sections
MORE

രണ്ടുകാലുമില്ലാത്ത ഷിയ ബോയു 69–ാം വയസ്സിൽ എവറസ്റ്റ് കാൽക്കീഴിലാക്കിയതെങ്ങനെ?

xia-boyu
SHARE

2018 മേയ് 14, ഒരു സംഘം സാഹസികർ എവറസ്റ്റ് കൊടുമുടിക്കു മുകളിലെത്തി. അതിദുർഘട പാതകളിലൂടെ അവർ ആ നേട്ടം സ്വന്തമാക്കിയപ്പോൾ കൂട്ടത്തിലെ വയോധികനായ ഷിയ കൊച്ചുകുട്ടിയെപ്പോലെ ഉറക്കെക്കരഞ്ഞു.‘ഒടുവിൽ ഞാനതു സാധ്യമാക്കി’ എന്നു പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറി. 43 വർഷം അയാൾ കൂടെ കൊണ്ടുനടന്ന സ്വപ്നത്തിന്റെ പൂർത്തീകരണമാണ് അന്നു നടന്നത്.

1975ൽ ആണു ചൈനക്കാരനായ ഷിയ ബോയു എവറസ്റ്റ് കീഴടക്കാൻ ആദ്യമായി ശ്രമിച്ചത്. പരിശ്രമം വിഫലമായി എന്നുമാത്രമല്ല, ആ യാത്രയിൽ അയാൾക്ക് ഒരുകാൽ നഷ്ടമാവുക കൂടി ചെയ്തു. തോൽക്കാൻ ഒരുക്കമല്ലാതിരുന്ന ഷിയ പൊയ്ക്കാലിന്റെ സഹായത്തോടെ വീണ്ടും ശ്രമിച്ചു. എന്നാൽ വിധി കാൻസർ രൂപത്തിൽ ക്രൂരത കാട്ടി. വലതു കാൽ കൂടി മുറിച്ചു മാറ്റേണ്ടി വന്നു. ഇരുകാലുകളുമില്ലാത്തവന് എങ്ങനെ കൊടുമുടി സ്വപ്നം കാണാനാകും. എങ്കിലും ഷിയ ബോയു ആ സ്വപ്നം കണ്ടു. അയാൾക്കു മുന്നിൽ ഒടുക്കം എവറസ്റ്റിനു മുട്ടുമടക്കേണ്ടി വന്നു.

ചൈനയിലെ ക്വിൻഗ്വായി. 1974 ഡിസംബർ, അന്നു ഷിയ ബോയുവിനു പ്രായം 25. മൈതാനത്തു ഫുട്ബോൾ കളിക്കുകയാണ്. കൂട്ടത്തിലെ സ്റ്റാർ പ്ലേയറാണു ഷിയ. തിരിച്ചു പോകുമ്പോഴാണ് എവറസ്റ്റ് കൊടുമുടി കയറാൻ താൽപര്യമുള്ളവർക്കായി ചൈനാ മൗണ്ടനീയറിങ് അസോസിയേഷൻ അവസരമൊരുക്കുന്നുവെന്നു കൂട്ടുകാരൻ പറയുന്നത്. എവറസ്റ്റ് കീഴടക്കുക എന്നതായിരുന്നില്ല അന്നു ഷിയയെ ആകർഷിച്ചത്. അപേക്ഷിക്കുന്നവർക്കു സൗജന്യ മെ‍ഡിക്കൽ ചെക്കപ്പുണ്ട്. 

ഷിയയും അപേക്ഷിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ തിരഞ്ഞെടുക്കപ്പെട്ടു. വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെ ഷിയ സാഹസിക സംഘത്തിനൊപ്പം ചേർന്നു.1975 ജനുവരിയിൽ സംഘം പുറപ്പെട്ടു. യാത്രാ മധ്യേ മഞ്ഞു വീഴ്ച ഭീകരമായി. വഴിയിൽ ഒരിടത്തു വച്ചു കൂട്ടത്തിൽ ഒരാളുടെ സ്ലീപ്പിങ് ബാഗ് നഷ്ടമായി.അടുത്ത ദിവസം തണുപ്പ് ആ സുഹ‍‍ൃത്തിനെ രോഗിയാക്കി. അനുകമ്പ തോന്നിയ ഷിയ തന്റെ സ്ലീപ്പിങ് ബാഗ് അയാൾക്കു നൽകി.

