sections
MORE

പഠിച്ചതു ഫാഷൻ ഡിസൈനിങ്, ജോലി പശുവളർത്തൽ; അശ്വതി വ്യത്യസ്തയാകുന്നത് ഇങ്ങനെ

Aswathy
SHARE

വാഹനങ്ങളോടാണു കമ്പം. പഠിച്ചതു ഫാഷൻ ഡിസൈനിങ്ങാണ്. എന്നാൽ പശുവളർത്തലാണ് ഇഷ്ടവും ജോലിയും. കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരി അശ്വതി സന്തോഷ് പറയുകയാണ്, തന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും. ക്ഷീരകർഷകയെന്ന് അറിയപ്പെടാൻ ഏറെയിഷ്ടപ്പെടുന്ന അശ്വതി സ്വന്തം ഫാമിൽ പത്തോളം പശുക്കളെയാണു വളർത്തുന്നത്. അവയുടെ എല്ലാകാര്യങ്ങളും താൻ തന്നെ ചെയ്യണമെന്നു വാശിപിടിക്കുന്ന ഒരു സംരംഭക. 

ഇഷ്ടമാണ് പശുക്കളെ
ഒരുപാട് ഇഷ്ടമാണ് ഈ പശുക്കളെയെന്നു മറ്റൊന്നും ചിന്തിക്കാതെ അശ്വതി പറയും. ഒരു ദിവസം പുലരുന്നതു മുതൽ അവൾ ഏറ്റവുമധികം നേരം ചെലവഴിക്കുന്നതും പശുക്കൾക്കൊപ്പം തന്നെ. പുലർച്ചെ 4 മണിക്ക് ഉണർന്നാൽ 5 മണി ആകുമ്പോഴേയ്ക്കും 7 കിലോമീറ്റർ അകലെയുള്ള തന്റെ ഫാമിലേക്ക് അശ്വതിയെത്തും. പശുക്കളെ കറക്കുന്നതും കുളിപ്പിക്കുന്നതും പാൽ ശേഖരിച്ചു വീടുകളിലും മിൽമയിലുമെത്തിക്കുന്നതുമൊക്കെ അശ്വതിയാണ്. പിന്നീട് ഉച്ചയാകുന്നതു വരെ പശുക്കളെ നോക്കിയും അവയോടു കൊച്ചു വർത്തമാനം പറഞ്ഞുമൊക്കെ ഫാമിൽ തന്നെ. 

ഉച്ച ആകുന്നതോടെ പശുക്കൾക്കു വേണ്ട ഭക്ഷണം ശേഖരിക്കാനായുള്ള യാത്ര. പയ്യന്നൂർ സ്വദേശിനിയായ അശ്വതി തന്റെ പിക്കപ്പ് വാൻ സ്വയമോടിച്ചാണ് 36 കിലോമീറ്റർ അകലെ, കണ്ണൂർ നഗരത്തിലേക്കു പശുക്കളുടെ ആഹാരമെടുക്കാനെത്തുന്നത്. കണ്ണൂരിലെ പുതിയതെരു, ഹാജിറോഡ് മാർക്കറ്റുകളിൽ നിന്നാണു പശുക്കൾക്കു നൽകാനുള്ള പച്ചക്കറികളെടുക്കുന്നത്. ഒരു ലോഡ് നിറയെ പച്ചക്കറികളുണ്ടാകും. മാർക്കറ്റിലെ പരിചയക്കാരുടെ സഹായത്തോടെ ചാക്കുകളിലാക്കിയ പച്ചക്കറി പിക്കപ്പ് വാഹനത്തിൽ കയറ്റും. പിന്നീടതുമായി ഫാമിലേക്ക്. ചിലപ്പോൾ ഫാമിലെത്തുമ്പോൾ സമയം രാത്രി 8 മണിയൊക്കെയാകുമെന്നും അശ്വതി പറയുന്നു. 

