മരണത്തിന്റെ വക്കിൽനിന്നും ജീവിതത്തിലേക്ക്; ഇത് ഡെറകിന്റെ അതിജീവനത്തിന്റെ കഥ

derek-derenalagi
ഡെറക് ഡീറെനലാഗി
SHARE

2007ലെ ജൂലൈ മാസം. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലൂടെ ബ്രിട്ടന്റെ ഒരു പട്ടാളവാഹനം കടന്നു പോകുകയാണ്. പ്രദേശത്തു പട്ടാളത്തിന്റെ ഹെലികോപ്ടർ ഇറക്കാനുള്ള സ്ഥലം ഒരുക്കുകയാണ് അതിലെ സൈനികരുടെ ഉത്തരവാദിത്തം. വാഹനത്തിന്റെ പിൻ സീറ്റിൽ ഊർജസ്വലനായ ഡെറക് ഡീറെനലാഗിയാണ് ഇരിക്കുന്നത്. പ്രദേശത്തെ ഒരു കുന്നിനു മുകളിൽ വാഹനം എത്തി. എല്ലാ വശങ്ങളിലേക്കും നോട്ടംകിട്ടാനായി മറ്റൊരു ഭാഗത്തേക്കു വാഹനം നീക്കണം. അതിനായി പിന്നിലേക്കെടുത്ത പട്ടാള വാഹനം എന്തിലോ ഇടിച്ചു. ഭീകരർ കുഴിച്ചിട്ട സ്ഫോടക വസ്തുക്കളടങ്ങിയ ബാരലായിരുന്നു അത്. സൈനികരടക്കം വാഹനം സ്ഫോടനത്തിൽ തെറിച്ചു. അതു ചെന്നിടിച്ചത് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന മറ്റൊരു വാഹനത്തിൽ. പ്രദേശം ഒരു തീഗോളമായി മാറി.

കാഴ്ച മങ്ങുന്നതും ശബ്ദം മറയുന്നതും ഡെറക് അറിയുന്നുണ്ടായിരുന്നു. പട്ടാളത്തിന്റെ മെഡിക്കൽ സംഘം എല്ലാവരെയും വാരിയെടുക്കുമ്പോൾ ഡെറക്കിന് ജീവനുണ്ടായിരുന്നു.

‘ഡെറക് താങ്കൾക്കു കേൾക്കാൻ കഴിയുന്നുണ്ടോ?,’   മെഡിക്കൽ സംഘത്തിലെ ആരോ ചോദിക്കുന്നത് അവ്യക്തമായി അയാൾ കേട്ടു. പതിയെ ബോധം മറഞ്ഞു.

ഡെറക്കിനെയും സഹപ്രവർത്തകരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്കുശേഷം ഡെറക്കിന്റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പൊതിയുന്ന ബാഗിനുള്ളിലേക്കു ശരീരം കയറ്റുമ്പോൾ അദ്ദേഹത്തിന്റെ പൾസ് പൂർണമായി നിലച്ചിട്ടില്ലെന്ന് ഒരു ഡോക്ടർക്കു തോന്നി. ഉടൻ പരിശോധനയ്ക്കു വിധേയനാക്കി. മരിച്ചു എന്ന് ഉറപ്പാക്കിയിടത്തുനിന്ന് അയാൾ തിരിച്ചെത്തിയിരിക്കുന്നു. ഉടൻതന്നെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് 9 ദിവസം മരണത്തിനും ജീവിതത്തിനുമിടയിൽ കോമയിൽ.

ബോധം തെളിഞ്ഞെങ്കിലും പിന്നെയും ആഴ്ചകളോളം ആശുപത്രിയിക്കിടക്കയിലായിരുന്നു. അപ്പോഴേക്കും ഭാര്യ അന്നയും ആശുപത്രിയിലെത്തി. ഭർത്താവിന്റെ പരിചരണം ഏറ്റെടുത്ത് അന്ന പിന്നീടങ്ങോട്ടു കൂടെയുണ്ടായിരുന്നു.

‘അന്ന... എനിക്ക് ഇങ്ങനെ കിടക്കാൻ വയ്യ. എഴുന്നേറ്റു നടക്കണം.’

