ജില്ലയിലെ വന്യമൃഗ ശല്യം നിയമസഭയിൽ അവതരിപ്പിച്ച് ഒ.ആർ. കേളു എംഎൽഎ
Mail This Article
മാനന്തവാടി ∙ ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം നിയമസഭയിൽ അവതരിപ്പിച്ച് ഒ.ആർ. കേളു എംഎൽഎ. ജില്ലയിലെ വിവിധയിടങ്ങളിൽ ആന, കരടി, കടുവ, മാൻ, കുരങ്ങ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ രൂക്ഷമായ ആക്രമണം വ്യാപകമാണെന്നും, അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജില്ലയിൽ മനുഷ്യജീവനും, സ്വത്തും നഷ്ടപ്പെടുകയാണെന്നും കൃഷിയും, വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടതായും ഒ.ആർ. കേളു പറഞ്ഞു.
വയനാട് വന്യജീവി മേഖലയിൽ നടത്തിയ കണക്കെടുപ്പിലൂടെ വന്യജീവികളുടെ എണ്ണം വർധിച്ചതു മനസ്സിലാക്കുന്നതായും ഇതുമൂലം വന്യമൃഗ ആക്രമണം ഉണ്ടാകുന്നതായും വനംമന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി പറഞ്ഞു. കാട്ടിലെ ആവാസ വ്യവസ്ഥയിൽ വലിയ മാറ്റം വന്നിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മനുഷ്യരെപ്പോലെ തന്നെ കാട്ടിലെ മൃഗങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം മുൻകൂട്ടി കണ്ടു 2 വർഷം മുൻപ് വനംവകുപ്പ് ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനം 620 കോടി രൂപ ചെലവു വരുന്ന ഒരു പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു. എന്നാൽ ഇത് കേന്ദ്ര സർക്കാർ നിരസിച്ചു.
മുഖ്യമന്ത്രി മുൻകൈയെടുത്ത് വയനാട് പാക്കേജിന് പ്രത്യേകം അനുവദിച്ച തുക ഉൾപ്പെടെ 2.20 കോടി രൂപയുടെ വന്യമൃഗ പ്രതിരോധ പ്രവർത്തനത്തിനു നിലവിൽ അംഗീകാരം നൽകിയിട്ടുണ്ട്. 2022 മുതൽ 2023 വരെ വിവിധയിനം വേലികൾ, ആന പ്രതിരോധ കിടങ്ങുകൾ, ക്രാഷ് ഗാർഡുകൾ, റോപ്പ് ഫെൻസിങ്, ഹാങ്ങിങ് ഫെൻസിങ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. 1472 കിലോമീറ്റർ ദൂരമാണ് കേരളത്തിൽ പ്രതിരോധ ബാരിക്കേഡുകളും കിടങ്ങുകളും സ്ഥാപിച്ചിട്ടുള്ളത്. ഇതിനു പുറമേ 2023ൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 68 കോടി രൂപയ്ക്ക് 801.24 കിലോമീറ്ററോളം ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും. നവകിരണം പദ്ധതിയുടെ ഭാഗമായി 752 കുടുംബങ്ങൾക്ക് പാക്കേജ് പ്രകാരമുള്ള ആനുകൂല്യം നൽകി അവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ 10 കോടി 40 ലക്ഷം രൂപ നഷ്ടപരിഹാര തുകയായി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയിൽ വയനാട്ടിൽ 3 പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതിൽ 2 പേർക്ക് പൂർണമായും നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ഒരാൾ ആവശ്യമായ മുഴുവൻ രേഖകളും ഹാജരാക്കിയിട്ടില്ല. ഹാജരാക്കുന്നതിന് അനുസരിച്ച് നഷ്ടപരിഹാരം നൽകും.വന്യ മൃഗശല്യവും അതിനോടനുബന്ധിച്ച് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അത്രകണ്ടു ഗൗരവത്തിൽ കേന്ദ്രസർക്കാർ എടുക്കാത്തതിനാൽ ഫെബ്രുവരി 7ന് വനം വകുപ്പ് മന്ത്രിയും, റവന്യു മന്ത്രിയും ചേർന്ന് കേന്ദ്ര വനംവകുപ്പ് മന്ത്രിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായും മന്ത്രി എ.കെ. ശശീന്ദ്രൻ കൂട്ടി ചേർത്തു.