ADVERTISEMENT

ഗൾഫിലെ ജോലി ഉപേക്ഷിച്ച് പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിറങ്ങിയ രഞ്ജിത്കുമാറിന് പിഴച്ചില്ല. എക്സൈസ് വകുപ്പിൽ ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേട്ടത്തോടെ സർക്കാർ സർവീസിലേക്ക് തിളക്കമുള്ള പ്രവേശനം.   ഡ്രൈവർ റാങ്ക് ലിസ്റ്റിനു പുറമേ എൽഡിസി, ജയിൽ വാർഡൻ എന്നിവ ഉൾപ്പെടെ മറ്റ് അഞ്ച് പിഎസ്‌സി ലിസ്റ്റുകളിലും രഞ്ജിത് കുമാർ മികച്ച നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 

കൊല്ലം കടയ്ക്കൽ വടക്കേവയൽ രതീഷ് ഭവനിൽ ആർ.രഞ്ജിത് കുമാർ കഴിഞ്ഞ മൂന്നു വർഷമായി പിഎസ്‌സി പരീക്ഷാപരിശീലന രംഗത്തു സജീവമാണ്. അച്ഛൻ രഘുനാഥൻ പിള്ളയും അമ്മ പ്രസന്നകുമാരിയും നല്ല പിന്തുണയാണ് നൽകിയത്. ആർമിയിൽ ജോലിചെയ്യുന്ന സഹോദരൻ രതീഷും പ്രോൽസാഹിപ്പിച്ചു. കോച്ചിങ് സ്ഥാപനങ്ങളിലൊന്നും പോയിട്ടില്ലെങ്കിലും കംബൈൻഡ് സ്റ്റഡിയിൽ സജീവമായിരുന്നു രഞ്ജിത്. തൊഴിൽവീഥിയാണ് പരീക്ഷാ പരിശീലനത്തിന് ഉപയോഗിച്ചിരുന്നത്.  

പ്ലസ്ടു പഠനത്തിനു ശേഷം ഒാട്ടമൊബീൽ എൻജിനീയറിങിൽ ഡിപ്ലോമയും നേടിയാണ് രഞ്ജിത്കുമാർ തൊഴിൽ തേടിയിറങ്ങിയത്. നാട്ടിൽ നിന്നിട്ട് വലിയ പ്രയോജനമില്ലെന്നു തോന്നിയപ്പോൾ ഗൾഫിലേക്കു വിമാനം കയറി. കുറച്ചുനാൾ അവിടെ ജോലി ചെയ്തപ്പോൾ  സർക്കാർ ജോലിയുടെ സുരക്ഷിതത്വം മനസിലാക്കി തിരികെ പോന്നു. 

അൽപം മനസുവച്ചാൽ ആർക്കും സ്വായത്തമാക്കാൻ കഴിയുന്നതേയുള്ളൂ സർക്കാർ ജോലി എന്നാണ് രഞ്ജിത്തിന്റെ പക്ഷം. അപേക്ഷകരുടെ എണ്ണം കണ്ടു പേടിക്കേണ്ട. 

അപേക്ഷിക്കുന്നവരിൽ പകുതിപേർപോലും പരീക്ഷയ്ക്കെത്താറില്ല. പരീക്ഷയ്ക്കെത്തുന്നവരിൽ വളരെ കുറച്ചുപേർ മാത്രമേ നന്നായി തയാറെടുത്ത് പരീക്ഷ എഴുതൂ. അതുകൊണ്ടുതന്നെ നമ്മുടെ സാധ്യതകൾക്ക് യാതൊരു കുറവും സംഭവിക്കില്ല– രഞ്ജിത് പറയുന്നു. വിവിധ വകുപ്പുകളിൽ എൽഡിസി (എറണാകുളം), ലാസ്റ്റ്  ഗ്രേഡ് സർവന്റ്സ് (തിരുവനന്തപുരം), വനം വകുപ്പിൽ ഡിപ്പോ വാച്ചർ (കോട്ടയം) എന്നീ റാങ്ക് ലിസ്റ്റുകളിലും ജയിൽ വാർഡൻ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ ഷോർട്ട് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ജോലിയിൽ പ്രവേശിച്ചാലും പിഎസ്‌സി പരീക്ഷാ പരിശീലനം തുടരാൻ തന്നെയാണ് രഞ്ജിത്കുമാറിന്റെ തീരുമാനം. 

 ‘‘ഒന്നാം റാങ്ക് നേട്ടത്തിന് പിന്നിൽ തൊഴിൽവീഥിയിലെ പരീക്ഷാ പരിശീലനം പ്രധാന പങ്കു വഹിച്ചു. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട ധാരാളം മാതൃകാ ചോദ്യങ്ങളും മുൻ പിഎസ്‌സി പരീക്ഷാ ചോദ്യങ്ങളും തൊഴിൽവീഥി പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം കൃത്യമായി പഠിച്ചു. മാതൃകാ പരീക്ഷകളും ബബിൾ ചെയ്തു പരിശീലിച്ചു. തൊഴിൽവീഥി  പ്രസിദ്ധീകരിച്ച പരീക്ഷാ പരിശീലന ഭാഗങ്ങളിൽ നിന്ന് ധാരാളം ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒന്നാം റാങ്ക് നേടാൻ ഇതും കാരണമായി’’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com