കാറ്റും മഞ്ഞുവീഴ്ചയും നിനച്ചിരിക്കാതെയാണു കൂടിയത്. ആ രാത്രി സുരക്ഷിതമായൊരിടത്തു ടെന്റടിക്കുക മാത്രമായിരുന്നു സംഘത്തിനു മുന്നിൽ മാർഗം. പിറ്റേന്ന് ഉറക്കമുണർന്ന ഷിയയുടെ ഇടതുകാൽ മരച്ചിരിക്കുന്നു. മഞ്ഞുവീഴ്ച കൂടുകയാണ്. യാത്ര മുടങ്ങി. സംഘം തിരിച്ചിറങ്ങി. പക്ഷേ, ഏറനേരം കഴിഞ്ഞിട്ടും ഷിയയുടെ ഇടതു കാൽ ചലിച്ചില്ല. തിരിച്ചെത്തി ഷിയ ആശുപത്രിയിലായി. രണ്ടുമാസം ഡോക്ടർമാർ പരിശ്രമിച്ചു. പക്ഷേ, ആ കാൽ മുറിച്ചു മാറ്റേണ്ടി വന്നു.

കാൽ മുറിച്ചുമാറ്റിയത് ആ ചെറുപ്പക്കാരന് ആദ്യമൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല. ദിവസങ്ങളോളം ആശുപത്രിക്കിടക്കയിൽ അയാൾ കരഞ്ഞുറങ്ങി. വേദന പതിയെ വാശിയായി. ഫുട്ബോൾ താരമാവുക എന്ന സ്വപ്നത്തെ ഇല്ലാതാക്കിയ എവറസ്റ്റ്, എത്രകാലം കഴിഞ്ഞായാലും താൻ കീഴടക്കും എന്ന പ്രതിജ്ഞ അവിടെ വച്ചാണു ഷിയ എടുക്കുന്നത്. നഷ്ടപ്പെട്ട കാലിന്റെ സ്ഥാനത്തു പൊയ്ക്കാലുമായി അയാൾ നടക്കാൻ പരിശീലിച്ചു. ചെറിയ മലകളും കുന്നുകളും കയറിത്തുടങ്ങി. ചുമലിൽ വലിയ ഭാരവും കെട്ടി മണിക്കൂറുകളോളം  പരിശീലനം നടത്തി. 

ഒടുവിൽ എവറസ്റ്റ് കീഴടക്കാൻ സജ്ജമായി. എന്നാൽ വിധി വീണ്ടും വേട്ടയാടി. ലിംഫോമ എന്ന കാൻസറിന്റെ രൂപത്തിൽ. വലതു കാൽ മുറിക്കുക എന്നതായിരുന്നു ഡോക്ടറുടെ മുന്നിൽ പോംവഴി.എവറസ്റ്റിനെ കീഴടക്കാൻ ശ്രമിച്ചവനു കാലുകൾ രണ്ടും നഷ്ടമായി. ഇരുകാലുകളും ഇല്ലാത്ത ഒരാൾ ‌എങ്ങനെ എവറസ്റ്റ് കീഴടക്കും. പക്ഷേ, തോൽക്കാൻ ഷിയ തയാറായില്ല. 

ഇരുകാലുകളുടെയും സ്ഥാനത്തു പൊയ്ക്കാലുകൾ പിടിപ്പിച്ചു ശ്രമം തുടങ്ങി. വീണു വീണു കാലുകൾ ശരീരത്തിനു പരിചിതമായി. മുറിവിൽ നിന്നു രക്തം വാർന്നപ്പോൾ വാശികൂടി. വർഷങ്ങളോളം പരിശീലിച്ചു. 2014ൽ  വീണ്ടും എവറസ്റ്റിനരികെയെത്തി. എന്നാൽ, കടുത്ത മഞ്ഞുവീഴ്ച വഴി തടഞ്ഞു. 

2015ലും 2016ലും ശ്രമം തുടർന്നെങ്കിലും സാഹചര്യങ്ങൾ വിലങ്ങായി. അപ്പോഴേക്കും അംഗപരിമിതരെയും അന്ധരെയും എവറസ്റ്റ്‌ കയറുന്നതിൽനിന്നു വിലക്കിക്കൊണ്ടു നേപ്പാൾ സർക്കാർ ഉത്തരവിറക്കി. തന്റെ സ്വപ്നം ഇവിടെ തീരുന്നുവെന്നു വേദനയോടെ ഷിയാ ഓർത്തു.  അധികം വൈകാതെ കോടതി വിലക്കുനീക്കി. 

അങ്ങനെ അഞ്ചാം തവണ ബോയു വീണ്ടുമെത്തി. ഇത്തവണ എവറസ്റ്റിനു ശിരസ്സു കുനിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം ഒരേയൊരു ലക്ഷ്യവുമായി ബോയു കാത്തിരുന്നത് 43 വർഷമാണ്. 1975ൽ തുടങ്ങിയ ശ്രമം 2018ൽ പൂർത്തിയാക്കിയപ്പോൾ ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ ലോകവും തലകുനിച്ചു.

Content Summary: Success Story Of Xia Boyu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA