ADVERTISEMENT

കൽപറ്റ ∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും ഇന്നു വൻ റോഡ് ഷോകളുടെ അകമ്പടിയോടെ നാമനിര്‍ദേശ പത്രിക നൽകും. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണു രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുക. പ്രിയങ്ക ഗാന്ധിയും മറ്റു ദേശീയ നേതാക്കളും എത്തുന്നതോടെ യുഡിഎഫ് പ്രചാരണം ഇന്നുമുതൽ കൂടുതൽ സജീവമാകും. രാഹുലിന്റെ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ബൂത്തു തലം മുതൽ നിയോജക മണ്ഡലം തലം വരെയുള്ള കൺവൻഷനുകൾ ഇതിനോടകം പൂർത്തിയാക്കി.

6ന് യുഡിവൈഎഫിന്റെ നേതൃത്വത്തിൽ ‘സ്ട്രീറ്റ് വിത്ത് രാഹുൽ ഗാന്ധി’ എന്ന പ്രചാരണ പരിപാടിയും സംഘടിപ്പിക്കും. റോഡ് ഷോ ശക്തിപ്രകടനമാക്കി മാറ്റാനാണു യുഡിഎഫ് ലക്ഷ്യമിടുന്നത്.\ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ദീപ്ദാസ് മുൻഷി, എൻഎസ്‌യു(ഐ) ചുമതലയുള്ള കനയ്യ കുമാർ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടാകും. കഴിഞ്ഞ തവണയും പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ് ഷോ നയിച്ചെത്തിയാണു രാഹുൽ ഗാന്ധി പത്രിക നൽകിയത്.

മൂപ്പൈനാട് പഞ്ചായത്തിലെ തലയ്ക്കൽ ഗ്രൗണ്ടിൽ 10ന് ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഹുൽ ഗാന്ധി 11ഓടെ കൽപറ്റ പുതിയ സ്റ്റാൻഡിൽനിന്ന് റോഡ് ഷോയ്ക്കു തുടക്കം കുറിക്കും. സിവിൽസ്റ്റേഷൻ പരിസരത്ത് സമാപനത്തിനു ശേഷം 12നു പത്രിക നൽകും. വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനിരാജ ഇന്നു 10നാണു നാമനിർദേശപത്രിക നൽകുക. 9ന് കൽപറ്റ സഹകരണബാങ്ക് പരിസരത്തുനിന്ന് കൽപറ്റ എസ്കെഎംജെ സ്കൂൾ പരിസരം വരെ റോഡ് ഷോയും ഉണ്ടാകും.

എൽഡിഎഫ് ലോക്സഭാ മണ്ഡലം കമ്മിറ്റി ചെയർമാൻ സി.കെ. ശശീന്ദ്രൻ, കൺവീനർ ടി.വി. ബാലൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, ഒ.ആർ. കേളു എംഎൽഎ എന്നിവർ ഒപ്പമുണ്ടാകും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 5,000 പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുക്കും. പ്രകടനത്തിൽ പങ്കെടുക്കുന്ന പ്രവർത്തകർ 9ന് സഹകരണബാങ്ക് പരിസരത്തെത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.  യുഎൻയു ട്രൈബല്‍ വിമൻസ് ഫോറം മണിപ്പുര്‍ വൈസ് പ്രസി‍ഡന്റ്  ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷന്‍ അംഗം തമീം അന്‍സാരി, സത്യമംഗലത്ത് വീരപ്പന്‍ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിനിരയായ സ്ത്രീകള്‍ എന്നിവരുള്‍പ്പെടെ അണിചേരും.

നേരത്തെ തന്നെ പ്രചാരണത്തിൽ ഏറെ മുന്നിലായ ആനി രാജ ഇതിനോടകം രണ്ടുവട്ടം മണ്ഡലപര്യടനം പൂർത്തിയാക്കി. ദേശീയതലത്തിൽ കരുത്തുറ്റ സമരസാന്നിധ്യം എന്ന നിലയിൽ ആനി രാജയെ അവതരിപ്പിച്ചാണ് എൽഡിഎഫ് പ്രചാരണം. കുടിയേറ്റ മേഖലയിൽനിന്നുള്ള നേതാവ് എന്ന നിലയിൽ വന്യമൃഗശല്യം മുതലായ പ്രശ്നങ്ങൾ ലോക്സഭയിൽ നന്നായി അവതരിപ്പിക്കാൻ ആനി രാജയ്ക്കാകുമെന്നാണ് എൽഡിഎഫ് സ്ക്വാഡ് അംഗങ്ങൾ വീടുകൾ തോറും കയറിയിറങ്ങി വോട്ടർമാരോടു പറയുന്നത്.

സിഎഎ, മണിപ്പുർ വിഷയങ്ങളിൽ ആനി രാജയുടെ നിലപാടുകൾ വിട്ടുവീഴ്ചയില്ലാത്തതാണെന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എന്നും മുന്നിട്ടിറങ്ങിയെന്നതും ഇടതുമുന്നണി വോട്ടർമാരിലെത്തിക്കുന്നു. നാളെയാണ് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ പത്രികാസമർപ്പണം. അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയും സുരേന്ദ്രനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും.  വരുംദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാരടക്കം താരപ്രചാരകരെ രംഗത്തിറക്കി പ്രചാരണം കൂടുതൽ കൊഴുപ്പിക്കാനാണ് എൻഡിഎ തീരുമാനം.

2 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിനായി വയനാട് മണ്ഡലത്തിൽ 2പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. കെ.പി.സത്യൻ (സിപിഐ (എംഎൽ), അജീബ് സിഎംപി (എം.അജീബ് ഫാക്‌ഷൻ) എന്നീ സ്ഥാനാർഥികളാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ രേണുരാജ് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. സ്ഥാനാർഥികൾക്ക് നാളെ വൈകിട്ട് 3 വരെ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. സൂക്ഷ്മ പരിശോധന 5നു നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 8 ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com