മലയോര ഹൈവേ: ബോയ്സ് ടൗൺ – പച്ചിലക്കാട് റൂട്ടിൽ! അപകട കലുങ്കുകൾ മാറ്റിയില്ലെന്ന് പരാതി
Mail This Article
പനമരം ∙ മലയോര ഹൈവേ നിർമാണം അപകടം സാധ്യതയുള്ള കലുങ്കുകൾ പോലും മാറ്റി സ്ഥാപിക്കാതെയെന്ന് ആരോപണം. കിഫ്ബിയിൽ നിന്ന് 106 കോടി അനുവദിച്ചു നിർമാണം നടക്കുന്ന ബോയ്സ് ടൗൺ – പച്ചിലക്കാട് 32.5 കിലോമീറ്റർ ദൂരത്തിലുള്ള പാതയിൽ പനമരം ടൗണിനു സമീപം ആര്യനൂർ നടയിലെ കലുങ്കുകൾ അപകടാവസ്ഥയിലാണെന്നാണു നാട്ടുകാരുടെ ആരോപണം.വയലിന്റെ കുറുകെ 20 അടിയോളം ഉയരത്തിൽ മണ്ണിട്ടുയർത്തിയ 800 മീറ്റർ ദൂരത്തിലുള്ള റോഡിലെ 3 കലുങ്കുകളാണു കമ്പികൾ തുരുമ്പെടുത്തും വിള്ളൽ വീണും അപകടക്കെണിയാകുന്നത്. കൂടാതെ കലുങ്കിന്റെ സംരക്ഷണഭിത്തിയും തകർന്ന അവസ്ഥയിലാണ്.
പതിറ്റാണ്ടുകൾക്ക് മുൻപു നിർമിച്ച റോഡിലെ കലുങ്കിന്റെ അവസ്ഥകളെക്കുറിച്ചു പോലും പരിശോധിക്കാതെയാണു കോടികൾ മുടക്കിയുള്ള റോഡ് നിർമാണമെന്നതിന്റെ തെളിവാണ് ഈ കലുങ്കുകൾ എന്നു നാട്ടുകാർ പറയുന്നു.മഴക്കാലത്ത് പനമരം വലിയ പുഴ കരകവിഞ്ഞ് വെളളം കയറിയൊഴുകുന്നത് ഈ കലുങ്കിലൂടെയാണ്. ചെറിയ കലുങ്കുകൾ ആയതിനാൽ തന്നെ റോഡിന് ഇരുവശത്തും മഴക്കാലത്ത് ദിവസങ്ങളോളം വെളളം കെട്ടി നിൽക്കുന്നത് പതിവാണ്. കലുങ്കുകളുടെ കുറവുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിനാൽ 1961 ലെ പ്രളയത്തിൽ വെള്ളം കെട്ടിനിന്ന് റോഡ് തകർന്ന് ദിവസങ്ങളോളം ഗതാഗതം നിലച്ചിരുന്നു. നിലവിൽ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് റോഡിന്റെ ഒരു ഭാഗത്തെ വീടുകളിൽ വെളളം കയറുന്നതും പതിവാണ്.
വാകയാട്, മതോത്തുപൊയിൽ, കാക്കത്തോട്, കീഞ്ഞുകടവ്, ആര്യനൂർ ഭാഗങ്ങളിലെ വീടുകളാണ് വെള്ളത്തിനടിയിലാകുന്നത്. അതുകൊണ്ടു തന്നെ ആര്യനൂർനട ഭാഗത്തെ റോഡിൽ ചെറുപാലങ്ങളോ കൂടുതൽ കലുങ്കുകളോ നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും അധികൃതർ കേട്ടതായി പോലും നടിച്ചിട്ടില്ല. മലയോരഹൈവേയുടെ നിർമാണം ആരംഭിക്കും മുൻപ് തന്നെ ഈ ഭാഗത്തെ റോഡിൽ 60 മീറ്റർ ദൂരം കണക്കാക്കി പുതിയ കലുങ്കുകൾ നിർമിക്കണമെന്ന് നാട്ടുകാർ അസിസ്റ്റന്റ് എൻജിനീയർ അടക്കമുള്ളവർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.ഇതിനിടയിലാണ് നിലവിലുള്ള 3 കലുങ്കുകളും തകർച്ച നേരിടുന്നതായി കഴിഞ്ഞദിവസം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന റോഡിലെ കലുങ്ക് നന്നാക്കാതെ റോഡ് നിർമിക്കാനുള്ള നീക്കം തടയുമെന്നാണ് നാട്ടുകാർ പറയുന്നത്.