തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിയടക്കം 4 പേർക്കു പരുക്ക്
Mail This Article
നടവയൽ∙ ടൗണിന് സമീപത്തെ കൃഷിയിടത്തിൽ തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിയും തൊഴിലാളികളുമടക്കം 4 പേർക്കു പരുക്കേറ്റു. ശരീരമാസകലം കുത്തേറ്റ നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കുരിശുംമൂട്ടിൽ കുര്യാക്കോസ് - ബീന തോമസ് ദമ്പതികളുടെ മകൻ അലൻ കുര്യാക്കോസ് (12) മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിന് മുൻപ് വീടിനു സമീപത്തെ കൃഷിയിടത്തിൽ പിതാവിനും മറ്റും കുടിവെള്ളവുമായി പോകുന്നതിനിടെയാണ് കുത്തേറ്റത്.
അലന്റെ കരച്ചിൽ കേട്ട് എത്തി തേനീച്ചകളെ അകറ്റുന്നതിനിടെ കുര്യാക്കോസിനും കുത്തേറ്റങ്കിലും ഒരു വിധത്തിൽ മകനെ രക്ഷിച്ച് പനമരം സിഎച്ച്സിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വയലിൽ പണിയെടുത്തിരുന്ന 2 തൊഴിലാളികൾക്കും കുത്തേറ്റു. പായിത്തേൻ ഇനത്തിൽ പെട്ട വലിയ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലുള്ള വിദ്യാർഥി അപകടനില തരണം ചെയ്തതായി വീട്ടുകാർ പറഞ്ഞു. പ്രദേശത്തെ പല കൃഷിയിടത്തിലും ടൗണിൽ കേരള ഗ്രാമീണ ബാങ്ക് കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലും ഇത്തരത്തിലുള്ള തേനീച്ചക്കൂടുകൾ ഉണ്ട്. ഇവ നീക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.