തൊണ്ടർനാട് മോഷണ പരമ്പര: പ്രതികളെ കുടുക്കിയ പൊലീസിന് അഭിനന്ദന പ്രവാഹം
Mail This Article
തൊണ്ടർനാട്∙ പ്രദേശത്ത് വ്യാപക കവർച്ച നടത്തിയ പ്രതികളെ പിടികൂടിയ ആശ്വാസത്തിൽ നാട്ടുകാരും വ്യാപാരികളും. കണിശമായ അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയ തൊണ്ടർനാട് പൊലീസിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ഇവർ. കഴിഞ്ഞ മാസം പ്രദേശത്ത് വ്യാപകമായ മോഷണം നടന്ന ദിവസം മുതൽ പ്രദേശവാസികൾ ഏറെ ആശങ്കയിലായിരുന്നു. കാഞ്ഞിരങ്ങാട്, തോണിച്ചാൽ എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടയിൽ നിന്ന് ചാക്ക് കണക്കിനു കുരുമുളകും, തേറ്റമലയിലെ പലചരക്ക് കടയിൽ നിന്ന് സിഗരറ്റ്, പണം, സിസിടിവി അടക്കമുള്ളവ കള്ളൻമാർ കവർച്ച ചെയ്തിരുന്നു. കുരിശു പള്ളിയുടെ ഭണ്ഡാരവും കുത്തിത്തുറന്ന് പണം എടുത്തിരുന്നു. വ്യാപകമായ മോഷണം നടന്നതിനെത്തുടർന്നു തൊണ്ടർനാട് എസ്എച്ച്ഒ ഇ. ഷൈജു, എസ്ഐമാരായ അജീഷ്കുമാർ, അബ്ദുൽ ഖാദർ, എഎസ്ഐ നൗഷാദ്, എസ്‌സിപിഒമാരായ ഹാരിസ്, മുസ്തഫ, ശ്രീനാഥ്, വിജയൻ, സിപിഒമാരായ ഷിന്റോ ജോസഫ്, ശ്രീജേഷ്, അജേഷ് എന്നിവരെ ഉൾപ്പെടുത്തി കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു.
പൂട്ട് പൊളിക്കുന്നതും മോഷണ വസ്തുക്കൾ ബൈക്കിൽ കടത്തുന്നതും മറ്റിടങ്ങളിൽ നടന്ന മോഷണത്തിന് സമാന രീതിയിലാണെന്നു കണ്ടെത്തുകയും അതിനെ ചുറ്റിപ്പറ്റി സംഘം അന്വേഷണം നടത്തുകയുമായിരുന്നു. നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് പ്രതികൾ മോഷണത്തിന് ഉപയോഗിച്ച ബൈക്കും കാറും തിരിച്ചറിഞ്ഞു. ഇതിൽ കാർ ഉപയോഗിക്കുന്നത് ഇസ്മായിൽ ആണെന്ന് കണ്ടെത്തുകയും ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് സുഹൈൽ, അജ്മൽ എന്നിവരും പിടിയിലാവുകയുമായിരുന്നു. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചതറിഞ്ഞ് ഒട്ടേറെ ആളുകൾ പ്രദേശത്ത് തടിച്ചുകൂടി.