ADVERTISEMENT

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം. ലോകമെമ്പാടും 250 കോടിയിലേറെ ഉപകരണങ്ങളാണ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നത്. സ്മാർട് ഫോണുകൾ കൂടാതെ ടെലിവിഷനുകൾ, ഡിജിറ്റൽ ക്യാമറകൾ, സ്മാർട്ട് വാച്ചുകൾ. എന്നിങ്ങനെ നിരവധി സാങ്കേതിക ഉപകരണങ്ങൾ സുഗമമായി ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം സഹായിക്കുന്നു. ആൻഡ്രോയ്ഡ് കമ്പനി സ്ഥാപകനായ ആൻഡി റൂബിന്റെ വിളിപ്പേരായ ‘ആൻഡ്രോയ്ഡ്’ പിന്നീട് കമ്പനിയുടെ പേരായി.

ന്യൂയോർക്കിലെ യൂടികാ കോളജിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്ത ആൻഡി റൂബിനു സാങ്കേതിക വിദ്യയോടു ചെറുപ്പം മുതൽക്കേ ഭ്രമമായിരുന്നു. ആപ്പിളിലും മൈക്രോസോഫ്റ്റിലുമൊക്കെ തൊഴിലെടുത്ത റൂബിൻ 2003 ൽ ആൻഡ്രോയ്ഡ് കമ്പനിക്കു തുടക്കം കുറിച്ചു. റിച്ച് മൈനർ, നിക്ക് സിയഴ്സ്, ക്രിസ് വൈറ്റ് എന്നീ സുഹൃത്തുക്കളെയും പങ്കാളികളാക്കി. ഡിജിറ്റൽ ക്യാമറകൾക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ നിർമിക്കുകയായിരുന്നു കമ്പനിയുടെ ആദ്യത്തെ ഉദ്യമം. എന്നാൽ ക്യാമറകളിലെ  സോഫ്റ്റ്‌വെയർ സംവിധാനം വേണ്ട രീതിയിൽ വിപണനം ചെയ്യാൻ കഴിഞ്ഞില്ല. പ്രതിസന്ധിയിലായ കമ്പനി മൊബൈൽ ഫോണുകൾക്കായി സോഫ്റ്റ്‌വെയർ ഒരുക്കുന്നതിലേക്കു ശ്രദ്ധ തിരിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയുടെ പ്രവർത്തനം തടസപ്പെട്ടു. പുതിയ ആശയത്തിനു പണം നൽകി സഹായിക്കാൻ ഒരു നിക്ഷേപകരെയും കിട്ടിയില്ല.  കമ്പനി അടച്ചു പൂട്ടാറായ ഘട്ടത്തിൽ റൂബിന്റെ സുഹൃത്ത് സ്റ്റീവ് പേൾമാൻ നൽകിയ 10000 ഡോളര്‍ ജീവശ്വാസമായി. 

2005 ൽ റൂബിന്റെ പദ്ധതികൾ ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ ശ്രദ്ധയിൽ പെട്ടതോടെ ആൻഡ്രോയ്ഡിന്റെ തലവര മാറി. അൻപത് മില്യൻ ഡോളറിനു കമ്പനി ഗൂഗിൾ ഏറ്റെടുത്തു.  2007 ൽ ആപ്പിൾ ഐഫോൺ അവതരിപ്പിച്ചതോടെ അതിനു ബദലായി പുതിയ സോഫ്റ്റ്‌വെയർ അനിവാര്യമായി. ഗൂഗിൾ കമ്പനിയുടെ നേതൃത്വത്തിൽ 84 മൊബൈൽ അനുബന്ധ കമ്പനികളുടെ കൂട്ടായ്മയായ ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ്  രൂപീകരിച്ചു. ശ്രമകരമായ ദൗത്യത്തിനൊടുവിൽ 2008 സെപ്റ്റംബർ 23 ന് ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന  ആദ്യത്തെ സ്മാർട്ട് ഫോണായ എച്ച്ടിസി ഡ്രീം പുറത്തിറങ്ങി. പിന്നീട് ഈ ആൻഡ്രോയ്ഡും അതിൽ പ്രവർത്തിക്കുന്ന മൊബൈൽ കമ്പനികളും അത്ഭുതകരമായ വളർച്ച  നേടി. ആൻഡ്രോയ്ഡിനെ തിരസ്കരിച്ച നോക്കിയ, ബ്ലാക്ക്ബെറി തുടങ്ങിയ കമ്പനികളുടെ പ്രതാപം അസ്തമിച്ചുകൊണ്ട് വിപണിയിൽ കാലിടറി വീണു.

പിഴവുകൾ പരിഹരിച്ച് ആൻഡ്രോയ്ഡിന്റെ പുതിയ വേർഷനുകൾ ഓരോ വർഷവും അവതരിപ്പിച്ചു. ഓരോ ഉപഭോക്താക്കളുടെയും ജീവിതം മധുരകരമാക്കുന്നു എന്ന അർഥത്തിൽ കപ്പ് കേക്ക്, ഡോനട്ട്, എക്ലയർ, കിറ്റ്കാറ്റ് തുടങ്ങി മധുര പദാർഥങ്ങളുടെ പേരുകളാണ് ഓരോ വേർഷനും നൽകിയിരിക്കുന്നത്. ആയാസരഹിതമായും ആനന്ദത്തോടെയും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ കോടാനുകോടി ജനങ്ങൾക്ക് അവസരമൊരുക്കിയ ആൻഡ്രോയ്ഡ് ഒരു കൂട്ടായ്മയുടെ കൂടി വിജയമായിരുന്നു. ആൻഡി റൂബിൻ മനസില്‍ കണ്ടതിനേക്കാൾ വിപ്ലവകരമായ വിജയമാണ് ആൻഡ്രോയ്ഡ് നേടിയത്. റൂബിൻ തന്റെ പുതിയ സംരംഭമായ എസ്സെൻഷ്യൽ പ്രൊഡക്ട്സുമായി മുന്നേറുന്നു. നൂതന ആശയങ്ങളും അതിനായി പ്രവർത്തിക്കാൻ ഒത്തൊരുമയുള്ള ഒരു സംഘവുമുണ്ടെങ്കിൽ ഏതൊരു സംരംഭവും വിജിയിപ്പിക്കാം എന്ന് ആൻഡ്രോയ്ഡ് തെളിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com