sections
MORE

റെയ്ബാൻ, പാർസോൾ, ഓക്ക്‌ലി; ഈ മനുഷ്യൻ വിയർത്തു പടുത്തുയർത്തിയ സാമ്രാജ്യം

Leonardo-Del-Vecchio
SHARE

ഇറ്റലിയിലെ സമ്പന്നരിൽ രണ്ടാം സ്ഥാനത്തും ആഗോള സമ്പന്നരുടെ പട്ടികയിൽ 47–ാം സ്ഥാനത്തുമുള്ള ലിയനാർഡോ ഡെൽവാക്കിയോ (Leonardo Del Vacchio) തന്റെ അനിതര സാധാരണമായ വൈഭവങ്ങളിലൂടെ ഒരു വലിയ വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ വ്യക്തിയാണ്. അനാഥത്വത്തിൽ പിറന്ന് ദാരിദ്ര്യത്തിലൂടെ സഞ്ചരിച്ച് അദ്ദേഹം നേടിയതൊക്കെയും കഠിന പ്രയത്നത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായിരുന്നു. ലോകോത്തര കണ്ണട ബ്രാൻഡുകളായ റെയ്ബാൻ, പാർസോൾ, ഓക്ക്‌ലി തുടങ്ങിയവയുടെ വിതരണക്കാരായ ലക്സോട്ടിക്ക കമ്പനിയുടെ സ്ഥാപകനും അധിപനുമായ ഡെൽ വാക്കിയോ കേവലം സ്കൂൾ വിദ്യാഭ്യാസം മാത്രമേ നേടിയിട്ടുള്ളൂ.

1935 മെയ് 22ന് ഇറ്റലിയിലെ മിലാനിലാണ് ഡെൽ വാക്കിയോയുടെ ജനനം. ജനനത്തിന് അഞ്ചു മാസം മുൻപേ പിതാവ് മരിച്ചു. കടുത്ത ദാരിദ്ര്യം മൂലം ഏഴാമത്തെ വയസ്സിൽ മാതാവ് ഒരു അനാഥാലയത്തിൽ കുട്ടിയെ ഏൽപ്പിച്ചു. രക്ഷിതാക്കളുടെ സംരക്ഷണമില്ലാതെ വളർന്ന ഡെൽ വാക്കിയോ ചെറുപ്പം മുതൽ ഉപകരണങ്ങളും അച്ചുകളും ഉണ്ടാക്കുന്ന വിദ്യയിൽ വൈദഗ്ധ്യം പ്രകടിപ്പിച്ചു. കണ്ണടകൾക്കായുള്ള ഫ്രെയിമുകൾ നിർമ്മിക്കുന്നതിൽ പ്രത്യേകം താത്പര്യമെടുത്ത കുട്ടിയുടെ കഴിവുകൾ വളർത്താൻ അനാഥാലയത്തിലെ കന്യാസ്ത്രീകൾ പ്രോൽസാഹനം നൽകി. പതിനാലാമത്തെ വയസിൽ ഒരു ഉപകരണ നിർമ്മാണ കമ്പനിയിൽ ജോലി തേടി. കണ്ണട നിർമാണ കേന്ദ്രമായിരുന്ന അഗോർഡോ ഗ്രാമത്തിൽ ജോലിക്കായി എത്തിയതോടെ കണ്ണട നിർമ്മാണത്തിലായി ശ്രദ്ധ അത്രയും. തന്റെ സൃഷ്ടിപരമായ കഴിവുകൾ ഉപയോഗിച്ചു വിവിധ ലോഹക്കൂട്ടുകളാൽ വ്യത്യസ്ത രൂപങ്ങളിലുള്ള കണ്ണട ഫ്രെയിമുകൾ ഉണ്ടാക്കുന്നതിൽ വിദഗ്ധനായി.

1961ൽ 25–ാം വയസിൽ തുടക്കംകുറിച്ച ‘ലക്സോട്ടിക്ക’ തന്ത്രപരമായ മാനേജ്മെന്റ് വൈദഗ്ധ്യത്തിലൂടെ കണ്ണട നിർമ്മാണ വിപണന രംഗത്തെ ലോകോത്തര നാമമായി. ലോകമെമ്പാടും കണ്ണട ഉപയോഗിക്കുന്നവരിൽ അമ്പതു കോടിയിലേറെ ആളുകൾ ലക്സോട്ടിക്കയുടെ ഏതെങ്കിലും ഉൽപന്നത്തിന്റെ ഗുണഭോക്താക്കളാണ്. സ്വന്തം പ്രയത്നത്താൽ ഒരു വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ലിയനാർഡോ ഡെൽ വാക്കിയോ പുതുപുത്തൻ സാങ്കേതിക വിദ്യ പ്രായോഗികമാക്കുന്നതിൽ സമർത്ഥനാണ്. നിർണായകമായ തീരുമാനങ്ങളിലൂടെ റേബാൻ, എസ്സിലോർ തുടങ്ങിയ ലോകോത്തര ബ്രാൻഡുകൾ സ്വന്തമാക്കി.

സ്കൂൾ വിദ്യാഭ്യാസം മാത്രം പൂർത്തീകരിച്ച ഡെൽ വാക്കിയോവിന്റെ അനുഭവങ്ങളിലൂടെ ആർജ്ജിച്ച ആഴത്തിലുള്ള അറിവുകളാണ് മഹാവിജയം നേടാൻ സഹായകമായത്. നാലു ലോകോത്തര സർവ്വകലാശാലകളാണ് അദ്ദേഹത്തിന് ബഹുമതി ബിരുദങ്ങൾ നൽകി ആദരിച്ചത്. എൺപത്തയ്യായിരത്തോളം തൊഴിലാളികളും ഏഴായിരത്തിലേറെ ഷോറൂമൂകളുമായി ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ഡെൽ വാക്കിയോയുടെ ബിസിനസ് സംരംഭം സാമൂഹിക സേവന പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തുന്നു. അവികസിത രാജ്യങ്ങളിലെ ജനങ്ങളുടെ കണ്ണ് പരിശോധനയും സൗജന്യ ചികിൽസയുമാണ് പ്രധാന സേവന പ്രവർത്തനം. ആരോഗ്യപരമായ തൊഴിൽ ബന്ധം നിലനിർത്തുന്ന ‘ലക്സോട്ടിക്ക’യുടെ ഒരു കോടി അറുപതു ലക്ഷം ഷെയറുകൾ തൊഴിലാളികൾക്ക് നൽകിക്കൊണ്ട് ബന്ധം സുദൃഡമായി നിലനിർത്തുന്നു. ഒരാൾ എവിടെ ജനിച്ചു, ഏത് സാഹചര്യത്തിലാണ് വളർന്നത് എന്നതൊന്നും വിജയത്തിനു തടസ്സമല്ല. വിജയിക്കണമെന്ന തീവ്രമായ ആഗ്രഹവും പൊരുതാനൊരു മനസ്സുമുണ്ടോ, ‘ഡെൽ വാക്കിയോ’ നേടിയതു പോലെയുള്ള നേട്ടങ്ങൾ ആർക്കും സ്വന്തമാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA