ADVERTISEMENT

പുൽപള്ളി ∙ താന്നിത്തെരുവിലെ റബർ തോട്ടത്തിൽ ഇന്നലെയും നാട്ടുകാർ കടുവയെ കണ്ടു. മേത്രട്ടയിൽ സജിയുടെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കടുവ പൊന്തക്കാട്ടിലേക്കു മറഞ്ഞു. കൂടുതൽ ആളുകളെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാണാനായില്ല.

കഴിഞ്ഞ ദിവസം കടുവ പശുക്കിടാവിനെ കൊന്നതിന്റെ അടുത്താണ് ഈ സ്ഥലം. ബഹുജന സമരത്തെ തുടർന്നു വ്യാഴം രാത്രി സ്ഥലത്ത് കൂട് സ്ഥാപിച്ചു. നിരീക്ഷണത്തിനു കൂടുതൽ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. കോളജുകളും സ്കൂളുകളുമടങ്ങുന്ന പ്രദേശത്തെ കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. വളർത്തുമൃഗങ്ങളുള്ളവർ ജാഗ്രത പാലിക്കണമെന്നും വീടുകളുടെ പുറത്തും തൊഴുത്തിലും വെളിച്ച സംവിധാനം ഒരുക്കണമെന്നും രാവിലെ മഞ്ഞുള്ളതിനാൽ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പ്രതിഷേധ  സമരം ഇന്ന്
പുൽപള്ളി ∙ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോൾ നടപടി വൈകിപ്പിക്കുന്ന വനപാലകരുടെ നയത്തിൽ പ്രതിഷേധിച്ച് ഇന്നു 10ന് വനം ഓഫിസിലേക്ക് ജനകീയ മാർച്ച് നടത്തും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണു സമരം. കടുവ, ആന തുടങ്ങിയ മൃഗങ്ങൾ ജനവാസ മേഖലകളിൽ ഭീതിപരത്തുമ്പോൾ പിടികൂടാനും കൂട് സ്ഥാപിക്കാനും അനാവശ്യ കാലതാമസമുണ്ടാകുന്നതിൽ പ്രതിഷേധിച്ചാണിത്.

വന്യമൃഗ ശല്യത്തിനെതിരെ കെസിവൈഎം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളിയിൽ നടത്തിയ പ്രതിഷേധം.
വന്യമൃഗ ശല്യത്തിനെതിരെ കെസിവൈഎം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളിയിൽ നടത്തിയ പ്രതിഷേധം.

തിരുവനന്തപുരത്തെയും ഡൽഹിയിലെയും വനംമേധാവികളുടെ അനുമതിക്കു വേണ്ടിയുള്ള കാത്തിരിപ്പ് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. വനനിയമങ്ങളിൽ കാതലായ മാറ്റമുണ്ടാക്കി അത്യാവശ്യ കാര്യങ്ങൾക്ക് ജില്ലാ അധികൃതർക്ക് അനുമതി നൽകാൻ അധികാരം നൽകണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടിരുന്നു. കാടും നാടും വേർതിരിച്ചു നാട്ടിലെ വന്യമൃഗ ഭീഷണിക്ക് ശാശ്വത പരിഹാരമാവശ്യപ്പെട്ടുമാണു സമരം.

കെസിവൈഎം പ്രതിഷേധിച്ചു
മുള്ളൻകൊല്ലി ∙ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിനു പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വനം അധികൃതരുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക, കാലഹരണപ്പെട്ട വനനിയമങ്ങൾ പൊളിച്ചെഴുതുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഫാ.മാത്യു കറുത്തേടത്ത്, സിസ്റ്റർ. ആൻസ് മരിയ, ക്രിസ്റ്റി കാരുവള്ളിത്തറ, ആൽഫ്രഡ് വാഴേപ്പറമ്പിൽ, നിവേദിത പുത്തൻപുരയ്ക്കൽ, അമല ചക്കുങ്കൽ, അനു പൊങ്ങോലിൽ എന്നിവർ പ്രസംഗിച്ചു.

കത്തോലിക്കാ കോൺഗ്രസ്  പ്രതിഷേധിച്ചു
പുൽപള്ളി ∙ ജില്ലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിനു പരിഹാരമുണ്ടാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ആവശ്യപ്പെട്ടു. ഇതിനെതിരായ സമരങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചു. സജി നമ്പൂടാകം അധ്യക്ഷത വഹിച്ചു. ഫാ.ജോർജ് മൈലാടൂർ, ബിജു അരീക്കാട്ട്, ജോയി വളയമ്പള്ളി, ഷിജി ചെരുവിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com