സ്‌ക്വാഡ് പ്രവർത്തനം ഊർജിതം
Mail This Article
കൽപറ്റ ∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിൽ ഫ്ലയിങ്-സ്റ്റാറ്റിക് സർവൈലൻസ് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവർത്തനം ഊർജിതമാക്കി. ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഫ്ലയിങ് സ്‌ക്വാഡുകളാണു പരിശോധന നടത്തുന്നത്. കൽപറ്റ മണ്ഡലത്തിൽ 6 മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിൽ 3 വീതം സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. 3 മണ്ഡലങ്ങളിലും ഒന്നു വീതം ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ്-വിഡിയോ സർവൈലൻസ്-വിഡിയോ വ്യൂയിങ് ടീമുകളാണു പ്രവർത്തിക്കുന്നത്.
സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തിയാൽ തുടർ നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ ചെലവ് നിരീക്ഷണം, വോട്ടർമാർക്കു പണം, മദ്യം, ലഹരി പദാർഥങ്ങൾ, മറ്റു സാമ്പത്തിക ഇടപാടുകൾ നൽകി സ്വാധീനിക്കൽ എന്നിവ കണ്ടെത്തി തടയുകയാണു സ്‌ക്വാഡുകളുടെ ചുമതല.
ജില്ലയിലെ 3 മണ്ഡലങ്ങളിലായി 12 ഫ്ലയിങ് സ്‌ക്വാഡുകളാണു പ്രവർത്തിക്കുന്നത്. 3 ഷിഫ്റ്റുകളിലായി ഓരോ മണ്ഡലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീമിൽ പൊലീസ് ഉദ്യോഗസ്ഥൻ, വിഡിയോഗ്രഫർ, സായുധ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണുള്ളത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുക, വോട്ടർമാരെ ഭീഷണിപ്പെടുത്തിയോ പണം നൽകിയോ ഉപഹാരങ്ങൾ, സൗജന്യ മദ്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് സ്വാധീനിക്കുന്നത് തടയുകയാണു സ്‌ക്വാഡുകൾ.
തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനു രാഷ്ട്രീയ പാർട്ടികൾ/ സ്ഥാനാർഥികൾ എന്നിവരുടെ പ്രചാരണ ചെലവുകളുമായി ബന്ധപ്പെട്ട പരാതികളും സ്‌ക്വാഡ് നിരീക്ഷിക്കും. വിഡിയോ സർവൈലൻസ് ടീമിന്റെ സഹായത്തോടെ രാഷ്ട്രീയ പാർട്ടികൾ നടത്തിയ റാലികൾ, പൊതു യോഗങ്ങൾ മറ്റു പ്രധാന ചെലവുകളുടെ വിഡിയോയും സംഘം നിരീക്ഷിക്കും.