ADVERTISEMENT

അനു കളിമണ്ണിൽ കളിക്കുകയാണ്. വീട്ടുകാർ ചീത്ത പറയുന്നില്ല. അതുകൊണ്ട് അനു കളിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ സെറാമിക് പാത്ര നിർമാണ ഡിസൈനർമാരുടെ മുൻനിരയിലിപ്പോൾ അനുവിന്റെ പേരും കാണാം.

അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലേക്ക് അനു വർഗീസ് ചീരൻ പോയതു വ്യവസായിക ഡിസൈൻ പഠിക്കാനാണ്. തുകൽ ഡിസൈനിങ് രംഗത്തു മികവു തെളിയിച്ചൊരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലിയും നേടി. കല്യാണത്തെക്കുറിച്ച് ആലോചിക്കാവുന്ന സമയം. പക്ഷേ സെറാമിക് പോട്ടറി ഡിസൈനിങ്ങിലേക്കുള്ള അനുവിന്റെ യാത്ര അവിടെ തുടങ്ങുന്നു.

തൃശൂരിലെ വീട്ടിലെത്തിയ അനു അവിടെയിരുന്നു പലതുമുണ്ടാക്കാൻ തുടങ്ങി. ചായക്കോപ്പകളും ചെടിവയ്ക്കാനുള്ള പാത്രങ്ങളുമായിരുന്നു ആദ്യമുണ്ടാക്കിയത്. പൂങ്കുന്നത്തെ വീട്ടിൽത്തന്നെ ചുട്ടെടുക്കാനുള്ള സ്റ്റുഡിയോയും സ്ഥാപിച്ചു. ‘ദ് ലിറ്റിൽ ഗോൾഡ് ഫിഷ്’ എന്ന ഡിസൈനർ സ്ഥാപനം തുടങ്ങിയത് അങ്ങനെയാണ്.

ഇൻസ്റ്റഗ്രാമിലൂടെ പലരും അനുവിന്റെ കളിമൺ വിരുതു കണ്ടു. മുംബൈയിലും പുതുച്ചേരിയിലുമുള്ള ക്യാംപുകളിലും മേളയിലും പങ്കെടുത്ത അനു പതുക്കെ ശ്രദ്ധേയയാകുകയായിരുന്നു. ഇന്നു റസ്റ്ററന്റുകളിലേക്കും മറ്റുമുള്ള പാത്രങ്ങൾ അനു ഡിസൈൻ ചെയ്ത് ഉണ്ടാക്കിക്കൊടുക്കുന്നു. ഓരോ റസ്റ്ററന്റിനും കാപ്പിയുടെ അളവുപോലും വ്യത്യസ്തമാണ്. ചിലർക്കു വലിയ കപ്പുവേണം, ചിലർക്കു വിരലോളം പോന്ന കപ്പുമതി. കളിമൺ പാത്രങ്ങളെ സ്നേഹിക്കുന്ന പലരും ഡിസൈനർ ചായക്കപ്പുകൾക്കായി അനുവിനെ തേടിയെത്തുന്നു. ചിലർ സമ്മാനമായി നൽകാനുള്ള അപൂർവ പാത്രങ്ങൾ നിർമിക്കാനാവശ്യപ്പെട്ടു തേടിയെത്തുന്നു. പാത്രങ്ങളിൽ‌ പേരെഴുതി കൊടുക്കാൻ ചിലർ ആവശ്യപ്പെടുന്നു. വിദേശത്തെല്ലാം പോട്ടറി സമ്മാനിക്കുന്നതു വലിയ ആദരവായാണു കാണുന്നത്.

പലരും അന്വേഷിച്ചെത്തിയതോടെ അനു പോട്ടറിയുടെ പ്രാഥമിക ക്ലാസ് നടത്താൻ തീരുമാനിച്ചു. 10 വയസ്സുകാർ മുതൽ 70 വയസ്സുകാർ‌ വരെ പാത്ര നിർമാണം പഠിക്കാനെത്തി. ഐടി രംഗത്തെ പലരും കൂട്ടത്തോടെ എത്താറുണ്ട്. പിരിമുറുക്കത്തിൽ നിന്നു രക്ഷപ്പെടാൻ 2 ദിവസം സെറാമിക് പാത്രമുണ്ടാക്കിയാൽ മതിയെന്ന് അവർ കണ്ടെത്തിയിരിക്കുന്നു. പഠിക്കാനെത്തിയ പലരും സ്വന്തം തീൻമേശയിൽ ഇപ്പോൾ ഉപയോഗിക്കുന്നത് സ്വയമുണ്ടാക്കിയ പാത്രങ്ങളാണ്.

പെട്ടെന്നു ചെന്നാൽ അനുവിനു പാത്രമുണ്ടാക്കി കൊടുക്കാനാകില്ല. പ്രത്യേകമായി നിർമിക്കുന്ന പാത്രത്തിനു വിലയും കൂടുതലാണ്. പലപ്പോഴും ചുട്ടെടുക്കുന്ന പാത്രം പൊട്ടും. അതു വിലയെ ബാധിക്കും. ക്ഷമയോടെ കാത്തിരിക്കുന്നവർക്കു മാത്രമെ സ്വന്തം മനസ്സിലുള്ള മൺപാത്രങ്ങൾ കിട്ടൂ. കേരളത്തിൽ അത്ര ജനകീയമല്ലാത്തൊരു വഴി തിരഞ്ഞെടുത്തുവെങ്കിലും അനുവിനു നല്ല സന്തോഷമുണ്ട്. അനുവിന്റെ  കരവിരുതിന് ആവശ്യക്കാർ ഏറി വരികയാണ്. പല റിസോർട്ടുകളും അവർക്കുവേണ്ട അലങ്കാര ചട്ടികൾ ഏൽപ്പിക്കുന്നത് അനുവിനെയാണ്. പലരും വീടുവയ്ക്കുമ്പോൾ പൂമുഖത്തു വലിയൊരു പാത്രം വേണമെങ്കിൽ അനുവിനെ ഓർത്തു തുടങ്ങിയിരിക്കുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ചീരൻ വർഗീസിന്റെയും മിനി വർഗീസിന്റെയും മകളാണ് അനു.

വിരലുകൾക്കിടയിലൂടെ നമ്മുടെ മനസ്സിലെ ഒരു രൂപമുണ്ടാകുന്നതിന്റെ സുഖം എന്നാണ് അനു സെറാമിക് പാത്ര നിർമാണത്തെക്കുറിച്ചു പറഞ്ഞത്. 1200 ഡിഗ്രി വരെ ചൂടാക്കിയെടുത്ത പാത്രം തണുത്തു പുറത്തെടുക്കുന്നതു വരെ ഒന്നും പറയാനാകില്ല. തലനാരിഴ പോലുള്ള ചെറിയൊരു ചിന്നലു മതി എല്ലാം തകർക്കാൻ. ഓരോ പാത്രവും ഇതുപോലെ കാത്തിരുന്നുണ്ടാക്കുന്നവയാണ്. ചിന്മയ സ്കൂളിൽ ചിത്രം വരച്ചു നടന്നിരുന്നൊരു കുട്ടി കളിമണ്ണിൽ കളിച്ചു രസിക്കുന്നു. പതിവു വഴികളെല്ലാം വിട്ടു പുതിയൊരു ലോകത്തേക്കു വാതിലും തുറന്നിരിക്കുന്നു. 9495619498.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com