ADVERTISEMENT

കൽപറ്റ ∙ വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് പ്രിൻസിപ്പൽ കൃഷി ഓഫിസർ സി.എസ്.അജിത് കുമാർ കലക്ടർ രേണുരാജിനു കൈമാറി. വരൾച്ചയിൽ കൃഷിനാശമുണ്ടായ പഞ്ചായത്തുകൾ കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചതായും 25 കോടിയുടെ നഷ്ടം കണക്കാക്കുന്നതായും പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു.

മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളിൽ മാത്രം വരൾച്ച ബാധിച്ചു 235.8 ഹെക്ടറിൽ അധികം കാപ്പി, കുരുമുളക്, വാഴ കൃഷികൾ ഉണങ്ങി നശിച്ചിട്ടുണ്ട്. പനമരം, കണിയാമ്പറ്റ, തൊണ്ടർനാട്, തിരുനെല്ലി, തവിഞ്ഞാൽ, ഇടവക, വെള്ളമുണ്ട, അമ്പലവയൽ, നെന്മേനി, ബത്തേരി, നൂൽപുഴ, മീനങ്ങാടി, മുട്ടിൽ, പടിഞ്ഞാറത്തറ, പൊഴുതന, കോട്ടത്തറ, മേപ്പാടി, വെങ്ങപ്പള്ളി, വൈത്തിരി, പഞ്ചായത്തുകളിലും കൽപറ്റ, മാനന്തവാടി നഗരസഭകളിലും വ്യാപകമായി വിളകൾ നശിച്ചു.

കുരുമുളക് 198.2 ഹെക്ടർ, കാപ്പി 39 ഹെക്ടർ, നെല്ല് 10 ഹെക്ടർ, കമുക് 21 ഹെക്ടർ, വാഴ 76.01 ഹെക്ടർ, പച്ചക്കറി 2 ഹെക്ടറിലും ഉണങ്ങി നശിച്ചതായി കൃഷി ഓഫിസർമാർ റിപ്പോർട്ട് നൽകിയതായും പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പലയിടത്തും ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്. വ്യാപക കൃഷി നാശം കാരണം കർഷകർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഒരാഴ്ച കൂടി മഴ ലഭിക്കാതെ വന്നാൽ ജലസ്രോതസ്സുകൾ പൂർണമായും വറ്റിപ്പോകുമെന്നും കൃഷിനാശം ഇരട്ടി ആകുമെന്നും പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു.

കബനിയിൽ തടയണ നിർമാണം 16ന്
പുൽപള്ളി ∙ ശുദ്ധജല പമ്പിങ് മുടങ്ങിയ സാഹചര്യത്തിൽ 16നു കബനി നദിയിൽ തടയണ നിർമിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. പൊതുജന പങ്കാളിത്തത്തോടെയുള്ള തടയണ നിർമാണം 9 മണിക്കാരംഭിക്കും. കബനിയിലെ നീരൊഴുക്ക് കുറഞ്ഞതിനാൽ ബാണാസുര സാഗറിൽ നിന്നോ, കാരാപ്പുഴയിൽ നിന്നോ കുടിവെള്ള ആവശ്യത്തിനുള്ള വെള്ളം കബനിയിലേക്ക് പമ്പുചെയ്യാമെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. ഈ ജലം പാഴാകാതെ ഉപയോഗപ്പെടുത്താനാണ് കബനിയിൽ തടയണ നിർമിക്കുന്നത്. ബണ്ട് നിർമിച്ച ശേഷം ജില്ലാഭരണകൂടം തുടർ നടപടികൾ സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com