sections
MORE

ദരിദ്രരായ വിദ്യാർഥികൾക്ക് സൗജന്യ ഐഐടി പരിശീലനം; സൂപ്പര്‍ 30 പോലെ സൂപ്പറാണ് അനന്ത് കുമാര്‍

Anand-Kumar
SHARE

രണ്ട് ദിവസത്തില്‍ 30 കോടി വരുമാനം നേടി ഹൃത്വിക് റോഷന്‍ അഭിനയിച്ച സൂപ്പര്‍ 30 എന്ന ബയോപിക് മുന്നേറുകയാണ്. ബയോപിക്കുകളോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നതാണ് അവ ആധാരമായ മനുഷ്യരുടെ ജീവിതങ്ങളും. പലപ്പോഴും സിനിമയിലെയും സ്‌പോര്‍ട്‌സിലെയുമൊക്കെ സെലിബ്രിറ്റികളെ പറ്റിയാണ് ബയോപിക്കുകള്‍ നിര്‍മ്മിക്കപ്പെടുക തന്നെ. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും മഹേന്ദ്രസിങ് ധോണിയെയും മില്‍ഖാ സിങ്ങിനെയുമൊക്കെ പോലെ നിരവധി പേരെ കുറിച്ചുള്ള ബയോപിക്കുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തമാണ് സൂപ്പര്‍ 30 എന്ന സിനിമയ്ക്ക് ആധാരമായ ബീഹാറിലെ 'സൂപ്പര്‍ 30' എന്ന സൗജന്യ എന്‍ട്രന്‍സ് പരിശീലന സ്ഥാപനവും അതിന്റെ അമരക്കാരനായ അനന്ത് കുമാറും. 

പ്രശസ്തിയിലേക്ക് ഉയര്‍ന്ന ശേഷം പണത്തിനു മുകളില്‍ പണം അടുക്കി വച്ച് പരസ്യ വരുമാനം നേടുന്ന ശരാശരി സെലിബ്രിറ്റിയല്ല അനന്ത് കുമാര്‍. പരിമിതമായ ചുറ്റുപാടുകളില്‍ നിന്നു തന്റെ ബുദ്ധി കൊണ്ടും കഠിനാധ്വാനവും കൊണ്ട് മാത്രം ഉയര്‍ന്നു വന്ന് ഇന്ന് നിരവധി പാവപ്പെട്ട വിദ്യാർഥികള്‍ക്ക് കൈത്താങ്ങും, നിരവധി പേര്‍ക്ക് പ്രചോദനവുമാണ് ഈ മനുഷ്യന്‍. സ്ഥാപനത്തിന്റെ പേരു പോലെ തന്നെ സൂപ്പറാണ് അനന്തിന്റെ ജീവിതവും. 

ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇക്ക് ദരിദ്ര ചുറ്റുപാടുകളില്‍ നിന്നുള്ള 30 വിദ്യാർഥികളെ എല്ലാ വര്‍ഷവും പഠിപ്പിക്കുന്ന ബീഹാറിലെ പട്‌നയിലുള്ള സ്ഥാപനമാണ് സൂപ്പര്‍ 30. 2002 ല്‍ ആരംഭിച്ച സൂപ്പര്‍ 30 യിലൂടെ ഐഐടികളുടെ പടി കടന്നവര്‍ നൂറുകണക്കിനാണ്. തപാല്‍ വകുപ്പിലെ ക്ലര്‍ക്കായിരുന്നു അനന്ത് കുമാറിന്റെ പിതാവ്. പഠിച്ചത് ഹിന്ദി മീഡിയത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍. ചെറുപ്രായത്തില്‍ തന്നെ കണക്കിനോട് അനന്തിന് വല്യ ഇഷ്ടമായിരുന്നു. ബിരുദപഠന സമയത്ത് അനന്ത് നമ്പേഴ്‌സ് തിയറിയെ കുറിച്ച് തയ്യാറാക്കിയ പേപ്പര്‍ യുകെയിലെ മാത്തമാറ്റിക്കല്‍ സ്‌പെക്ട്രത്തിലും മാത്തമാറ്റിക്കല്‍ ഗസറ്റിലും പ്രസിദ്ധീകരിച്ചു. 

കേംബ്രിജ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ച അനന്ത് തന്റെ സ്വപ്നത്തിനു തൊട്ടരികെ എത്തി നില്‍ക്കുമ്പോഴായിരുന്നു പിതാവിന്റെ വിയോഗം. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. പിടിച്ചു നില്‍ക്കാനായി അനന്തിന്റെ അമ്മ പപ്പടം ഉണ്ടാക്കി വില്‍ക്കാന്‍ ആരംഭിച്ചു. കേംബ്രിജ് സ്വപ്നം പൊലിഞ്ഞതോടെ അനന്ത് പപ്പടം വില്‍ക്കാന്‍ അമ്മയെ സഹായിക്കാന്‍ തുടങ്ങി. 

