ADVERTISEMENT

പുൽപള്ളി ∙ കഴിഞ്ഞ ദിവസം വരെ കാൽപാദം നനയാൻ വെള്ളമില്ലാതെ വരണ്ടുകിടന്ന കബനിയിൽ ഇന്നലെ യുവാവ് മുങ്ങിമരിച്ചതിനെ തുടർന്നു ജാഗ്രതാനിർദേശം. കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിൽ നന്നായി മഴപെയ്തതിനെ തുടർന്ന് പുഴയിൽ ജലനിരപ്പുയർന്നിരുന്നു. ചാമപ്പാറയിൽ കിണർപണിക്കെത്തിയ തമിഴ്നാട് അയ്യംകൊല്ലി സ്വദേശി രാജ്കുമാറാണ് (24) ഇന്നലെ ഉച്ചതിരിഞ്ഞ് പുഴയിൽ മുങ്ങിമരിച്ചത്. ചൂണ്ടയിടുന്നതിനിടെ കാൽവഴുതി  ആഴമേറിയ കയത്തിലേക്ക് വീണായിരുന്നു അപകടം. സ്ഥിരം അപകടസ്ഥലമായ പമ്പുഹൗസിനു സമീപത്തായിരുന്നു ഇത്തവണയും അപകടം.

രാജ്കുമാറും സംഘവും ചാമപ്പാറയിൽ നിർമിക്കുന്ന കിണറിൽ മഴപെയ്ത് വെള്ളം നിറഞ്ഞതിനാൽ ഇന്നലെ പണി നടന്നില്ല. ഉച്ചയോടെ കൂട്ടുകാരോടൊപ്പം രാജ്കുമാറും ചൂണ്ടയിടാൻ പുഴയോരത്തെത്തി. ചൂണ്ടയെറിയുന്നതിനിടെ കാൽവഴുതി കയത്തിലകപ്പെടുകയായിരുന്നു. ബത്തേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയും പുൽപള്ളിയിൽ നിന്നു പൊലീസും സ്ഥലത്തെത്തി ഫൈബർബോട്ടും കരണ്ടിയുമുപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനിടെ 5 മണിയോടെ ഏറെ അകലെയല്ലാതെ മൃതദേഹം കണ്ടെത്തി. സാധാരണ മഴക്കാലത്ത് പുഴ കരകവിയുമ്പോഴാണ് കബനിയിൽ അപകടങ്ങളുണ്ടാവുന്നത്.    പുഴയിൽ വെള്ളമില്ലാതെ കുടിവെള്ളവിതരണം മുടങ്ങിയതിനാൽ കാരാപ്പുഴ അണക്കെട്ടിൽ നിന്നു വെള്ളമെത്തിച്ചാണ് കഴിഞ്ഞമാസം പ്രദേശത്ത് ജലവിതരണം നടത്തിയത്. 

ജനങ്ങൾ അശ്രദ്ധമായി പുഴയിലിറങ്ങരുതെന്നും പുഴ മുറിച്ചുകടക്കരുതെന്നും പഞ്ചായത്ത് മുന്നറിയിപ്പുനൽകി. ഉയർന്നു നിൽക്കുന്ന പാറക്കെട്ടുകളിലൂടെ ചാടിക്കടക്കുന്നതും അപകടകരമാണ്. പുഴയിലെ വിവിധ കടവുകളിലൂടെ ഒട്ടേറെയാളുകൾ നടന്നു കയറുന്നുണ്ട്. മരക്കടവിൽ നിർമിച്ച തടയണയിലൂടെയും ആളുകൾ അക്കരെയിക്കരെ കടക്കുന്നുണ്ട്. പുഴയിൽ ഒഴുക്ക് വർധിക്കുമ്പോൾ അപകട സാധ്യത ഏറെയാണ്. കബനിപ്പുഴയോരത്തെത്തുന്ന സഞ്ചാരികൾ പുഴയിലിറങ്ങരുതെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com