ADVERTISEMENT

മാനന്തവാടി/ബത്തേരി/പാക്കം∙ ജില്ലയിലെ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്തി ഉചിതമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുമെന്ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്യജീവി ആക്രമണത്തിൽ മരണപ്പെട്ട പടമല സ്വദേശി അജീഷ്,  പാക്കം-വെള്ളച്ചാലിൽ സ്വദേശി പോൾ, കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള പാക്കം -കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്ത്, കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീട് സന്ദർശിച്ച ശേഷം മാനന്തവാടി ബിഷപ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ.‘സ്ഥിതിഗതികൾ മോശമായതിനാൽ വയനാട്ടിലേക്ക് പോകേണ്ടന്നാണ് ഭരണകൂടം ആദ്യം നിർദേശം നൽകിയത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ കൂടെ നമ്മളുണ്ട്.

ഇന്ന് വന്നത് വയനാട്ടുകാരെയും വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും കാണാനാണ്. ജനങ്ങൾ അക്രമത്തിലേക്ക് കടക്കരുത്.  ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു.  ഭരണാധികാരികൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വയനാട്ടിലെ ജനങ്ങളോട് അനുതാപം പ്രകടിപ്പിക്കാനാണ് വന്നത്. വയനാട്ടിലെ ജനം വലിയ നിരാശയിലാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമായും ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും’– ഗവർണർ പറഞ്ഞു.

പൊതുജനങ്ങൾ സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. അവലോകന യോഗത്തിൽ ബിഷപ് മാർ ജോസ് പൊരുന്നേടം യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്താ   ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്,  സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവരോടൊപ്പം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,കാർഷിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തങ്ങൾ കയ്യേറ്റക്കാരല്ലെന്ന് നാട്ടുകാർ;  സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവർണർ

മാനന്തവാടി∙ വന്യമൃഗ ആക്രമണത്തിനെതിരെ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പടമലയിലെ നാട്ടുകാർക്ക് ഉറപ്പ് നൽകി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷിന്റെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് ഗവർണർക്ക് മുന്നിൽ നാട്ടുകാർ പരാതികൾ നിരത്തിയത്. വന്യമൃഗ ശല്യം അതി രൂക്ഷമാണെന്നും  ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു. തങ്ങൾ വനംകയ്യേറിയവരാണെന്നും കുടിയേറ്റക്കാരാണെന്നുമാണ് ആരോപണം. എന്നാൽ 5000  വർഷങ്ങൾക്ക് മുൻപ് തന്നെ വയനാട്ടിൽ ജനവാസമുണ്ട്.

അതിന് തെളിവാണ് എടക്കൽ ഗുഹകളെന്ന് വിമുക്ത ഭടനായ ജ്യോതിഷ് ഗവർണറോട് ഹിന്ദിയിൽ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ല. മൃഗങ്ങളുടെ ജീവനാണ് വില. മനുഷ്യന്റെ ജീവന് ഒരു വിലയും അധികാരികൾ കൽപിക്കുന്നില്ല. നഷ്ടപരിഹാരം മാത്രം പോര, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരവും വേണം.3 ഭാഗവും വനത്താൽ ചുറ്റപ്പെട്ടതാണ് ഇൗ പ്രദേശം. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം.  പരാതികൾ എല്ലാം കേട്ട ഗവർണർ  പരാതി അവതരിപ്പിച്ചവരുടെ ഫോൺ നമ്പർ ഉൾപ്പെടെ എഴുതി വാങ്ങി.  തന്റെ അടുത്ത് ആർക്കും വരാമെന്നും പരാതികൾ നൽകാമെന്നും പറ‍ഞ്ഞ് നാട്ടുകാർ നൽകിയ നിവേദനങ്ങൾ നേരിട്ട് വാങ്ങി.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com