ADVERTISEMENT

പുൽപള്ളി ∙ വനാതിർത്തിക്കു പുറമേ നാടൊട്ടുക്കും രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ ഉടൻ നടപടിയാവശ്യപ്പെട്ട് പുൽപള്ളി റേഞ്ച് ഓഫിസിലേക്കു നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. പ‍ഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ അതിജീവന സമരത്തിൽ സ്ത്രീകളും പ്രായമായവരുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.നാട്ടിൽ ഒളിഞ്ഞും തെളിഞ്ഞും സഞ്ചരിക്കുന്ന കടുവയെ കണ്ടെത്താനോ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റാനോ വനംവകുപ്പിന് സാധിച്ചിട്ടില്ല.

പുൽപള്ളി പഞ്ചായത്തിലെ താന്നിത്തെരുവിൽ കടുവയുടെ ആക്രമണമുണ്ടായ സ്ഥലം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിക്കുന്നു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ സമീപം.
പുൽപള്ളി പഞ്ചായത്തിലെ താന്നിത്തെരുവിൽ കടുവയുടെ ആക്രമണമുണ്ടായ സ്ഥലം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിക്കുന്നു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ സമീപം.

വനത്തെയും വന്യജീവിയെയും സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതം ഉറപ്പാക്കാനും വനംവകുപ്പിന് ബാധ്യതയുണ്ടെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. വനനിയമങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കുക, മനുഷ്യ ആവാസ മേഖലയിൽ വന്യമൃഗമെത്തിയാൽ അവയെ പിടിക്കാനും കൂട് സ്ഥാപിക്കാനും കാലതാമസമില്ലാതെ അനുമതി നൽകുക, പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുക, നഷ്ടപരിഹാരം വേഗം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.

രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, കർഷക സംഘടനകൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരും സമരത്തിൽ അണിനിരന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭനാ സുകു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഡി.സജി, ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പി.ശശിധരൻ, കെ.എൽ.പൗലോസ്, സജി മാത്യു, എൻ.യു.ഉലഹന്നാൻ, കെ.ഡി.ഷാജിദാസ്, ടി.ജെ.ചാക്കോച്ചൻ, സിദ്ദിഖ് മഖ്ദൂമി, മത്തായി ആതിര, ഫാ.ജെയിസ് പുത്തൻപറമ്പിൽ, വിൽസൻ നെടുങ്കൊമ്പിൽ, എ.വി.ജയൻ, ശ്രീദേവി മുല്ലക്കൽ, മണി പാമ്പനാൽ, ജോളി നരിതൂക്കിൽ എന്നിവർ പ്രസംഗിച്ചു.

കേന്ദ്രവും സംസ്ഥാനവും ഇടപെടണം: യൂത്ത് കോൺഗ്രസ്
പുൽപള്ളി ∙ വന്യമൃഗശല്യത്തിൽ വലയുന്ന കർഷകരെ സഹായിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഇടപടലുണ്ടാകണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ചുമതലയേറ്റു. കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ.പൗലോസ്, ഡിസിസി ജനറൽ സെക്രട്ടറി പി.ഡി.സജി, ആദിവാസി കോൺഗ്രസ് ദേശീയ കോ–ഓർഡിനേറ്റർ ഇ.എ.ശങ്കരൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺദേവ്, ജില്ലാ പ്രസിഡന്റ് അമൽജോയി, ജോഷി കുരീക്കാട്ടിൽ, ലിന്റോ ജോസഫ്, പി.എൻ.ശിവൻ, പി.ഡി.ജോണി, ടോണി തോമസ്, അൽജിത് ജേക്കബ്, ഡാരിസ്, എ.കെ.ശരത്, സിജു പൗലോസ്, സജി പെരുമ്പിൽ, സി.പി.ജോയി, രജനി ചന്ദ്രൻ, റെജി പുളിങ്കുന്നേൽ, മധുജോയി എന്നിവർ പ്രസംഗിച്ചു.

എംഎൽഎ വിട്ടുനിന്നു; പ്രതിഷേധം
പുൽപള്ളി ∙ കാട്ടാന, കടുവ പ്രശ്നങ്ങളിൽ ഗതികെട്ട നാട്ടുകാർ നടത്തിയ ജനകീയ സമരത്തിൽ നിന്നു വിട്ടു നിന്ന സ്ഥലം എംഎൽഎയുടെ നിലപാടിനെതിരെ വിമർശനം. സമരം നടന്ന സമയത്ത് തൊട്ടടുത്തുണ്ടായിട്ടും എംഎൽഎ പഞ്ചായത്ത് നേതൃത്വം നൽകിയ സമരത്തിൽ പങ്കെടുത്ത് ജനവികാരം മനസിലാക്കാൻ തയാറായില്ലെന്നാണ് ആക്ഷേപം. വനംമന്ത്രിയുടെ പ്രവർത്തനം പരാജയമാണെന്നും വയനാടിന്റെ ചുമതലയിൽ നിന്നു വനംമന്ത്രിയെ നീക്കണമെന്നും നിയമസഭയിൽ ആവശ്യമുന്നയിച്ച എംഎൽഎ സ്വന്തം നാട്ടിൽ വനംവകുപ്പിനെതിരെ നടത്തിയ സമരത്തെ അവഗണിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

എന്നാൽ സമരത്തിന് തന്നെ ആരും ക്ഷണിക്കാത്തതും മന്ത്രി പങ്കെടുക്കുന്ന പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമായിരുന്നു ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ മറുപടി. സമരത്തെ ചെറുതായി കാണുന്നില്ല. ജനകീയ സമരങ്ങളുടെ മുന്നിൽ താനുമുണ്ടാകും. താന്നിത്തെരുവിൽ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കാനുള്ള ഇടപെടൽ താനാണു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ നന്ദിപ്രമേയ ചർച്ചയിലും സബ്മിഷനിലും ഈ പ്രശ്നത്തിന്റെ ഗൗരവം സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയും കൃത്യമായ ഇടപെടലുണ്ടാവുമെന്നും ഐ.സി.ബാലകൃഷ്ണൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com