വരദൂർ - പാടിക്കര റോഡ് ഗതാഗതയോഗ്യമാക്കണം
Mail This Article
വരദൂർ ∙ വരദൂർ - പാടിക്കര റോഡ് പൂർണമായും നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ ഒട്ടേറെപ്പേർ ആശ്രയിക്കുന്ന വരദൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെക്കുള്ള ഏക റോഡായ വരദൂർ പാടിക്കര റോഡ് തകർന്നു തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങുമ്പോൾ കുറഞ്ഞ ദൂരം മാത്രം നന്നാക്കി അധികൃതർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
പ്രധാന റോഡിൽ നിന്ന് ഇറങ്ങുന്ന ഭാഗം അടക്കം തകർന്നു കിടക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷ പോലും ഇതുവഴി വരാൻ മടിക്കുകയാണ്. ഇതിനിടെ പാടിക്കര വയൽ ഭാഗത്ത് റോഡിനു നടുവിൽ മീറ്ററുകളോളം ദൂരത്തിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തു. ദിവസങ്ങൾ കഴിയുന്തോറും വിള്ളൽ കൂടി വരുന്നതായി നാട്ടുകാർ പറയുന്നു. ഒട്ടേറെ ആദിവാസി കുടുംബങ്ങളും കർഷകരും ആശ്രയിക്കുന്ന റോഡ് കൂടിയാണിത്.
ചെറിയ മഴ പെയ്താലുടൻ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്നു കാൽനടയാത്രക്കാർക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി. എത്രയും പെട്ടെന്ന് ഒഴിവാക്കിയിട്ട ഭാഗങ്ങൾ കൂടി ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെയും ആവശ്യം.