1995ല്‍ തന്റെ 22-ാം വയസ്സില്‍ 500 രൂപ വാടകയില്‍ ഒരു മുറിയെടുത്ത് അനന്ത് കുട്ടികള്‍ക്കു കണക്ക് ട്യൂഷനെടുക്കാന്‍ തുടങ്ങി. ഒരു വര്‍ഷം കൊണ്ടു കുട്ടികളുടെ എണ്ണം രണ്ടില്‍ നിന്ന് 36 ആയി. രാമാനുജന്‍ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് എന്നു പേരിട്ട ആ സ്ഥാപനത്തിലെ വിദ്യാർഥികളുടെ എണ്ണം മൂന്നു വര്‍ഷം കൊണ്ട് 500 ആയി ഉയര്‍ന്നു. പ്രതിവര്‍ഷം 1500 രൂപയായിരുന്നു ഫീസ്. 

2000ല്‍ ഒരു പാവപ്പെട്ട വിദ്യാർഥി അനന്ത് കുമാറിന്റെ അടുത്ത് ഐഐടി-ജെഇഇക്ക് പരിശീലനം നല്‍കാമോ എന്നാവശ്യപ്പെട്ട് എത്തി. അവനു പക്ഷേ, ഫീസൊന്നും നല്‍കാനുള്ള ചുറ്റാപാടില്ലായിരുന്നു. ഇതാണ് സൂപ്പര്‍ 30 ആരംഭിക്കാന്‍ അനന്തിനുണ്ടായ പ്രചോദനം. അങ്ങനെ രാമാനുജന്‍ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിനു കീഴില്‍ സൂപ്പര്‍ 30 പരിശീലന പരിപാടി ആരംഭിച്ചു. ഒരു വര്‍ഷം 30 പേര്‍ക്കാണ് ഇതിലേക്ക് പ്രവേശനം നല്‍കുക. ഈ 30 പേരെ പ്രവേശന പരീക്ഷ നടത്തി കണ്ടെത്തും. എല്ലാ വര്‍ഷവും അയ്യായിരത്തോളം പേര്‍ ഈ പരീക്ഷയെഴുതാനെത്തുന്നു. 

തെരുവില്‍ സാധനം വില്‍ക്കുന്നവര്‍, റിക്ഷാവലിക്കാര്‍, കര്‍ഷകര്‍, ദിവസ വേതനക്കാര്‍ അങ്ങനെ തീര്‍ത്തും പാവപ്പെട്ടവരായവരുടെ മക്കള്‍ ഇക്കാലയളവില്‍ സൂപ്പര്‍ 30യിലൂടെ തങ്ങളുടെ ഐഐടി സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ചു. തിരഞ്ഞെടുക്കുന്ന 30 കുട്ടികള്‍ക്ക് താമസവും ഭക്ഷണവും എന്‍ട്രന്‍സ് പരിശീലനവുമെല്ലാം സൗജന്യമായിട്ടാണ് നല്‍കുന്നത്. ട്യൂഷന്‍ ക്ലാസുകളില്‍ നിന്നുള്ള വരുമാനം ഇതിനായി അനന്ത് കുമാര്‍ ഉപയോഗിച്ചു. അനന്തിന്റെ അമ്മ ജയന്തി ദേവി ഈ കുട്ടികള്‍ക്കായി ആഹാരം പാകം ചെയ്തപ്പോള്‍ സഹോദരന്‍ പ്രണവ് കുമാര്‍ സ്ഥാപനം നോക്കി നടത്തുന്നു. 

സൂപ്പര്‍ 30യില്‍ നിന്ന് ഓരോ വര്‍ഷവും 20ഉം 30ഉം കുട്ടികളൊക്കെ ഐഐടികളിലെത്തിയതോടെ അനന്തിനെ തേടി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങളെത്തി. 2008ല്‍ 30ല്‍ 30 പേരും ജെഇഇ പാസ്സായതോടെ സൂപ്പര്‍ 30 വാര്‍ത്തകളില്‍ ഇടം പിടിക്കുകയും അനന്ത് കുമാറിന്റെ പ്രശസ്തി രാജ്യമെമ്പാടും എത്തുകയും ചെയ്തു. ടൈം മാഗസിനും ഡിസ്‌കവറി ചാനലുമൊക്കെ ഈ സൂപ്പര്‍ അധ്യാപകനെ കുറിച്ച് വാര്‍ത്തകളെഴുതി. 

സൂപ്പര്‍ 30 നല്‍കിയ പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഇത്തരത്തിലുള്ള സൗജന്യ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളും ഉയര്‍ന്നു. ആനന്ദ് മഹിന്ദ്ര ഉള്‍പ്പെടെയുള്ള നിരവധി വ്യവസായികളും പ്രവാസികളുമൊക്കെ സൂപ്പര്‍ 30ക്ക് സഹായ വാഗ്ദാനവുമായി എത്തിയെങ്കിലും അനന്ത് കുമാര്‍ അവയെല്ലാം നിരസിച്ചു. സിനിമയും പ്രശസ്തിയും നല്‍കുന്ന തങ്കതിളക്കത്തിനിടയിലും തന്റെ ദൗത്യത്തില്‍ നിന്ന് വ്യതിചലിക്കാതെ സൂപ്പര്‍ 30യുമായി മുന്നോട്ട് പോവുകയാണ് ഈ അധ്യാപകന്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA