെ ഗ്രൂപ്പ് വഴക്ക് അവസാനിപ്പിക്കണം; ഇതൊരു ഭീഷണി തന്നെയാണ് - സതീശൻ പറഞ്ഞു.
നാളെ മുതൽ ടീം ആയല്ലാതെ പ്രവർത്തിക്കാൻ പാടില്ല. എല്ലാ പ്രശ്നങ്ങളും തീർത്തിട്ടേ ഞങ്ങൾ വയനാട് വിടൂ. സ്വന്തം ബൂത്തിൽ പോലും കമ്മിറ്റി രൂപീകരിക്കാത്ത നേതാക്കളുണ്ട്. അവരെ ചോദ്യം ചെയ്യണം. അയ്യേ എന്നു പറയണം. മണ്ഡലം കൺവൻഷനുകൾ എത്രയും വേഗം പൂർത്തിയാക്കണം.
പലയിടത്തും ഭാരവാഹികളുടെ പേര് ‘മുട്ടിൽവച്ച് എഴുതിത്തന്ന’ പട്ടികയാണ്. ആ പരിപാടി അവസാനിപ്പിക്കണം. യോഗം വിളിച്ചുചേർത്തു വേണം ഭാരവാഹികളെ കണ്ടെത്താനെന്നും പ്രതിപക്ഷനേതാവ് കൺവൻഷനിൽ പറഞ്ഞു. പുനഃസംഘടനയോടെ രാഹുൽഗാന്ധിയുടെ മണ്ഡലത്തിൽ ശക്തിപ്പെട്ട തമ്മിലടിക്ക് ഇനിയും പരിഹാരമുണ്ടാകാത്തതു കെപിസിസി നേതൃത്വം ഗൗരവത്തോടെയാണു കാണുന്നത്.
സംഘടനാ സംവിധാനം ശക്തിപ്പെടുത്താതെ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയാൽ നിരാശയുണ്ടാകുമെന്ന സന്ദേശം കൺവൻഷനെത്തിയ കെപിസിസി നേതൃത്വം പങ്കുവയ്ക്കുകയും ചെയ്തു. ജില്ലയിൽ ഇതുവരെ എല്ലായിടത്തും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാനായിട്ടില്ല. ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാരുടെ പട്ടികയിൽ സ്വന്തം ആളുകളെ വെട്ടിയതിൽ ജില്ലയിലെ ഒരുവിഭാഗം നേതാക്കൾ കടുത്ത അതൃപ്തിയിലുമാണ്.
മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോൾ സാമൂഹികനീതിയും ജെൻഡർ ഇക്വാലിറ്റിയും ഉറപ്പുവരുത്താത്തതിലെ അതൃപ്തിയും പുകയുന്നു. ജില്ലയിലെ എല്ലാ നേതാക്കളെയും എത്രയും വേഗം ഒരു മേശയ്ക്കു ചുറ്റും ഒരുമിച്ചിരുത്തി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ കെപിസിസി ഭാരവാഹികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 28നകം വയനാട്ടിലെ എല്ലാ മണ്ഡലങ്ങളിലും സിയുസികൾ രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് നിർദേശിച്ചു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷനായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ, ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജമീല ആലിപ്പറ്റ, കെ.ജയന്ത്, പി.എം.നിയാസ്, ഇബ്രാഹിംകുട്ടി കല്ലാർ, എഐസിസി അംഗം പി.കെ.ജയലക്ഷ്മി, കെപിസിസി അംഗം പി.ടി.മാത്യു, കെ.എൽ.പൗലോസ്, പി.പി.ആലി, കെ.കെ.വിശ്വനാഥൻ,
സി.പി.വർഗീസ്, വി.എ.മജീദ്, കെ.വി.പോക്കർ ഹാജി, എൻ.കെ.വർഗീസ്, ടി.ജെ.ഐസക്, സംഷാദ് മരക്കാർ, ഒ.വി.അപ്പച്ചൻ, മംഗലശ്ശേരി മാധവൻ, എം.എ.ജോസഫ്, എ.പ്രഭാകരൻ, നജീബ് കരണി, എം.ജി.ബിജു, ബിനു തോമസ്, പി.ഡി.സജി, പി.കെ.അബ്ദുറഹിമാൻ, നിസി അഹമ്മദ്, ഡി.പി.രാജശേഖരൻ, പി.എം.സുധാകരൻ, എൻ.സി.കൃഷ്ണകുമാർ, എടക്കൽ മോഹനൻ, ഒ.ആർ.രഘു, പി. ശോഭനകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു കോടി രൂപ ഒരുമിച്ചു കണ്ടിട്ടില്ല, സതീശൻ സഹായിക്കണം: സുധാകരൻ
കൽപറ്റ ∙ കോളജിൽ ഒരേകാലത്തു പഠിച്ച പിണറായി വിജയൻ ഭരണസ്വാധീനത്താൽ കോടികൾ ഉണ്ടാക്കുമ്പോഴും തനിക്ക് ഇതുവരെ ഒരു കോടി രൂപ ഒരുമിച്ചു കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ നാണം കെട്ടും പണം ഉണ്ടാക്കുകയാണെന്ന ഉദ്ഘാടന പ്രസംഗത്തിലെ ആരോപണത്തിനിടയിലാണു തമാശയെന്നോണം സുധാകരന്റെ പരാമർശം.
ഏതുവിധേനയും പണമുണ്ടാക്കുകയെന്നതു മാത്രമാണു പിണറായി വിജയന്റെ ലക്ഷ്യം. സഹപാഠി കോടികൾ ഉണ്ടാക്കുകയാണ്. ഒരു കോടി രൂപ ഒരുമിച്ചു കാണാൻ ആഗ്രഹമുണ്ട്. സതീശൻ സഹായിക്കണം - വേദിയിലിരുന്ന പ്രതിപക്ഷനേതാവിനെ ചൂണ്ടി സുധാകരൻ പറഞ്ഞപ്പോൾ സദസ്സിൽ പൊട്ടിച്ചിരി പടർന്നു.
‘ഏതു കനഗോലു?’ ചോദ്യവുമായി കെപിസിസി പ്രസിഡന്റ്
കൽപറ്റ ∙ കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റുകളിലും കോൺഗ്രസ് ജയിക്കുമെന്നും 2 സീറ്റിൽ ജയസാധ്യതയില്ലെന്നു സുനിൽ കനഗോലു റിപ്പോർട്ട് ചെയ്തുവെന്നതു കുപ്രചാരണമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഏതു കനഗോലു? അങ്ങനെയൊരു റിപ്പോർട്ടില്ല. അങ്ങനെ റിപ്പോർട്ട് ഉണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ എനിക്കല്ലേ അതു കിട്ടേണ്ടത്? നുണപ്രചാരണമാണു നടക്കുന്നത്- സുധാകരൻ പറഞ്ഞു.