നടപ്പാതകൾ കച്ചവടക്കാർ കയ്യടക്കി; ഊട്ടിയിൽ സഞ്ചാരികൾ വലയുന്നു
Mail This Article
ഗൂഡല്ലൂർ ∙ ഊട്ടി സസ്യോദ്യാനത്തിലേക്കു പോകുന്ന വഴിയിലെ നടപ്പാതകൾ കച്ചവടക്കാർ കയ്യടക്കിയതോടെ വിനോദ സഞ്ചാരികൾ ബുദ്ധിമുട്ടിലായി. നഗരസഭ നടപ്പാതയിൽ നിർമിച്ച കടകളും ഇവിടെ ഉണ്ട്. നിർമാണം പൂർത്തിയാക്കിയ കടകൾ കച്ചവടക്കാർക്ക് അനുവദിച്ചിട്ടില്ല. ഈ കടകളുടെ മുൻപിലാണു വഴിയോര കച്ചവടക്കാർ കച്ചവടം ചെയ്യുന്നത് ഇതോടെ നടപ്പാത പൂർണമായും അടഞ്ഞു. സഞ്ചാരികൾ നടപ്പാത ഉപേക്ഷിച്ച് റോഡിലിറങ്ങിയാണ് ഉദ്യോനത്തിലേക്കു പോകുന്നത്.
വാഹനങ്ങൾ പോകുന്ന റോഡിലിറങ്ങി നടന്നു പോകുമ്പോൾ അപകടങ്ങളും ഉണ്ടാകാറുണ്ട്. ഉദ്യാനത്തിലെത്തുന്ന ബസുകൾ പാർക്കിങ് സ്ഥലമായ എൻസിഎംഎസ് ഗ്രൗണ്ടിൽ നിർത്തിയ ശേഷം സഞ്ചാരികൾ അര കിലോമീറ്റർ ദൂരം നടന്നു വേണം ഉദ്യാനത്തിലെത്താൻ. നടപ്പാതകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചെടുത്ത് സഞ്ചാരികൾക്ക് അപകടരഹിതമായ യാത്ര ഉറപ്പാക്കണമെന്നാണ് ആവശ്യം.