ADVERTISEMENT

പുൽപള്ളി ∙ വിദേശത്തേക്കു മാംസം കയറ്റുമതി വർധിച്ചതോടെ നാട്ടിൽ ബീഫ് ക്ഷാമമേറി. ഈസ്റ്ററിനു പുറമെ ഇനി പെരുന്നാളിനും പോത്തിറച്ചി കിട്ടാത്ത അവസ്ഥ. ഹോട്ടലുകാർ, കേറ്ററിങ് സർവീസുകാർ, വിവാഹ പാർട്ടികൾ എന്നിവരും ബീഫിനു കഷ്ടപ്പെടുന്നു. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ചന്തകളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും പോത്ത്, എരുമ എന്നിവയെത്തിയിരുന്നത്. ഇപ്പോൾ മാംസ കയറ്റുമതിക്കാർ ചന്തകളിൽ നിന്നു കൂടുതൽ വില നൽകി ഉരുക്കളെ മൊത്തമായി വാങ്ങുന്നെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി.

ദിവസവും ആയിരക്കണക്കിന് ഉരുക്കളാണു വൻകിടക്കാരുടെ അറവു കേന്ദ്രങ്ങളിലെത്തുന്നത്. കിലോയ്ക്കു 350 രൂപയിൽ താഴെയാണു ഗ്രാമങ്ങളിലെ ബീഫ് വില. ഈ വിലയ്ക്കു വ്യാപാരം നടത്താനാവില്ലെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ ദിവസവും പത്തും പതിനഞ്ചും ഉരുക്കളെ കശാപ്പു നടത്തി ഇറച്ചി വ്യാപാരം നടത്തിയിരുന്നു. പോത്തിനു പകരം കാളയിറച്ചിയാണിപ്പോൾ പലേടത്തും വിൽക്കുന്നത്.

വിവാഹ സീസണായതോടെ പോത്തിറച്ചിക്ക് ഡിമാൻഡ് ഏറി. ഇതു പരിഹരിക്കാനും മാർഗമില്ല. ജില്ലയിൽ പോത്തു കൃഷിയുണ്ടെങ്കിലും ആവശ്യത്തിന് ഉരുക്കളെ കിട്ടാനില്ല. ഗോത്രമേഖലകളിൽ സർക്കാർ സഹായത്തോടെ പോത്തുകൃഷിയുണ്ട്. കാലി വരവ് കുറഞ്ഞ സാഹചര്യത്തിൽ ബീഫ് സ്റ്റാളുകളിൽ പലതും അടഞ്ഞുതുടങ്ങി. പ്രാദേശികമായി ഉരുക്കളെ വാങ്ങുമ്പോഴും ഉയർന്ന വില നൽകേണ്ടിവരുന്നു. കൂലി ചെലവുമേറിയെന്നു വ്യാപാരികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com