ADVERTISEMENT

പുൽപള്ളി ∙ കർണാടകയെക്കാൾ ഫലഭൂയിഷ്ഠമായ, ജലസേചന സൗകര്യങ്ങളുള്ള അനേകം സ്ഥലം പാഴായി കിടക്കുന്ന വയനാട്ടിലും ചോളക്കൃഷിക്ക് അനന്ത സാധ്യതയെന്ന് കർഷകർ. വന്യമൃഗശല്യവും കൃഷിനാശവും മൂലം തോട്ടങ്ങളും പാടങ്ങളും ഇവിടെ തരിശായി കിടക്കുമ്പോഴാണ് കർണാടകയിൽ നിന്ന് ചോളത്തണ്ട് ലഭിക്കാത്തതിന്റെ പേരിൽ സമരങ്ങളും ആരോപണങ്ങളും കൊഴുക്കുന്നത്. വരൾച്ചയെത്തുടർന്ന് കർണാടകയിൽ പച്ചപ്പുല്ലിന് ക്ഷാമമേറിയതിലാണ് ദുരന്തനിവാരണ സമിതിയുടെ നിർദേശ പ്രകാരം ജില്ലകൾക്ക് പുറത്തേക്കും സംസ്ഥാനത്തിന് വെളിയിലേക്കും ചോളത്തണ്ട് കൊണ്ടുപോകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയത്.

എന്നാൽ, ഇവിടെ നന്നായി ചോളം വളരുമെന്ന് പാടിച്ചിറയിലെ യുവകർഷകൻ ഓലിക്കൽ ബിജു സാക്ഷ്യപ്പെടുത്തുന്നു. ഇളകിയ മണ്ണും നനവും സൂര്യപ്രകാശവുമുള്ള ഏതു സ്ഥലത്തും ചോളം തഴച്ചുവളരുമെന്ന് ഒന്നരയേക്കറിൽ ചോളക്കൃഷി നടത്തിയ ബിജു പറയുന്നു. ഇളകിയ മണ്ണിൽ വിത്തിട്ടാൽ 3 മാസം കൊണ്ട് വിളവെ‍‌ടുക്കാം. അതോടൊപ്പം ചോളത്തണ്ടും വെട്ടിയെടുക്കാം. 2018ലെ മഴയിൽ ബിജുവിന്റെ തോട്ടത്തിലെ 3,000 കുരുമുളക് ചെടികൾ നശിച്ചിരുന്നു. ചെടിച്ചുവട്ടിൽ വെള്ളം കെട്ടി നിന്ന് വേരു ചീഞ്ഞായിരുന്നു നാശം. കനത്ത നഷ്ടമുണ്ടായിട്ടും ഒരു രൂപപോലും നഷ്ടപരിഹാരം കിട്ടിയില്ല. തിരിശായ തോട്ടത്തിൽ കഴിഞ്ഞ വർഷം കാപ്പിയും കുരുമുളകും നട്ടു. ഇവയ്ക്ക് തണലെന്നു കണക്കു കൂട്ടിയാണ് ഇടയിലൂടെ ചോളം നട്ടത്. ഇപ്പോൾ ചോളം പറിക്കാ‍ൻ തുടങ്ങി.

ഒരേ സ്ഥലത്ത് വർഷത്തിൽ 3 തവണ ചോളക്കൃഷി നടത്താമെന്ന് ബിജു പറയുന്നു. ക്ഷീര കർഷകർക്ക് മുറിച്ചു വിറ്റാൽ നല്ല വരുമാനവുമാകും. ഈ കൃഷിക്ക് കർഷകർക്ക് സഹായം ലഭ്യമാക്കിയാൽ ജില്ലയിലേക്കാവശ്യമായ ചോളത്തണ്ട് ഇവിടെ തന്നെയുണ്ടാവുമെന്നതിന് സംശയമില്ല. ഒരുപ്പൂ നെൽക്കൃഷി ചെയ്യുന്ന പാടത്ത് കൊയ്ത്തിനു ശേഷം ചോളക്കൃഷി സാധ്യമാണ്. വിവിധ ഏജൻസികളുടെ ഏകോപനത്തിലൂടെ ചോളക്കൃഷിക്ക് പ്രോത്സാഹനവും സഹായവും വായ്പയും ലഭ്യമാക്കിയാൽ കർഷകർക്ക് വരുമാനമുണ്ടാക്കാം. പച്ചച്ചോളവും വിപണിയിൽ വിൽക്കാൻ കഴിയും. ഉണക്കി ധാന്യമാക്കിയാൽ കാലിത്തീറ്റയും കോഴിത്തീറ്റയുമുണ്ടാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com