ADVERTISEMENT

പുൽപള്ളി ∙ മൂക്കിലുണ്ടായ തടിപ്പ് നീക്കം ചെയ്യുന്നതിന് കൽപറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ ചികിത്സ തേടിയ ശശിമല വടക്കേകണ്ണമംഗലത്ത് സ്റ്റെഫിന്റെ (27) മരണവുമായി ബന്ധപ്പെട്ട പരാതിയിൽ കല്ലറ തുറന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയി.  ഈമാസം ഒന്നിനു വൈകുന്നേരമാണു യുവാവ് മരണപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് മുൻപു അനസ്തീസിയ നൽകിയപ്പോൾ അവശനാവുകയും മണിക്കൂറുകൾക്കുള്ളിൽ മരണപ്പെടുകയും ചെയ്തു. പിറ്റേന്ന് ശശിമല ഇൻഫന്റ് ജീസസ് പള്ളിയിൽ സംസ്കാരവും നടത്തി. ചികിത്സപ്പിഴവാണു മരണകാരണമെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസമാണു ബന്ധുക്കൾ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകുന്നേരം പൊലീസ്, റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കല്ലറ തുറന്നു മൃതദേഹമെടുത്ത് ഇൻക്വസ്റ്റ് നടത്തിയത്.  വൈത്തിരി തഹസിൽദാർ ആർ.എസ്. സജി, പൊലീസ് ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ, പൊലീസ് സർജൻ ഡോ. രോഹിത് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വടക്കേകണ്ണമംഗത്ത് ബേബി– എൽസമ്മ ദമ്പതിമാരുടെ 3 മക്കളിൽ രണ്ടാമനാണു മരിച്ച സ്റ്റെഫിൻ.

കൽപറ്റയിലെ സ്വകാര്യ ബാങ്കിൽ ജോലിക്കാരനായ യുവാവ് നാട്ടിലെ പൊതുകാര്യങ്ങളിലും യുവജന സംഘടനകളിലും സജീവമായിരുന്നു.  സ്റ്റെഫിന്റെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാരും യുവജന സംഘടനകളും രംഗത്തുവന്നിരുന്നു. സ്വയം കാറോടിച്ച് ആശുപത്രിയിലെത്തിയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടതിൽ ചികിത്സാപ്പിഴവുണ്ടെന്നു പ്രാഥമിക അന്വേഷണത്തിൽ മനസിലായതിനാലാണു സംസ്കാരം കഴിഞ്ഞിട്ടും പരാതി നൽകിയതെന്നു ബന്ധുക്കൾ പറയുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം നടത്തണമെന്ന നിർദേശം ആദ്യം മുന്നോട്ടുവച്ചത് തങ്ങളായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആരെയും സംശയത്തിന്റെ നിഴലിൽ നിർത്താതിരിക്കാൻ അതു സഹായിക്കും. എന്നാൽ, പോസ്റ്റ്മോർട്ടം നടത്താൻ ആദ്യം കുടുംബത്തിനു താൽപര്യമില്ലായിരുന്നു. ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ല.  ശസ്ത്രക്രിയയ്ക്കു മുൻപു 2 തവണ സ്റ്റെഫിന് ഹൃദയാഘാതമുണ്ടായി. ഉടൻ തന്നെ വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും പുരോഗതിയുണ്ടായില്ല. ആശുപത്രി നടപടികൾ എല്ലാം സുതാര്യമായിരുന്നു. പരാതിയുണ്ടായപ്പോൾ പോസറ്റുമോർട്ടം നടത്തിയശേഷം മൃതദേഹം കൊണ്ടുപോയാൽ മതിയെന്നു പറഞ്ഞിരുന്നു. എന്നാൽ, പരാതിയില്ലെന്ന് എഴുതിത്തന്ന് ബന്ധുക്കൾ പോയെന്നും ആശുപത്രി അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com