മൂന്നു വർഷം മുൻപാണ് അശ്വതി പശുക്കൾക്കായി ഫാം തുടങ്ങുന്നത്. എന്നാൽ പശുക്കളോടുള്ള ഇഷ്ടം തുടങ്ങുന്നതു കുട്ടിക്കാലത്തും.‘ഞാൻ ചെറുതായിരിക്കുന്ന സമയത്തു വീട്ടിൽ പശുവും ആടുമൊക്കെയുണ്ടായിരുന്നു. അന്നു മുതൽ ആരംഭിച്ചതാണ് ഈ കൂട്ടുക്കെട്ട്.’ അശ്വതി പറയുന്നു. അതുകൊണ്ടു തന്നെ വലുതായപ്പോൾ ഒരു സംരംഭം എന്ന ചിന്ത ആരംഭിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയതും ഇതു തന്നെയാണ്. രണ്ടു പശുക്കളുമായാണു ഫാം ആരംഭിക്കുന്നത്. പിന്നീടു സബ്സിഡിയായി വായ്പയെടുത്തു ഫാം വിപുലീകരിച്ചു. 30 പശുക്കൾ വരെയുണ്ടായിരുന്നു. എന്നാൽ ഇടയ്ക്കൊരു പനി വന്നതോടെ എല്ലാം ഒറ്റയ്ക്കു നോക്കാൻ കഴിയാതെ വന്നു. അതോടെ കുറച്ചു പശുക്കളെ വിൽക്കുകയായിരുന്നുവെന്നും അശ്വതി. 

വീട്ടിൽ അച്ഛനും അമ്മയും സഹോദരനും ഭർത്താവും നല്ല പിന്തുണയാണ്. എന്തു ചെയ്യണമെന്ന് അവരാരും എന്നെ നിർബന്ധിക്കാറില്ല. ഫാഷൻ ഡിസൈനിങ് പഠിച്ചതിനാൽ ആ ജോലി ചെയ്യണം എന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല. എനിക്ക് എന്താണോ ഇഷ്ടം അതു ചെയ്യുക എന്നാണവർ പറയുന്നത്. പല ദിവസങ്ങളിലും നല്ല തിരക്കായതിനാ‍ൽ അഞ്ചു വയസ്സുകാരി മകൾ ഗയയെ എന്റെ അമ്മയാണു നോക്കുന്നത് – അശ്വതി പറയുന്നു.

ഇഷ്ടമാണ് വാഹനങ്ങളെയും
ദിവസവും പിക്കപ്പ് വാനോടിച്ച് 36 കിലോ മീറ്റർ ദൂരം സഞ്ചരിക്കുന്നതിനിടയിൽ അശ്വതി ഒരിക്കലും മടുക്കാറില്ല. അവളെങ്ങനെ മടുക്കും? ഓരോ നിമിഷവും ആസ്വദിക്കുകയല്ലേ. കുട്ടിക്കാലത്ത് അച്ഛനാണു ഡ്രൈവിങ് പഠിപ്പിച്ചത്. ഓട്ടോയാണ് ആദ്യമോടിച്ചു പഠിച്ചത്. ഹെവി വാഹനങ്ങളുടെ ലൈസൻസും എടുത്ത അശ്വതിയിപ്പോൾ മിക്ക വാഹനങ്ങളും ഓടിക്കും. നാഷനൽ പെർമിറ്റും എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അശ്വതിയും ഭർത്താവ് സന്തോഷും ബൈക്കിൽ ലേ –ലഡാക്ക് ട്രിപ്പ് നടത്തിയത്. 21 ദിവസം നീണ്ട യാത്രയിൽ 10,600 കിലോമീറ്റർ ദൂരമാണ് ഇരുവരും താണ്ടിയത്. അത്യാവശ്യഘട്ടം വന്നാൽ ഡ്രൈവറായ ഭർത്താവിന്റെ ടവേരയിലെ യാത്രക്കാരെയും അശ്വതി യഥാസ്ഥാനത്തെത്തിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA