ജണ്ട നിർമാണം ചീയമ്പം കോളനിക്കാർ തടഞ്ഞു
Mail This Article
ഇരുളം ∙ ചീയമ്പം ഗോത്രമേഖലയിൽ വനംവകുപ്പ് ആരംഭിച്ച ജണ്ട നിർമാണം കോളനിക്കാർ തടഞ്ഞു. മുന്നറിയിപ്പ് നൽകാതെ ഊരുകൂട്ടത്തിന്റെയോ വനാവകാശ കമ്മിറ്റിയുടെയോ അനുമതിയില്ലതെ ജണ്ട നിർമാണം അനുവദിക്കില്ലെന്ന നിലപാടിലാണു കോളനിക്കാർ. വനവികസന കോർപറേഷന്റെ കൈവശമുണ്ടായിരുന്ന ചീയമ്പം എഴുപത്തിമൂന്നിലെ 105 ഹെക്ടർ കാപ്പിത്തോട്ടം വനാവകാശ നിയമപ്രകാരം കോളനിയിലെ 201 കുടുംബങ്ങൾക്ക് 2009 ൽ പതിച്ചു നൽകിയിരുന്നു. അവിടെ വീട് നിർമിച്ചും കൃഷി ചെയ്തുമാണു തങ്ങൾ കഴിയുന്നത്. ഈ സ്ഥലത്ത് ജണ്ട നിർമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണു കോളനിക്കാരുടെ ആരോപണം. വ്യാഴം വൈകിട്ട് വനാതിർത്തിയിൽ കല്ലിറക്കി വെള്ളിയാഴ്ച രാവിലെ പണിക്കാരെത്തി നിർമാണം ആരംഭിച്ചിരുന്നു.
കാര്യങ്ങൾ വ്യക്തമാക്കാതെ ഒരു ജണ്ട പോലും നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഊരുകൂട്ടവും വനാവകാശ കമ്മിറ്റിയും. എന്നാൽ കോളനിക്കാർക്ക് പതിച്ചുനൽകിയ സ്ഥലവും വനഭൂമിയും വേർതിരിക്കാനാണു ജണ്ട നിർമിക്കുന്നതെന്നും തെറ്റിദ്ധാരണ മൂലമാണ് പ്രതിഷേധമെന്നും വനംവകുപ്പും പറയുന്നു. നിർമാണം തടസ്സപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. തങ്ങളുടെ കൈവശഭൂമിയിൽ വനംഉദ്യോഗസ്ഥർ അതിക്രമിച്ചുകയറി നിർമാണം നടത്തുന്നതിനെതിരെ ഊരുകൂട്ടം കേണിച്ചിറ പൊലീസിലും ട്രൈബൽ വകുപ്പിലും പരാതി നൽകി. നിർമാണം നടത്തുന്നതിനുമുൻപു ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും ഈ നിലയിൽ ജണ്ട നിർമാണം അനുവദിക്കില്ലെന്നും ഊരുകൂട്ടവും വനാവകാശകമ്മിറ്റിയും വ്യക്തമാക്കി. ബി.വി.ബോളൻ അധ്യക്ഷത വഹിച്ചു. അപ്പി ബോളൻ, വി.എൻ.ഭാസ്കരൻ, പ്രകാശൻ, പി.പി.ഗോപാലൻ, വിജയൻ ബോളൻ, ഗോപാലൻ വെള്ളി, ഗീതാവിജയൻ എന്നിവർ പ്രസംഗിച്ചു.