ADVERTISEMENT

പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് നേട്ടം ആദ്യമായല്ല ഷിബു ജോർജിനെ തേടിയെത്തുന്നത്.തൃശൂർ ജില്ലയിലെ എക്സൈസ് ഡ്രൈവർ റാങ്ക് ലിസ്റ്റിലെ ഒന്നാംസ്ഥാനത്തിനു ശേഷം ഷിബു വീണ്ടും എത്തിപ്പിടിച്ചിരിക്കുകയാണ് ആ നേട്ടം. ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരനായി.

പത്തോളം റാങ്ക് ലിസ്റ്റുകളിൽ തിളക്കമാർന്ന വിജയം കൈവരിച്ചിട്ടുണ്ട് ഷിബു. എൽഡി ക്ലാർക്ക്, സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, ഫയർമാൻ എന്നീ റാങ്ക് ലിസ്റ്റുകളിലും ലാസ്റ്റ് ഗ്രേഡ്, കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ്, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, മുൻസിപ്പൽ കോമൺ സർവീസിൽ ഡ്രൈവർ തസ്തികകളുടെ ഷോർട് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. 

ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്ററുടെ മുൻ റാങ്ക് ലിസ്റ്റിൽ 98–ാം റാങ്ക് ലഭിച്ചെങ്കിലും കൈയെത്തുംദൂരത്ത്  വഴുതിപ്പോയ നിയമനം  ഒന്നാം റാങ്കോടെ കൈയിലൊതുക്കി  ഷിബു.  ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ മലപ്പുറം അങ്ങാട‌ിപ്പുറത്തെ ഒാഫിസിൽ ജോലി ചെയ്യുകയാണിപ്പോൾ. 

തൃശൂർ തിരുവില്വാമല ക്രൈസ്റ്റ് ന്യൂലൈഫ് സ്കൂൾ ബസ് ഡ്രൈവറായിരുന്ന ഷിബു, ജോലിക്കിടെ ലഭിച്ചിരുന്ന ഇടവേളകളിൽ പഠിച്ചാണ് പിഎസ്‌സി ലിസ്റ്റുകളിൽ   കയറിപ്പറ്റിയത്.   കംബൈൻഡ് സ്റ്റഡിക്കൊപ്പം ചേലക്കര ബ്രില്യൻസ് കോളജിൽ കുറച്ചു നാൾ പരീക്ഷാ പരിശീലനം നടത്തിയിരുന്നു. പിഎസ്‌‌സി പരീക്ഷകളിലെ ഷിബുവിന്റെ മികച്ച നേട്ടത്തിനു പിന്നിൽ തൊഴിൽവീഥിയുമുണ്ട്.  

തിരുവില്വാമല കോട്ടുകണ്ടത്തിൽ വീട്ടിൽ കെ.വി. ജോർജിന്റെയും ഗ്രേസിയുടെയും മകനാണ്. ഒബ്ജക്ടീവ് പരീക്ഷയ്ക്ക് ലഭിച്ച 75.33 മാർക്കിനൊപ്പം ഡ്രൈവിങ് ടെസ്റ്റിന്റെ 30, എൻസിസി വെയിറ്റേജായ 1.86 എന്നിവ ചേർത്ത് 107.19 മാർക്കാണ് ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ റാങ്ക് ലിസ്റ്റിൽ ഷിബു നേടിയത്.  ഈ ലിസ്റ്റിൽ നിന്ന് ഉടൻ നിയമനശുപാർശ ലഭിക്കുമെങ്കിലും ജോലിയിൽ പ്രവേശിക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. ബിരുദനിലവാരത്തിലുള്ള ഏതെങ്കിലും പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തുകയാണ് ഈ ബികോം ബിരുദധാരിയുടെ ലക്ഷ്യം.   ജോലിത്തിരക്കിനിടെ ലഭിക്കുന്ന സമയത്ത് ഇതിനായുള്ള പരിശ്രമം തുടരുകയാണ്.

Content Summary: Kerala PSC Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com