വിതുമ്പുന്ന ശബ്ദത്തോടെ ഡെറക് ഭാര്യയോടു പറഞ്ഞു. അയാളുടെ കണ്ണുകളിൽ നിന്ന് വിഷാദം ഒഴുകുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിലും. മറുപടിയൊന്നും പറയാതെ അവൾ തന്റെ മൊബൈലിൽ ഡെറക്കിന്റെ ഫോട്ടോ പകർത്തി. ആ ഫോട്ടോയിലേക്ക് ഏറെനേരം അയാൾ തുറിച്ചു നോക്കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഇരുകാലുകളും മുട്ടിനു മുകളിൽ വച്ച് മുറിച്ചു മാറ്റിയിരിക്കുന്നു. സ്ഫോടനത്തിൽ ഒരു കാൽ പൂർണമായി തകർന്നു. മറ്റേതിൽ പഴുപ്പു കയറിത്തുടങ്ങിയിരുന്നു. ജീവൻ നിലനിർത്താൻ അതുകൂടി മുറിക്കുകയേ തരമുണ്ടായിരുന്നുള്ളു.

വിശ്രമ ജീവിതം ഏറെ നീണ്ടു. 2008 ലെ ബെയ്ജിങ് ഒളിംപിക്സ് നടക്കുകയാണ്. മത്സര ദൃശ്യങ്ങൾ ഡെറക് ടെലിവിഷനിൽ താൽപര്യപൂർവം കണ്ടു. ഡെറക് ഭാര്യയെ അടുത്തേക്കു വിളിച്ചു. ‘അന്ന... 2012 ലെ പാരാലിംപിക്‌സിൽ എനിക്കു പങ്കെടുക്കണം’. ഒളിംപിക്സ് ദൃശ്യങ്ങൾ കണ്ടുള്ള ആവേശമെന്നേ അന്ന കരുതിയുള്ളു.  എന്നാൽ, അന്നുമുതൽ അയാൾ മാനസികമായി പാരാലിംപിക്സിനായി ഒരുങ്ങിത്തുടങ്ങി. പിന്നീട് ഒരുപാടുനാൾ കിടക്കയിൽ തളയ്ക്കപ്പെടാൻ അയാൾ ഒരുക്കമായിരുന്നില്ല. മുറിച്ചുമാറ്റിയ കാലുകൾക്കുപകരം കൃത്രിമക്കാലുകൾ പിടിപ്പിച്ചു. നടക്കാൻ ശ്രമിക്കുമ്പോൾ വീണു പരുക്കേറ്റു. പക്ഷേ, ലക്ഷ്യം വേദനകൾക്കു മുകളിലായിരുന്നു.

‌2 വർഷത്തിനു ശേഷം ഡിഫൻസ് ബാറ്റിൽ ബാക്ക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന പരിശീലനത്തിലേക്ക് ഡെറക് തിരഞ്ഞെടുക്കപ്പെട്ടു. കലിഫോർണിയയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിംപിക് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം. അവിടെ വച്ച് ഡിസ്കസ് ത്രോ തന്റെ ഇനമായി ഡെറക് തിരഞ്ഞെടുത്തു. 2012 ൽ നെതർലൻഡ്‌സിൽ നടന്ന അത്‌ലറ്റിക്‌സ് യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഡിസ്‌കസ് ത്രോയിൽ സ്വർണമെഡൽ നേടിയതോടെ ഡെറക്കിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിച്ചു. 

അതേ വർഷം പാരാലിംപിക്‌സിലും ഡെറക് പങ്കെടുത്തു. 8000ൽ അധികം വരുന്ന കാണികളെ സാക്ഷിനിർത്തി പാരാലിംപിക്സിൽ പങ്കെടുക്കുമ്പോൾ ഡെറക് മരണത്തെപ്പോലും കീഴടക്കിയ പോരാളിയായി മാറുകയായിരുന്നു. പിന്നീട് ഷോട്ട്പുട്ടിലും ജാവലിങ് ത്രോയിലും ഓട്ടത്തിലുമെല്ലാം ഡെറക് തന്റെ സാന്നിധ്യമറിയിച്ചു. ഡെറക്കിന്റെ ജീവിതം ഇന്ന് അനേകർക്ക് അത്ഭുതമാണ്. അറിയപ്പെടുന്ന മോട്ടിവേഷനൽ ട്രെയിനർ കൂടിയാണ് ഡെറക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA