ADVERTISEMENT

അമ്പലവയൽ ∙വരുമാനവും ഒട്ടേറെ പേർക്ക് തെ‍ാഴിലും ലഭ്യമായിരുന്ന യൂക്കാലിപ്റ്റസ് തൈലം ഉൽപാദനം ജില്ലയിൽ ഗണ്യമായി കുറയുന്നു. യൂക്കാലിപ്റ്റസ് മരങ്ങളും കൃഷിയും കുറഞ്ഞതും ഇലകൾക്ക് രോഗവും വ്യാപകമായതാണ് തൈലം ഉൽപാദന മേഖലയ്ക്ക് തിരിച്ചടിയായത്. ജില്ലയിൽ ഏറ്റവും കൂടുതൽ  തൈലം വാറ്റു കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന അമ്പലവയൽ കുറ്റിക്കൈതയിൽ നിലവിൽ നാമമാത്രമാണ് അവശേഷിക്കുന്നത്. ഉള്ളതിൽ സ്ഥിരമായി വാറ്റുന്നതിനുള്ള യൂക്കാലിപ്റ്റസ് ലഭ്യമാകുന്നില്ല.

ഇലകളിൽ നിന്നാണ് തൈലം വാറ്റിയെടുക്കുന്നത്. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ യൂക്കാലിപ്റ്റസ് മരങ്ങളുണ്ടായിരുന്നെങ്കിലും അവയെല്ലാം വെട്ടിമാറ്റുകയോ മറ്റു കൃഷികളിലേക്ക് വഴിമാറുകയോ ചെയ്തു. മരങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വാറ്റുന്നതിന് ഇലകളുടെ ലഭ്യത വളരെ കുറഞ്ഞു. മുൻകാലത്തേക്കാൾ വരുമാനം കുറഞ്ഞതിനാൽ പുതിയ കർഷകരും യൂക്കാലിപ്റ്റസ് കൃഷി ചെയ്യുന്നില്ല. കൂടുതലായി എവിടെയും കൃഷി ചെയ്യാത്തതിനാൽ വർഷം ചെല്ലുന്തോറും ജില്ലയിലെ തൈലം ഉൽപാദനം കുറഞ്ഞു വരികയാണ്.

പ്രതാപകാലം കഴിഞ്ഞു
കുറ്റിക്കൈയിൽ മാത്രം വർഷങ്ങൾക്ക് മുൻപ് പത്തോളം യൂക്കാലിപ്റ്റസ് വാറ്റു കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. പ്രദേശത്തെ സ്ത്രീകൾക്ക് അടക്കം ഒട്ടേറെ പേർക്ക് വാറ്റുകേന്ദ്രങ്ങളിൽ ഇലകൾ കെ‍ാഴിക്കുന്നത് അടക്കമുള്ള ജോലികളിലൂടെ ഇൗ മേഖലയുമായി ബന്ധപ്പെട്ട ഉപജീവനം നടത്തിയിരുന്നു. ചുരുക്കം ചിലർ മാത്രമാണ് നിലവിൽ ഇൗ മേഖലയിൽ അവശേഷിക്കുന്നത്.

വാറ്റുകേന്ദ്രങ്ങളിലെത്തിച്ച് ചെറിയ ശിഖരങ്ങളുള്ള ഇലകൾ പ്രത്യേക ചെമ്പിൽ നിറച്ച് ചൂടാക്കി തൈലം വേർതിരിച്ചെടുക്കുകയാണ് വാറ്റുകേന്ദ്രങ്ങളിൽ ചെയ്യുന്നത്. മുൻപ് ഒരുതവണ ചെമ്പിൽ ഇലകൾ നിറച്ച് വാറ്റിയാൽ 5,6 കിലോ തൈലം വരെ ലഭ്യമായിരുന്നെങ്കിൽ ഇപ്പോഴത് 2,3 കിലോ ആയി കുറഞ്ഞിട്ടുണ്ട്. വീടുകളിലടക്കം സുഗന്ധത്തിനും മറ്റുമാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്.

ഇലകളിൽ കുത്തുകൾ വരുന്ന രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഇൗ മേഖലയിലുള്ളവർ പറയുന്നത്. ഒരു ഏക്കർ യൂക്കാലിപ്റ്റസ് തോട്ടത്തിലെ ഇലകൾ വിറ്റാൽ കർഷകന് 40000 രൂപ വരെയാണ് ലഭിക്കുന്നത്. എന്നാൽ മരത്തിലെ ഇലകളുടെ രോഗമടക്കമുള്ളതിനാൽ പഴയ പോലെ വരുമാനം കർഷനും ലഭിക്കുന്നില്ല.

വാറ്റുന്നതിനായി എത്തിക്കുന്ന യൂക്കാലിപ്റ്റസിന്റെ കെ‍ാമ്പുകൾ വാഴക്കൃഷി ചെയ്യുന്ന കർഷകർ താങ്ങായി മറ്റും ഉപയോഗിക്കാറുണ്ട്.കൂടാതെ വാറ്റ് കഴിഞ്ഞ അവശേഷിക്കുന്നവ ഇഞ്ചിക്കൃഷിയുടെ മുകളിൽ ഇടാനായും കർഷകർ കെ‍ാണ്ടു പോകുന്നുണ്ട്. ഇൗ ഇനത്തിലും വാറ്റുകേന്ദ്രങ്ങൾ നടത്തുന്നവർക്ക് വരുമാനം ലഭിക്കുമെങ്കിലും അതിലെ‍ാന്നും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് തൈല ഉൽപാദന മേഖലയിലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

തൈലം ഉൽപാദിപ്പിക്കുന്നത് ഇവിടങ്ങളിൽ തന്നെ വിറ്റഴിക്കുന്നതിനു പുറമേ ഉൗട്ടിയിലേക്കാണ് കൂടുതലായും കയറ്റി അയയ്ക്കുന്നത്. മുൻ വർഷങ്ങളിലേക്കാളും ഉൽപാദനം കുറഞ്ഞതിനാൽ തൈലത്തിന്റെ ലഭ്യത കുറഞ്ഞതും വിൽപനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. 100 മില്ലിക്ക് 200 രൂപ നിരക്കിലാണ് ഇപ്പോൾ യൂക്കാലിപ്റ്റ്സ് തൈലം വിൽക്കുന്നത്.

യൂക്കാലിപ്റ്റസ് തൈലം ഉൽപാദനം വളരെ കുറഞ്ഞു. ഇലകൾക്ക് രോഗമുള്ളതിനാൽ തൈലം പകുതി മാത്രമാണ് ലഭിക്കുന്നത്. രോഗമില്ലാത ഇലകൾ ലഭിച്ചാൽ മാത്രമേ തൈലം കൂടുതൽ ലഭിക്കുകയുള്ളൂ. 30 വർഷമായി യൂക്കാലിപ്റ്റസ് വാറ്റുന്ന മേഖലയിലുണ്ട്. യൂക്കാലിപ്റ്റസ് കൃഷി ചെയ്യുന്നവർ വളരെ കുറവാണെന്നതിനാൽ വരും കാലങ്ങളിലും പ്രതിസന്ധിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com